വിമാന ദുരന്തത്തില്‍ അനുശോചനം; രക്ഷാപ്രവര്‍ത്തനം അഭിനന്ദനീയം

അബുദാബി: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അബുദാബി-തവനൂര്‍ മണ്ഡലം കെഎംസിസി അനുശോചിച്ചു. മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കു ചേരുചെയ്യുന്നതായും അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. അപ്രതീക്ഷിത ദുരന്തത്തില്‍ പ്രതികൂല കാലാവസ്ഥയും കൊറോണ സാഹചര്യവും വക വെക്കാതെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ദുരന്തത്തിന്റെ വ്യാപ്തി കുറക്കാന്‍ മുന്നിട്ടിറങ്ങിയ പ്രദേശ വാസികളെ പ്രത്യേകം അഭിനന്ദിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കടുത്ത നിയന്ത്രണങ്ങളൊന്നും വക വെക്കാതെ ദുരന്ത മുഖത്തേക്ക് ഓടിയെത്തിയ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സ്ഥലം എംഎല്‍എ ടി.വി ഇബ്രാഹിം, എംപിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍,
എം.കെ രാഘവന്‍, പി.വി അബ്ദുല്‍ വഹാബ്,
മറ്റു എംപിമാര്‍, എംഎല്‍എമാര്‍, യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ നന്മ നിറഞ്ഞ നാട്ടുകാര്‍ തുടങ്ങി മുഴുവനാളുകളെയും അഭിനന്ദിക്കുന്നതായും പ്രസ്താവന വ്യക്തമാക്കി. മണ്ഡലത്തിന് കീഴില്‍ ഈയാഴ്ച നടത്താനുദ്ദേശിച്ചിരുന്ന ശിഹാബ് തങ്ങള്‍ അനുസ്മരണ ഓണ്‍ലൈന വാരാചരണം പ്രോഗ്രാം അടുത്ത ആഴ്ചയിലേക്ക് മാറ്റി വെച്ചതായും ഭാരവാഹികള്‍ വെളിപ്പെടുത്തി.