ദുബൈ: ഇന്ത്യന്‍ ചലച്ചിത്ര സംഗീത സൗരയൂഥത്തിലെ സൂര്യ നായിരുന്നു മുഹമ്മദ് റാഫിയെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു. ചിരന്തന സംഘടിപ്പിച്ച റാഫി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറായിരത്തിലധികം ഗാനങ്ങള്‍ പാടി റെക്കോര്‍ഡ് ചെയ്തെന്നത് മാത്രമല്ല റാഫിയെ സര്‍വാദരണീയനാക്കിയത്. ആ കണ്ഠത്തില് നിന്നുതിര്‍ന്ന ഓരോ ഗാനങ്ങളും നിത്യ വിസ്മയങ്ങളായിരുന്നു. ‘1948 ബാപ്പുജി കി അമര്‍ കഹാനി’ അടക്കമുള്ള ഗാനങ്ങള്‍ ഇന്നും ആസ്വാദക ലോകം നെഞ്ചേറ്റി ലാളിക്കുന്നതോടൊപ്പം പുതുതലമുറയുടെ ചുണ്ടുകളില്‍ പോലും തത്തിക്കളിക്കുന്നതാണ്. യുഎഇയിലെ ജൂനിയര്‍ റാഫി എന്നറിയപ്പെടുന്ന ഷെഫീഖ് കണ്ണൂര്‍, ഗായകന് റാഫി എന്നിവര്‍ 2 മണിക്കൂര്‍ ഫേസ്ബുക് ലൈവായി റാഫി ഗാനങ്ങള്‍ കൊണ്ട് അദ്ദേഹത്തെ അനുസ്മരിച്ചു. ആയിരത്തോളം പേര് ലൈവ് അനുസ്മരണത്തിന് സാക്ഷികളായി. യുഎഇ ഗവണ്മെന്റ് നിയമങ്ങള്‍ പാലിച്ചായിരുന്നു പരിപാടി. ചിരന്തന ഇത്തരമൊരു അനുസ്മരണ പരിപാടി ഒരുക്കിയത് ഇതാദ്യമായിട്ടായിരുന്നു. ചിരന്തന വൈസ് പ്രസിഡണ്ട് സി.പി ജലീല്‍ സ്വാഗതവും ട്രഷറര്‍ ടി.പി അശ്റഫ് നന്ദിയും പറഞ്ഞു.