കരിപ്പൂര്‍ വിമാന ദുരന്തം: ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി അനുശോചിച്ചു

70

ദുബൈ: ലോകത്തെ മുഴുവന്‍ മാസങ്ങളോളം പകച്ചു നിര്‍ത്തിയ കൊറോണ കേരളത്തില്‍ അതീവ ഭീതിജനകമായ രീതിയില്‍ പടര്‍ന്നു പിടിക്കുമ്പോള്‍, മറ്റൊരു പ്രളയത്തിന് സമാനമായ രീതിയില്‍ നമ്മുടെ നാട് കാലവര്‍ഷക്കെടുതിയില്‍ നട്ടം തിരിയുന്നതിനിടയില്‍ കടന്നു വന്ന 18 പേരുടെ മരണത്തിനിടയാക്കിയ കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ ദുബൈ മലപ്പുറം ജില്ലാ കെഎംസിസി നടുക്കവും ദുഖ:വും രേഖപ്പെടുത്തി.
ജോലി നഷ്ടപ്പെട്ടവര്‍, വിസിറ്റിംഗ് വിസയിലെത്തി ജോലി ലഭ്യമാവാതെ കാലാവധി കഴിഞ്ഞവര്‍, ഏറെ കാലമായി നാടണയാന്‍ സാധിക്കാത്തവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ അങ്ങനെ ഏറെ പ്രാരബ്ധങ്ങളുടെ ഭാണ്ഡം പേറിയവരാണ് കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്ന് പുറപ്പെട്ട കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് വന്ദേ ഭാരത് മിഷന്‍ സംവിധാനത്തിലുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് ഫ്‌ളൈറ്റില്‍ ഉണ്ടായിരുന്നത്. പിറന്ന നാടിന്റെ ഗൃഹാതുരത്വം മാറോടണക്കാനുള്ള അടങ്ങാത്ത ആഗ്രഹവുമായി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാല്‍ ക്വാറന്റീന്‍ സംബന്ധമായ ആവലാതികളുമായി കരിപ്പൂരില്‍ പറന്നിറങ്ങുന്നതിനിടയില്‍ നടന്ന ദാരുണമായ ദുരന്തം പ്രവാസി സമൂഹത്തെ അങ്ങേയറ്റം ദുഖ:ത്തിലാഴ്ത്തിയിരിക്കുകയാണ്. വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുന്നു.
ദുരന്തം അറിഞ്ഞയുടനെ ഓടിയെത്തിയ ജനപ്രതിനിധികള്‍, മരണത്തിന്റെ എണ്ണം കുറച്ച് ഗവണ്‍മെന്റ് സംവിധാനത്തോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കൊണ്ടോട്ടിയിലെ മനുഷ്യ സ്‌നേഹികള്‍, ഒപ്പം ദുരന്തമുഖത്ത് നിന്നും ആശുപത്രികളില്‍ നിന്നുമായി പ്രവാസികള്‍ക്കായി അപ്പപ്പോള്‍ വിവരങ്ങള്‍ അറിയിച്ചു കൊണ്ടിരുന്ന ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി ജൗഹര്‍ മൊറയൂര്‍, വേങ്ങര മണ്ഡലം പ്രസിഡന്റ് ആവയില്‍ അസീസ് ഹാജി, വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് കെ.കോയ വള്ളിക്കുന്ന്, കൊണ്ടോട്ടി മണ്ഡലം ജന.സെക്രട്ടറി മുഷ്താഖ് എന്നിവരടക്കമുള്ള കെഎംസിസി നേതാക്കളോടും ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി ഹൃദയത്തോടു ചേര്‍ത്തുവെച്ച് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.