
ദുബൈ: ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ബ്‌ളഡ് ബാങ്കിലേക്ക് ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി കൈന്‍ഡ്‌നസ്സ് ബ്‌ളഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് 1,000 യൂണിറ്റ് രക്തം സമാഹരിക്കുകയെന്ന ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കിയ ജില്ലാ കമ്മിറ്റിയെ ഡിഎച്ച്എ പ്രശംസാ പത്രം നല്‍കി ആദരിച്ചു.
അടിയന്തിര സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയുള്ള രക്ത സമാഹരണം ജില്ലാ കെഎംസിസിയും കൈന്റ്‌നസ് ബ്‌ളഡ് ഡൊണേഷന്‍ ടീമും സംയുക്തമായാണ് നിര്‍വഹിക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കായി അല്‍വസല്‍ സ്‌പോര്‍ട്‌സ് ക്‌ളബ്ബില്‍ നടത്തിയ മെഗാ ബ്‌ളഡ് ഡൊണേഷന്‍ ക്യാമ്പില്‍ നിന്നും 1,000 യൂണിറ്റ് രക്തം നല്‍കി. രണ്ട് മാസമായി ഏഴോളം ക്യാമ്പുകളാണ് ചെര്‍ക്കളം അബ്ദുല്ലയുടെ നാമധേയത്തില്‍ സംഘടിപ്പിച്ചത്. കെഎംസിസി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ രക്തം ദാനം ചെയ്താണ് കാമ്പയിന് തുടക്കം കുറിച്ചത്. ദുബൈ ബ്‌ളഡ് ഡൊണേഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കാമ്പയിന്‍ കോഓര്‍ഡിനേറ്റര്‍ സിജി ജോര്‍ജ് ജോസഫ് ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറത്തിന് പ്രശംസാപത്രം കൈമാറി. ജില്ലാ ജന.സെക്രട്ടറി സലാം കന്യപ്പാടി, ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ദഡിഎച്ച്എ ബ്‌ളഡ് ഡൊണേഷന്‍ ടീം സൂപര്‍വൈസര്‍ അന്‍വര്‍ വയനാട്, കൈന്റ്‌നസ് ബ്‌ളഡ് ഡൊണേഷന്‍ ടീം പ്രതിനിധി ശിഹാബ് തെരുവത്ത് എന്നിവര്‍ സംബന്ധിച്ചു.
നിലവിലെ കോവിഡ് 19 സാഹചര്യത്തില്‍ 1,000 യൂണിറ്റ് രക്തം സമാഹരിക്കുകയെന്ന ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ച മുഴുവന്‍ പേര്‍ക്കും ജില്ലാ
കെഎംസിസി നന്ദി രേഖപ്പെടുത്തി.
രക്ത ബാങ്കുകളില്‍ എല്ലാ ഗ്രൂപ്പിലും പെട്ട രക്തം ലഭ്യമാക്കാന്‍ സന്നദ്ധ രക്തദാന രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ പ്രസിഡന്റ്
അബ്ദുല്ല ആറങ്ങാടി, ആക്ടിംഗ് പ്രസിഡന്റ്
റാഫി പള്ളിപ്പുറം, ജന.സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.