ഷാര്‍ജ: രാജ്യ സ്വാതന്ത്ര്യത്തിന് ജീവാര്‍പ്പണം ചെയ്തവരും, സ്വാതന്ത്ര്യ സമര നായകരും വിഭാവനം ചെയ്ത ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതാണ് വര്‍ത്തമാന ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഷാര്‍ജ കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ വെബിനാര്‍ അഭിപ്രായപ്പെട്ടു. ഭാരതാംബയുടെ ആത്മാവിന്റെ അന്തകരായി ഭരണകൂടം തന്നെ മാറുന്ന വിരോധാഭാസം എടുത്തു പറയേണ്ടതാണെന്നും വെബിനാര്‍ വിലയിരുത്തി.
യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര അധ്യക്ഷത വഹിച്ചു.
രാജ്യത്തെ പൗരന്മാരെ രണ്ടു തട്ടുകളിലാക്കിയാണ് ഭരണകൂടം ഇഷ്ടങ്ങള്‍ നടപ്പാക്കുന്നത്. ഒരു വിഭാഗത്തിന്റെ ദേശക്കൂറിനെ ചോദ്യം ചെയ്ത് അവരെ സംശയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തുകയെന്നത് ഭരണകൂടം മുഖ്യ അജണ്ടയായി കാണുന്നു. ചിലര്‍ മാത്രം രാജ്യസ്‌നേഹികള്‍, മറ്റൊരു വിഭാഗം അപ്പാടെ രാജ്യ ദ്രോഹികള്‍ എന്ന തരംതിരിവ് രാജ്യത്തെ അപകടാവസ്ഥയിലേക്കാണ് തള്ളി വിടുന്നത്. അതിനായി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരും ജീവന്‍ ബലി നല്‍കിയവരുമായ ഒരു വിഭാഗത്തിന്റെ പേരുകള്‍ നീക്കം ചെയ്യുന്നു. സ്മരിക്കപ്പെടുന്നവരെക്കാളേറെയാണ് വിസ്മൃതിയിലേക്ക് തള്ളിയ സ്വാതന്ത്ര്യ സമര നായകരുടെ എണ്ണം. പുതുതായി കൊണ്ടുവരുന്ന ദേശീയ വിദ്യാഭ്യാസ നയം പോലും ഇത്തരം ഒളിയജണ്ടയുടെ ഭാഗമാണ്. വിദൂരമല്ലാത്ത ഭാവിയില്‍ ജനാധിപത്യ ഇന്ത്യ അതിന്റെ ചൈതന്യവും പൈതൃകവും തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്നും വെബിനാര്‍ അഭിപ്രായപ്പെട്ടു.
യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ജന.സെക്രട്ടറി നിസാര്‍ തളങ്കര, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ജന.സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, മാധ്യമ പ്രവര്‍ത്തകന്‍ എം.സി.എ നാസര്‍ സംസാരിച്ചു. ഷാര്‍ജ കെഎംസിസി ജന.സെക്രട്ടറി കെ.ടി.കെ മൂസ, വൈസ് പ്രസിഡന്റുമാരായ അബ്ദുല്ല ചേലേരി, കെ.അബ്ദുറഹ്മാന്‍ മാസ്റ്റര്‍, സെക്രട്ടറിമാരായ ബഷീര്‍ ഇരിക്കൂര്‍, സക്കീര്‍ കുമ്പള, മുജീബ് തൃക്കണാപുരം പരിപാടി നിയന്ത്രിച്ചു. സെക്രട്ടറി ത്വയ്യിബ് ചേറ്റുവ സ്വാഗതവും ട്രഷറര്‍ സൈദ് മുഹമ്മദ് അല്‍തഖ്‌വ നന്ദിയും പറഞ്ഞു.