നിയമ സഹായം തുണയായി; അജീഷ് നാടണഞ്ഞു

അജീഷിന് സലാം പാപ്പിനിശ്ശേരി ടിക്കറ്റ് നല്‍കുന്നു

ഷാര്‍ജ: സുഹൃത്തിന്റെ ചതിയില്‍ പെട്ട് യുഎഇയില്‍ കുടുങ്ങിപ്പോയ മലയാളി യുവാവ് നാടണഞ്ഞു. വര്‍ക്കല സ്വദേശി അജീഷ് പുഷ്‌കരന്‍ (44) ആണ് ഗ്‌ളോബല്‍ പ്രവാസി അസോസിയേഷന്റെ (ജിപിഎ) സമയോചിത ഇടപെടലിനെ തുടര്‍ന്ന് നാട്ടിലെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 8 മണിക്ക് ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചതെന്ന് സാമൂഹിക പ്രവര്‍ത്തകനും ജിപിഎ ചെയര്‍മാനുമായ സലാം പാപ്പിനിശ്ശേരി അറിയിച്ചു.
2019 ഒക്‌ടോബര്‍ 5ന് യുഎഇയില്‍ ജോലി തേടി സന്ദര്‍ശക വിസയിലെത്തിയതാണ് അജീഷ്. ദുബൈയിലെത്തിയ അജീഷിനെ സുഹൃത്ത്ചതിയില്‍ പെടുത്തുകയായിരുന്നു. കൃത്യമായ ശമ്പളം കൊടുക്കാത്ത കമ്പനിയില്‍ നിന്നും രക്ഷപ്പെടാന്‍ മറ്റൊരാളെ പകരം നല്‍കണമെന്നകമ്പനിയുടെ ആവശ്യത്തെ തുടര്‍ന്ന് ഇയാള്‍ അജീഷിനെ ജോലി വാഗ്ദാനം നല്‍കി നാട്ടില്‍ നിന്നും വിളിച്ചു വരുത്തുകയായിരുന്നു. എന്നാല്‍, അജീഷ് യുഎഇയില്‍ എത്തിയ ഉടന്‍ ഇയാള്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
സുഹൃത്തിന്റെ കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ച അജീഷ് കൃത്യ സമയത്ത് ശമ്പളം ആവശ്യപ്പെട്ടപ്പോള്‍ കമ്പനി അധികൃതര്‍ ജോലിയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ക്യാമ്പില്‍ നിന്നും പുറത്തായി. ശേഷം പെരുവഴിയില്‍ ജീവിതം തള്ളി നീക്കിയ അജീഷിന്റെ പാസ്‌പോര്‍ട്ട്, മൊബൈല്‍ ഫോണ്‍, പഴ്‌സ്, വിരലിലണിഞ്ഞിരുന്ന രണ്ടര പവന്റെ വിവാഹ മോതിരം, ബാഗ് എന്നിവയെല്ലാം കളവു പോവുകയും ചെയ്തു. തെരുവില്‍ അലഞ്ഞു തിരിഞ്ഞ അജീഷ് നാട്ടിലെത്താന്‍ പലപ്പോഴായി പൊലീസില്‍ പിടി കൊടുക്കുകയും 5 മാസം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. എന്നാല്‍, നാട്ടിലേക്ക് പോകാന്‍ മാത്രം സാധിച്ചില്ല. അങ്ങനെയിരിക്കെയാണ് ദുബൈയില്‍ കാര്യമായ പരിക്കേറ്റ് റാഷിദിയ ഹോസ്പിറ്റലില്‍ എത്തിയത്. അജീഷിന്റെ അവസ്ഥ മനസ്സിലാക്കിയ ആശുപത്രി അധികൃതര്‍ ചികിത്സകളെല്ലാം തന്നെ സൗജന്യമായി നല്‍കി. ഇനി മുന്നോട്ട് എന്ത് ചെയ്യുമെന്ന ചോദ്യമുയര്‍ത്തി പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് അജീഷിന് സഹായവുമായി ജിപിഎ രംഗത്തെത്തുന്നത്.
അജീഷിന്റെ നിസ്സഹായാവസ്ഥയറിഞ്ഞ സലാം പാപ്പിനിശ്ശേരിയും ജിപിഎ ഭാരവാഹികളായ കെ.ടി.പി ഇബ്രാഹിം, അഡ്വ.ശങ്കര്‍ നാരായണന്‍, ഫര്‍സാന ജബ്ബാര്‍, മന്‍സൂര്‍ ഇ.എം അഴീക്കോട്, മുന്‍ദിര്‍ കല്‍പകഞ്ചേരി, യഹ്‌യ കണ്ണൂര്‍ തുടങ്ങിയവര്‍ ഉടന്‍ തന്നെ റാഷിദിയ ഹോസ്പിറ്റലില്‍ സന്ദര്‍ശിച്ച് ഇദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. ശേഷം, അജീഷിനെ ഡിസ്ചാര്‍ജ് ചെയ്യിക്കുകയും സ്വന്തം ചെലവില്‍ ഷാര്‍ജയിലെ ഒരു ഹോട്ടലില്‍ താമസിപ്പിക്കുകയും ഭക്ഷണം, വസ്ത്രം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന്, ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോകാന്‍ ഔട്പാസ് ലഭ്യമാവാന്‍ താത്കാലിക പാസ്‌പോര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് തരപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റും അജീഷിന് നല്‍കി.