സൈക്കിള്‍ പ്രേമികള്‍ക്ക് സന്തോഷിക്കാം— ദുബൈ സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റുന്നു

    ദുബൈ: സൈക്കിള്‍ സവാരിക്കാര്‍ക്കും സൈക്കിള്‍ പ്രേമികള്‍ക്കും സന്തോഷിക്കാം. ഹൈടെക് നഗരമായി ഉയരുന്ന ദുബൈ ഇനി സൈക്കിള്‍ സൗഹാര്‍ദ്ദ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതികളും സജീവമായി നടക്കുന്നു. ഇത് ഉറപ്പുവരുത്താന്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ജനറലും ബോര്‍ഡ് ചെയര്‍മാനുമായ മത്തര്‍ അല്‍ തായര്‍, ദുബൈ പൊലീസ് ചീഫ് കമാന്‍ഡര്‍-ഇന്‍ ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി എന്നിവരുടെ നേതൃത്വത്തില്‍ എമിറേറ്റിലുടനീളം സൈക്ലിംഗ് ട്രാക്കുകളും കാല്‍നട ക്രോസിംഗുകളും പരിശോധിച്ചു. സൈഹ് അല്‍ സലാം, ബാബ് അല്‍ ഷംസ്, അല്‍ ഖുദ്ര റോഡ്, ദുബൈ വാട്ടര്‍ കനാല്‍, ജുമൈറ ബീച്ച് റോഡ്, കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ട്രീറ്റ് തുടങ്ങിയ പ്രദേശങ്ങളില്‍ ഇതുവരെ 425 കിലോമീറ്റര്‍ സൈക്ലിംഗ് ട്രാക്കുകള്‍ ആര്‍ടിഎ തയ്യാറാക്കിയിട്ടുണ്ട്. ഖവാനീജ്, അല്‍ വര്‍ക്ക എന്നിവയും അല്‍ ഖ്ിസൈസ്, അല്‍ കറാമ, അല്‍ മങ്കൂള്‍ എന്നിവിടങ്ങളിലെ ജോയിന്റ് ട്രാക്കുകളും പരിശോധിച്ചു. 2025 ഓടെ ദുബൈയിലെ സൈക്കിള്‍ ട്രാക്കുകള്‍ 647 കിലോമീറ്ററായി ഉയരുമെന്ന് ആര്‍ടിഎ അറിയിച്ചു. ദുബൈ സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റാന്‍ ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഈ മാസത്തിന്റെ തുടക്കത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു. സൈക്കിളിംഗിനെ ഒരു കായിക വിനോദമായും പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗ്ഗമായും പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ നിയമങ്ങളും നിയമനിര്‍മ്മാണങ്ങളും ഏര്‍പ്പെടുത്തും. സൈക്കിള്‍ സൗഹൃദ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ ആഗോള മികച്ച രീതികളും സുരക്ഷാ നടപടികളും സ്വീകരിക്കണമെന്ന് ശൈഖ് ഹംദാന്‍ അധികാരികളോട് ആവശ്യപ്പെട്ടു. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കുന്ന ദുബൈ ട്രാഫിക് സ്ട്രാറ്റജി 2021, യുഎഇ എനര്‍ജി സ്ട്രാറ്റജി 2050 കളില്‍ 2021 ഓടെ കാര്‍ബണ്‍ ഉദ്വമനം 16 ശതമാനം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നിര്‍ദ്ദേശം. ദുബൈ മറീനയിലെ കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ട്രീറ്റിലെ സൈക്ലിംഗ് ട്രാക്കുകളും കാല്‍നട പാലവും അല്‍ തായറും അല്‍ മര്‍റിയും പരിശോധിച്ചു. 65 മീറ്ററോളം നീളമുള്ള ഈ പാലം എല്ലാ ദിശകളിലും മണിക്കൂറില്‍ 8,000 പേരെ കൈകാര്യം ചെയ്യുന്നു. ജുമൈറ ബീച്ച് റെസിഡന്‍സിന് സമീപമുള്ള കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ട്രീറ്റ്, അല്‍ ഗര്‍ബി സ്ട്രീറ്റ് എന്നിവയുടെ കവലയില്‍ നിര്‍മ്മിച്ച ആദ്യത്തെ ഫോര്‍-വേ പാലമാണിത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളില്‍ ദുബൈയുടെ റാങ്കിംഗ് ഉയര്‍ത്തുന്ന തരത്തിലാണ് കാല്‍നട പാലങ്ങളുടെ നിര്‍മാണം, ബസ് സ്റ്റോപ്പുകളുടെ നിര്‍മാണം തുടങ്ങിയവ ആര്‍ടിഎ സജ്ജീകരിച്ചിരിക്കുന്നതെന്ന് മത്തര്‍ അല്‍തായര്‍ പറഞ്ഞു. ദുബൈയില്‍ 2016ല്‍ 13 ഫുട്ബ്രിഡ്ജുകളാണ് ഉണ്ടായിരുന്നത്. അതിപ്പോള്‍ 116 ആയി ഉയര്‍ന്നു. 2021-2026 കാലയളവില്‍ 34 കാല്‍നട പാലങ്ങള്‍ കൂടി നിര്‍മിക്കാന്‍ പദ്ധതിയുള്ളതായി അല്‍തായര്‍ പറഞ്ഞു.