ജിസിസി നാടുകളില്‍ കൊറോണ ബാധിതര്‍ 6.81 ലക്ഷം; സഊദിയില്‍ മൂന്നു ലക്ഷത്തിലേക്ക്

ഓഗസ്ത് 15 വരെ ആകെ മരണം 5,151

റസാഖ് ഒരുമനയൂര്‍
അബുദാബി: ഗള്‍ഫ് നാടുകളില്‍ കൊറോണ ബാധിതരുടെ എണ്ണം 6.81 ലക്ഷം കടന്നു. ഓഗസ്ത് 15 വരെയുള്ള കണക്കനുസരിച്ച് 681,349 പേരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിനകം കോവിഡ് 19 ബാധിതരായത്. ആറു ഗള്‍ഫ് രാജ്യങ്ങളിലായി 5,151 പേരാണ് ഓഗസ്ത് 15 വരെയുള്ള കാലയളവില്‍ കോവിഡ് മൂലം മരിച്ചത്. ഇതില്‍ അഞ്ഞൂറോളം പേര്‍ മലയാളികളാണ്.
സഊദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഗള്‍ഫ് നാടുകളിലെ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള യുഎഇയില്‍ രോഗബാധിതരുടെ കണക്കില്‍ അഞ്ചാം സ്ഥാനമാണെന്നത് യുഎഇയുടെ കരുതലും സൂക്ഷ്മതയുമാണ് വ്യക്തമാക്കുന്നത്. ജനസാന്ദ്രതയിലും മുന്നിലുള്ള യുഎഇ കോവിഡ് 19ന്റെ തുടക്കം മുതല്‍ തന്നെ പുലര്‍ത്തിപ്പോന്ന കര്‍ശന നീക്കങ്ങളാണ് രോഗ വ്യാപനം ഒരുപരിധി വരെ പിടിച്ചു നിര്‍ത്താന്‍ സഹായകമായത്.
സഊദി അറേബ്യയില്‍ 297,315 പേര്‍ക്കാണ് ഇതു വരെ കൊറോണ ബാധിച്ചത്. 3,369 പേരുടെ ജീവന്‍ കവര്‍ന്നെടുത്തുവെന്നത് രോഗസ്ഥിതിയുടെ ആഴം വര്‍ധിപ്പിക്കുന്നതായിരുന്നു. 264,487 പേര്‍ ഇതിനകം രോഗ മുക്തരായെങ്കിലും 29,459 പേര്‍ ചികിത്സയിലാണ്. ഇന്നലെ 1,413 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗികളുടെ എണ്ണത്തില്‍ ഖത്തറാണ് രണ്ടാം സ്ഥാനത്തുള്ളത്. ഓഗസ്ത് 15 വരെ 114,809 പേരാണ് ഇവിടെ രോഗബാധിതരായത്. 192 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഖത്തറില്‍ 111,505 പേര്‍ ഇതിനകം രോഗമുക്തി നേടിയിട്ടുണ്ടെങ്കിലും 3,112 പേര്‍ ഇനിയും രോഗാവസ്ഥയില്‍ കഴിയുന്നുണ്ട്. 546,285 പരിശോധനകളാണ് ഖത്തറില്‍ ഇതു വരെ നടത്തിയത്.
ഗള്‍ഫ് നാടുകളില്‍ കൊറോണയുടെ കാര്യത്തില്‍ ഒമാന്‍ മൂന്നാം സ്ഥാനത്താണ്. ഓഗസ്ത് 15 വരെയുള്ള കാലയളവില്‍ 82,924 പേര്‍ ഇവിടെ കോവിഡിന്റെ പിടിയില്‍ പെട്ടു. ഒമാനില്‍ പടര്‍ന്നു പിടിച്ച കൊറോണ 562 പേരുടെ ജീവന്‍ കവര്‍ന്നെടുത്തു. 77,550 പേര്‍ക്ക് ഇതിനകം രോഗം ഭേദപ്പെട്ടുവെങ്കിലും ശനിയാഴ്ച 181 പേരില്‍ രോഗം കണ്ടെത്തി. 309,212 പരിശോധനകളാണ് ഒമാനില്‍ ഇതു വരെ നടന്നത്. രോഗബാധിതരില്‍ നാലാം സ്ഥാനം കുവൈത്തിനാണ്. 75,697 പേരാണ് കുവൈത്തില്‍ കോവിഡ് 19ന് വിധേയരാവേണ്ടി വന്നത്. 498 പേര്‍ക്ക് ഇവിടെ ജീവഹാനി ഉണ്ടായെന്നത് സ്വദേശികളെയും വിദേശികളെയും ആശങ്കയിലാഴ്ത്തി. മാത്രമല്ല, ഇനിയും വേണ്ടത്ര നിയന്ത്രണ വിധേയമായിട്ടില്ലെന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്. ശനിയാഴ്ച 512 പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.
ജനസംഖ്യയിലും ജനസാന്ദ്രതയിലും ഏറെ മുന്നിലുള്ള യുഎഇയില്‍ ഓഗസ്ത് 15 വരെ 64,102 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 361 പേരാണ് ഇവിടെ മരണമടഞ്ഞത്. 57,571 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ മുന്‍നിരയിലുണ്ട്. രോഗം പടര്‍ന്നു പിടിക്കുമെന്ന് തോന്നിയ ആദ്യ ഘട്ടത്തില്‍ തന്നെ ശക്തമായ മുന്‍കരുതലുകളാണ് യുഎഇ കൈക്കൊണ്ടത്. വിപുലമായ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഈ രംഗത്ത് ശ്രദ്ധേയമായത്. ഒരേസമയം ആയിരക്കണക്കിന് പേരെ ചികിത്സിക്കാന്‍ കഴിയുന്ന തരത്തിലുള്ള ആശുപത്രികള്‍ ദിവസങ്ങള്‍ക്കകമാണ് യുഎഇ സജ്ജമാക്കിയത്.
ബഹ്‌റൈനില്‍ 46,502 പേരെയാണ് കോവിഡ് 19 ബാധിച്ചത്. ഇതില്‍ 169 പേര്‍ മരിച്ചു. 954,192 പരിശോധനകള്‍ നടത്തി. 3,414 പേര്‍ ഇനിയും ഇവിടെ ചികിത്സയില്‍ കഴിയുന്നുണ്ട്. കൊറോണയെ പ്രതിരോധിക്കുന്നതില്‍ ബഹ്‌റൈനും ഏറെ മുന്നിലാണ്.

യുഎഇയില്‍ പരിശോധന നടത്തിയത് 59.29 ലക്ഷം
ആഗോള തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കൊറോണ പരിശോധന നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇയുമുണ്ട്. 5,929,093 പരിശോധനകളാണ് ഓഗസ്ത് 15 വരെ യുഎഇയില്‍ നടന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ദിനേന അറുപതിനായിരത്തോളം പരിശോധനകളാണ് നടന്നു കൊണ്ടിരിക്കുന്നത്. രോഗത്തെ ചെറുക്കാന്‍ സര്‍വ പ്രയോഗങ്ങളും നടത്തുന്നതില്‍ അധികൃതര്‍ കാണിക്കുന്ന മിടുക്ക് ഏറെ ശ്രദ്ധേയമാണ്.