നിരാശ്രയരായ മലയാളികള്‍ക്ക് നിയമ പ്രതിനിധിയുടെ ഇടപെടല്‍ തുണയായി

ഷാര്‍ജ: ആശുപത്രി കിടക്കയില്‍ കണ്ടുമുട്ടി തലനാരിഴക്ക് മരണത്തില്‍ നിന്ന് രക്ഷപ്പെട്ട നിരാശ്രയരായ മലയാളികള്‍ക്ക് സലാം പാപ്പിനിശ്ശേരി തുണയായി. കാസര്‍കോട് കമ്പല്ലൂര്‍ സ്വദേശി പ്രജില്‍ കുമാര്‍ (37), വര്‍ക്കല സ്വദേശി അജീഷ് പുഷ്‌കരന്‍ (44) എന്നിവരാണ് സലാമിന്റെ സമയോചിത ഇടപെടലിലൂടെ പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്. യുഎഇയില്‍ ജോലി തേടി സന്ദര്‍ശക വിസയിലെത്തിയതാണ് ഇരുവരും. കൃത്യമായ ആഹാരവും താമസിക്കാനിടവുമില്ലാതെ ഇരുവരും ഷാര്‍ജയില്‍ കഴിയുകയായിരുന്നു. പ്രജില്‍ കുമാര്‍ വിഷാദ രോഗത്തിന് ചികിത്സയിലാണിപ്പോള്‍. എപ്പോഴും ആത്മഹത്യ ചെയ്യാനുള്ള തോന്നലിലാണ് ഈ യുവാവ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്. നേരത്തെ, നാട്ടില്‍ വെച്ചൊരു ശ്രമം നടത്തിയത് വീട്ടുകാര്‍ കണ്ടെത്തിയാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരി 19നാണ് പ്രജില്‍ ദുബൈയിലെത്തിയത്. നേരിയ തൊണ്ടവേദനയും ജലദോഷവും പിടിപെട്ടപ്പോള്‍ കോവിഡ് മഹാമാരിയാണെന്ന തോന്നലില്‍ ദേര നായിഫില്‍ താമസിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും മാര്‍ച്ച് നാലിന് താഴേക്ക് ചാടി മരിക്കാന്‍ ശ്രമം നടത്തി. ഉടന്‍ കൂടെ താമസിക്കുന്നവര്‍ പൊലീസില്‍ വിവരമറിയിച്ച് റാഷിദ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുടുംബത്തിന്റെ ഏകാശ്രയമാണ് പ്‌ളംബിംഗ്, ഇലക്ട്രിക് ജോലികളറിയാവുന്ന പ്രജില്‍. പ്രായമായ അച്ഛന്‍ ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന് കിടപ്പിലാണ്. അമ്മക്ക് കാഴ്ച ശക്തിയില്ല. ഭാര്യയും നാലു വയസ്സുള്ള മകനുമുണ്ട്. മാതാപിതാക്കള്‍ക്ക് മരുന്നിന് തന്നെ മാസം വലിയ തുക വേണമെന്ന് പ്രജില്‍ പറയുന്നു. രണ്ട് സഹോദരിമാര്‍ വിവാഹിതരാണ്. വീര്യം കൂടിയ മരുന്ന് കഴിക്കുന്നതിനാല്‍ പ്രജിലിന്റെ മുഖം വീര്‍ത്ത നിലയിലാണ്.
റാഷിദ് ആശുപത്രിയിലാണ് അടുത്ത ബെഡില്‍ കിടക്കുകയായിരുന്ന അജീഷ് പുഷ്‌കരനെ പ്രജില്‍ കണ്ടു മുട്ടിയത്. അജീഷിന്റെ കഥയാണെങ്കില്‍ പ്രജിലിനെക്കാള്‍ ദൈന്യത നിറഞ്ഞതും. ഒരു മാസത്തെ സന്ദര്‍ശക വിസയില്‍ 2019 ഒക്‌ടോബര്‍ അഞ്ചിനാണ് ദുബൈയിലെത്തിയത്. ഹെവി ഡ്രൈവിംഗ് ലൈസന്‍സടക്കം കൈവശമുള്ള അജീഷ് നേരത്തെ 15 വര്‍ഷത്തോളം യുഎഇയില്‍ ജോലി ചെയ്തിരുന്നു. അങ്ങനെയാണ് ദുബൈയിലുള്ള വെഞ്ഞാറമ്മൂട് സ്വദേശിയായ സുഹൃത്ത് ജോലിയുറപ്പ് നല്‍കിയതനുസരിച്ച് വീണ്ടുമെത്തിയത്. എന്നാല്‍, കൃത്യമായ ശമ്പളം കൊടുക്കാത്ത കമ്പനിയില്‍ ജോലിക്ക് നിര്‍ത്തി തന്നെ കുടുക്കാനായിരുന്നു സുഹൃത്ത് ശ്രമിച്ചതെന്ന് അജീഷ് പറയുന്നു. സുഹൃത്തിന് അതേ കമ്പനിയില്‍ നിന്ന് ജോലിനിര്‍ത്തി നാട്ടിലേക്ക് പോകണമായിരുന്നു. എന്നാല്‍, കമ്പനി നിര്‍ദേശിച്ചത് പകരമൊരാളെ നല്‍കാനായിരുന്നു. അങ്ങനെയാണ് അജീഷിന് ജോലി വാഗ്ദാനം നല്‍കി നാട്ടില്‍ നിന്നും കൊണ്ടു വന്നത്. കൃത്യമായ ശമ്പളം കിട്ടാത്ത കമ്പനിയാണെന്ന് സുഹൃത്ത് അജീഷിനോട് പറഞ്ഞിരുന്നുമില്ല. അജീഷ് എത്തിയ ഉടന്‍ സുഹൃത്ത് നാട്ടിലേക്ക് പോയി. കൃത്യ സമയത്ത് ശമ്പളം ആവശ്യപ്പെട്ട അജീഷിനെ കമ്പനി അധികൃതര്‍ ജോലിയില്‍ നിന്ന് ഒഴിവാക്കിയതോടൊപ്പം ക്യാമ്പില്‍ നിന്നും പുറത്താക്കുകയും ചെയ്തു. താമസിക്കാനിടവും ആഹാരവുമില്ലാത്ത അജീഷ് പെരുവഴിയിലായി. സോനാപൂരില്‍ വഴിവക്കില്‍ കിടന്നുറങ്ങിയ അജീഷിന്റെ പാസ്‌പോര്‍ട്ട്, മൊബൈല്‍ ഫോണ്‍, പഴ്‌സ്, വിരലിലണിഞ്ഞിരുന്ന രണ്ടര പവന്റെ വിവാഹ മോതിരം, ബാഗ് എന്നിവയെല്ലാം കളവുപോവുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതോടെ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലായി. പിന്നീട്, എങ്ങനെയെങ്കിലും നാട്ടിലെത്താനായി ശ്രമം. അതിനായി പൊലീസില്‍ പലപ്പോഴും പിടി കൊടുത്തെങ്കിലും സഹതാപം തോന്നിയതിനാല്‍ വിട്ടയക്കുകയായിരുന്നു. എത്താവുന്നിടത്തെല്ലാം അലഞ്ഞു നടന്ന അജീഷിനെ ഫുജൈറ പൊലീസ് ഒരുവട്ടം പിടിക്കുകയും അഞ്ചു മാസം ജയിലിലിടുകയും ചെയ്തു. എന്നിട്ടും നാട്ടിലേക്ക് പോകാന്‍ സാഹചര്യമൊത്തില്ലെന്നാണ് ഇയാള്‍ പറയുന്നത്. അതിനിടയില്‍ പലയിടങ്ങളിലും ചെറിയ ശമ്പളത്തില്‍ ഡ്രൈവര്‍ ജോലി ചെയ്‌തെങ്കിലും ജീവിതം മുന്നോട്ടുകൊണ്ടു പോകാന്‍ മാത്രം പര്യാപ്തമായ ജോലി കിട്ടിയില്ല. ദിവസങ്ങളോളം പട്ടിണി കിടന്നു. അതിനിടയിലാണ് അജീഷിന് ദുബൈയില്‍ വീണ് കാര്യമായി പരിക്കേറ്റത്. അങ്ങനെയാണ് റാഷിദ് ആശുപത്രിയില്‍ എത്തുന്നത്.
പ്രജിലിന് കൂട്ടായി അജീഷും രണ്ടു മാസത്തിലധികം അവിടെ കിടന്നു. ആറു മാസമായി നാട്ടിലേക്ക് ഫോണ്‍ വിളിച്ചിട്ട്. വീട്ടുകാരുടെ വിവരങ്ങള്‍ ഒന്നും അറിയാതെ ആകെ വിഷമത്തിലാണ് ഇയാള്‍. ഭാര്യയും രണ്ടു മക്കളുമുള്ള അജീഷിന്റെ പിതാവും വൃക്ക രോഗം ബാധിച്ച് ചികിത്സയിലാണ്. ഇരുവരുടെയും ദയനീയാവസ്ഥ മനസ്സിലാക്കിയ റാഷിദ് ആശുപത്രി അധികൃതര്‍ ഇവര്‍ക്ക് വേണ്ട ചികിത്സ പൂര്‍ണമായും സൗജന്യമായാണ് നല്‍കിയിരുന്നത്. പ്രജിലിന് രാത്രി ഉറക്കമില്ലാത്തതിനാല്‍ അജീഷ് ഉറങ്ങാതെ കൂട്ടിരിക്കുന്നു. ഇനിയും ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുമോ എന്ന ആശങ്കയിലായതിനാലാണ് ഉറങ്ങാതിരിക്കുന്നതെന്നാണ് അജീഷ് പറയുന്നത്. കൃത്യ സമയത്ത് മരുന്ന് നല്‍കുന്നതും പരിപാലിക്കുന്നതും അജീഷാണ്. എന്നാല്‍, എത്ര കാലമിങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന് ഇരുവര്‍ക്കും നിശ്ചയമില്ല. ജോലിചെയ്ത് കുടുംബം പോറ്റണമെന്നാണ് ആഗ്രഹം. അതിനായി ആരെങ്കിലും സഹായിക്കാനെത്തുമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി ഇവര്‍ക്ക് സഹായവുമായി രംഗത്തെത്തുന്നത്.
പ്രജിലിന്റെയും അജീഷിന്റെയും നിസഹായാവസ്ഥ മനസിലാക്കിയ സലാം ഉടന്‍ തന്നെ ദുബായ് റാഷിദിയ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച് ഇരുവരുടെയും പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. ശേഷം ഹോസ്പിറ്റലില്‍ നിന്ന് ഇദ്ദേഹം രണ്ടു പേരെയും ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കുകയും സ്വന്തം ചിലവില്‍ ഇവരെ ഷാര്‍ജയിലെ ഒരു ഹോട്ടലില്‍ താമസിപ്പിക്കുകയും ഭക്ഷണം വസ്ത്രം തുടങ്ങി ഇവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം തന്നെ ഒരുക്കുകയും ചെയ്തു. ശേഷം ഇദ്ദേഹം ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോകുന്നതിനായി ഔട്ട്പാസ് ലഭ്യമാകാന്‍ വേണ്ട താല്‍കാലിക പാസ്‌പോര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് തരപ്പെടുത്തി.
നിലവില്‍ അജീഷിന് കോണ്‍സുലേറ്റിന്റെ ഭാഗത്തു നിന്ന് എമര്‍ജന്‍സി പാസ്‌പോര്‍ട്ട് അനുവദിച്ചിട്ടുണ്ട്. എന്നാല്‍, പ്രജിലിന്റെ പേരില്‍ ആത്മഹത്യാ ശ്രമത്തിന് കേസുള്ളതിനാല്‍ ഇയാളുടെ പാസ്‌പോര്‍ട്ട് ഇപ്പോള്‍ ദുബൈ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. അത് തിരിച്ചെടുക്കാനുള്ള അതീവ ശ്രമത്തിലാണ് സലാം പാപ്പിനിശ്ശേരിയും കൂട്ടരും. ഉടന്‍ തന്നെ ഇയാളുടെ പാസ്‌പോര്‍ട്ടിന്റെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കി ഇരുവരെയും നാട്ടിലേക്ക് കയറ്റി വിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സലാം വ്യക്തമാക്കി.