അവസാന ഐസൊലേഷന്‍ സെന്റര്‍ പ്രവര്‍ത്തനവും വിജയകരമായി പൂര്‍ത്തീകരിച്ച് അജ്മാന്‍

അജ്മാന്‍ കെഎംസിസി, മെട്രോ മെഡിക്കല്‍ സെന്റര്‍ സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യ മന്ത്രാലയം നേതൃത്വത്തില്‍ നാലു മാസമായി പ്രവര്‍ത്തിച്ചു വന്ന ഐസൊലേഷന്‍ സെന്റര്‍ അവസാന രോഗിയെയും ഡിസ്ചാര്‍ജ് ചെയ്ത് കഴിഞ്ഞ ദിവസം പ്രവര്‍ത്തനം അവസാനിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍

അജ്മാന്‍: അജ്മാന്റെ മണ്ണില്‍ നിന്നും അവസാനത്തെ കൊറോണ വൈറസിനെയും പിഴുതെറിയാനുള്ള പോരാട്ടത്തിന്റെ ഭാഗമായി അജ്മാന്‍ കെഎംസിസിയുടെയും മെട്രോ മെഡിക്കല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യ മന്ത്രാലയം നേതൃത്വത്തില്‍ കഴിഞ്ഞ നാലു മാസമായി പ്രവര്‍ത്തിച്ചു വരുന്ന ഐസൊലേഷന്‍ സെന്റര്‍ കഴിഞ്ഞ ദിവസം രാവിലെ അവസാന രോഗിയെയും ഡിസ്ചാര്‍ജ് ചെയ്ത് പ്രവര്‍ത്തനം അവസാനിപ്പിച്ചു. അജ്മാന്‍ പൊലീസ് മേധാവി ബ്രിഗേഡിയര്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍നുഐമി, ആരോഗ്യ മന്ത്രാലയ മേധാവി ഹമദ് തര്‍യം അല്‍ഷംസി, അബ്ദുല്‍ അസീസ് അല്‍വഹീദി, യുഎഇ കെഎംസിസി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, നെസ്റ്റോ ഗ്രൂപ് എംഡി സിദ്ദിഖ്, അജ്മാന്‍ കെഎംസിസി പ്രസിഡന്റ് സൂപ്പി പാതിരിപ്പറ്റ, മെട്രോ മെഡിക്കല്‍ സെന്റര്‍ എംഡി ഡോ. ജമാല്‍, ഡോ. അഹ്മദ് അല്‍ഹമ്മാദി, ഡോ. വലീദ്, ഡോ. ജോര്‍ജ്, അബ്ദുല്‍ വാരിസ് കല്ലാട്ട്, കെഎംസിസി ആക്ടിംഗ് സെക്രട്ടറി ഇബ്രാഹിംകുട്ടി കിഴിഞ്ഞാലില്‍, ട്രഷറര്‍ സാലിഹ് സി.എച്ച്, ഓര്‍ഗ.സെക്രട്ടറി ഫൈസല്‍ കരീം എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ നാലു മാസമായി നിരന്തര സേവനമനുഷ്ഠിച്ച എല്ലാവരെയും പ്രത്യേകമായി സമരിക്കുകയും അഭിനന്ദിക്കുകയും വരുംദിവസങ്ങളിലെ കരുതലോടു കൂടിയുള്ള സമീപനത്തിന്റെ ആവശ്യകതയെ കുറിച്ച് പ്രത്യേകമായി ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി.
ഐസൊലെഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റാഫിനും വളണ്ടിയര്‍മാര്‍ക്കും ഹമദ് തര്‍യം അല്‍ഷംസി മെമെന്റോ സമര്‍പ്പിച്ചു.