ജിദ്ദയിൽ വീട് തകർന്ന് വീണു, 3 പേർ മരിച്ചു

ജിദ്ദയിൽ കാലപ്പഴക്കം ചെന്ന വീട് തകർന്ന് വീട്ടിലുണ്ടായിരുന്ന മൂന്ന് പേർ മരിക്കുകയും 12പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ ജിദ്ദയിലെ റുവൈസ് ഡിസ്ട്രിക്ടിലാണ് സംഭവം നടന്നത്. മൂന്ന് നില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നാണ് അപകടം ഉണ്ടായത്.

സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം ഏകദേശം രാത്രി 10.30 ഓടെയാണ് അപകട വിവരം ഏകീകൃത സുരക്ഷ ഓപ്പറേഷൻ സെന്ററിൽ അറിയുന്നതെന്ന് മക്ക സിവിൽ ഡിഫൻസ് മാധ്യമ വക്താവ് കേണൽ മുഹമ്മദ് ബിൻ ഉസ്മാൻ അൽഖറനി പറഞ്ഞു.തുടർന്ന് രക്ഷാപ്രവർത്തകരെത്തി തകർന്ന വീടിന്റെ അടിയിൽ കുടുങ്ങിയ 15 പേരെ പുറത്തെടുത്തുവെങ്കിലും മൂന്ന് പേർ മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്.