കോവിഡ് ബാധിച്ച് ദുബൈയില്‍ മരിച്ച അടാട്ട് സ്വദേശി ശിവദാസന്റെ കുടുംബത്തിന് അപ്നയുടെ കൈത്താങ്ങ്

കോവിഡ് 19 ബാധിച്ച് മരിച്ച പുറനാട്ടുകര സ്വദേശി ശിവദാസന്റെ കുടുംബത്തിന് യുഎഇയിലെ അടാട്ട് പഞ്ചായത്ത് എന്‍ആര്‍ഐ അസോസിയേഷന്റെ സാമ്പത്തിക സഹായം അനില്‍ അക്കര എംഎല്‍എ നല്‍കുന്നു

അടാട്ട്/ദുബൈ: കോവിഡ്19 ബാധിച്ച് ദുബൈയില്‍ മരിച്ച അടാട്ട് പഞ്ചായത്ത് പുറനാട്ടുകര സ്വദേശി മഠത്തിപറമ്പില്‍ ശിവദാസന്റെ കുടുംബത്തിന് യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ അടാട്ട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ അപ്നയുടെ (അടാട്ട് പഞ്ചായത്ത് എന്‍ആര്‍ഐ അസോസിയേഷന്‍) സാമ്പത്തിക സഹായം വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയില്‍ നിന്ന് ശിവദാസന്റെ ഭാര്യ സുരജ ഏറ്റുവാങ്ങി. തദവസരത്തില്‍ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയചന്ദ്രന്‍, അപ്ന രക്ഷാധികാരി സുഭാഷ് ചന്ദ്രബോസ്, ജന.സെക്രട്ടറി കൃഷ്ണദാസ് മോനോന്‍, പുറനാട്ടുകര സോണ്‍ കോഓര്‍ഡിനേറ്റര്‍ ഫ്രാന്‍സിസ് മുതുവറ, സോണ്‍ കോഓര്‍ഡിനേറ്റര്‍ അശോകന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി ദുബൈയില്‍ ഒരു നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു ശിവദാസന്‍. കോവിഡ് 19 വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലാണ് ശിവദാസന് അസുഖം ബാധിച്ചത്. തുടര്‍ന്ന്, ദുബൈയിലെ അല്‍റാഷിദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. യുഎഇയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം മൃതദേഹം ദുബൈയില്‍ തന്നെ സംസ്‌കരിച്ചു. ഏഴും അഞ്ചും വയസ് പ്രായമുള്ള ശിവദാസന്റെ രണ്ടു പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപകരിക്കും വിധത്തില്‍ 50,000 രൂപ കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിച്ച സര്‍ട്ടിഫിക്കറ്റ് ആണ് സുരജക്ക് കൈമാറിയതെന്ന് അപ്ന പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ പാറമേല്‍ അറിയിച്ചു.