മഹാമാരിയില്‍ കൈത്താങ്ങായി മലയാളി ഡോക്ടര്‍മാരുടെ സംഘടന

ഷാര്‍ജ: യുഎഇയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജി, പ്രവാസി ഇന്ത്യക്കാരില്‍ നാട്ടിലേക്ക് പോകാന്‍ വഴി കാണാതെ ബുദ്ധിമുട്ടിയവരില്‍, 100 പേര്‍ക്ക് ഇതിനോടകം വിമാന ടിക്കറ്റുകള്‍ നല്‍കി.
യുഎഇയിലെ ഇന്ത്യന്‍ എംബസി, സന്നദ്ധ സംഘടനകള്‍, മാധ്യമങ്ങള്‍, റേഡിയോ ചാനലുകള്‍ എന്നിവര്‍ നിര്‍ദേശിച്ച, സാമ്പത്തികമായും ആരോഗ്യ പ്രശ്‌നങ്ങളാലും ബുദ്ധിമുട്ടിയ അര്‍ഹര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.
യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തില്‍ കോവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ പ്രവാസി സമൂഹത്തിന് സഹായ ഹസ്തവുമായി എകെഎംജി ഒപ്പമുണ്ട്. ഡോക്ടര്‍മാര്‍ എന്ന നിലയില്‍ സംഘടനയിലെ അംഗങ്ങള്‍ രോഗബാധിതര്‍ക്ക് നേരിട്ട് നല്‍കുന്ന സേവനങ്ങള്‍ക്ക് പുറമെ, നോര്‍കയും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവും കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലും തുടക്കം മുതലേ സജീവമാണ് എകെഎംജി.
കേരള സര്‍ക്കാര്‍ സംരംഭമായ നോര്‍ക റൂട്‌സുമായി സഹകരിച്ച് എകെഎംജി നടത്തിയ ടെലി കൗണ്‍സലിംഗ് ഇതിനോടകം തന്നെ നൂറു കണക്കിന് പ്രവാസികള്‍ക്ക് സഹായകരമായിട്ടുണ്ട്. ആരോഗ്യപരമായ ആശങ്കകള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദേശിച്ച് യുഎഇയിലെ വിവിധ മെഡിക്കല്‍ വിഭാഗങ്ങളിലെ വിദഗ്ധ മലയാളി ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ആശ്വാസമേകി. യുഎഇയിലെ അനേകം സന്നദ്ധ സാമൂഹിക സംഘടനകളുമായി സഹകരിച്ചും കോവിഡ് ദുരിതം നേരിടുന്നവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കാന്‍ എകെഎംജിയുടെ ഒരു ടീം തന്നെ പ്രവര്‍ത്തിച്ചു.
ഓര്‍ക്കാപ്പുറത്ത് ജോലി നഷ്ടപ്പെട്ടവര്‍, ടെസ്റ്റ് പോസിറ്റീവ് ആയി ഭീതി ബാധിച്ചവര്‍, അപരിചിതമായ ക്വറന്റീന്‍ സെന്ററുകളില്‍ എത്തിയവര്‍, ആശങ്കയും ഭയവും നിരാശയും ബാധിച്ചവര്‍, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നവര്‍, പതിവായി കഴിക്കുന്ന മരുന്നുകള്‍ കിട്ടാന്‍ മാര്‍ഗം കാണാതെ അങ്കലാപ്പിലായവര്‍ എന്നിവര്‍ക്ക് തുണയായി ഒരു മഹാമാരിയുടെ ദുരിത മേഖലയില്‍ രാപകലില്ലാതെ ഓടി നടക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം എകെഎംജി എന്ന സംഘടനയും അംഗങ്ങളും തുടക്കം മുതലേയുണ്ട്.
ഏകദേശം 17 വര്‍ഷം മുന്‍പ് പത്മശ്രീ ഡോ. ആസാദ് മൂപ്പനടക്കം ഒരു കൂട്ടം സീനിയര്‍ ഡോക്ടര്‍മാരാണ് അമേരിക്കയിലെ എകെഎംജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് യുഎഇയില്‍ എകെഎംജിക്ക് രൂപം കൊടുത്തത്.
തുടക്കത്തില്‍ വെറും 300 അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന, ഐബിപിസി ഷാര്‍ജയുടെ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനയില്‍ സ്‌പെഷ്യാലിറ്റി, സൂപര്‍ സ്‌പെഷ്യാലിറ്റി, ദന്ത വിഭാഗം തുടങ്ങി ആതുര ശുശ്രൂഷാ രംഗത്തെ വിവിധ വിദഗ്ധര്‍ അടക്കം 1,500ലധികം അംഗങ്ങള്‍ ഇപ്പോഴുണ്ട്. പതിവായി നടത്തുന്ന തുടര്‍ വിദ്യഭ്യാസ പരിപാടിയിലൂടെ ആരോഗ്യ രംഗത്തെ നൂതന ചികിത്സാ രീതികളെ മെംബര്‍മാര്‍ക്ക് പരിചയപ്പെടുത്തുകയെന്നത് അസോസിയേഷന്‍ അതിന്റെ ചുമതലയായി ഏറ്റെടുത്തിട്ടുണ്ട്. അംഗങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതും കായിക ക്ഷമത വര്‍ധിപ്പിക്കുന്നതും ലക്ഷ്യം വെച്ച് കായിക പരിപാടികള്‍ സംഘടിപ്പിക്കുന്നതും അസോസിയേഷന്റെ പതിവ് പ്രവര്‍ത്തനങ്ങളില്‍ പെടുന്നു.
——————–