ഫാന്‍സി നമ്പറുകള്‍ ലേലം ചെയ്തു DUBAI-V12=7 million Dhm

    ദുബൈ: ദുബൈ രജിസ്‌ട്രേഷനുള്ള കാറുകളിലേക്കുള്ള ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ലേലം ചെയ്തപ്പോള്‍ ചില നമ്പറുകള്‍ക്ക് ഉയര്‍ന്ന തുക ലഭിച്ചു. ദുബൈ വി-12 എന്ന നമ്പറാണ് ഉയര്‍ന്ന തുകക്ക് ലേലത്തില്‍ പോയത്. ഈ നമ്പറിന് 7 മില്യന്‍ ദിര്‍ഹം ലഭിച്ചു. ഇത്തരത്തിലുള്ള 90 പ്രീമിയം നമ്പറുകളാണ് ആര്‍ടിഎ ലേലത്തില്‍ വെച്ചത്. ഇതിലൂടെ 14.7 മില്യന്‍ ദിര്‍ഹം ലഭിച്ചു. എക്‌സ്505 ന് 570,000 ദിര്‍ഹവും ഐ334ന് 266,000 ദിര്‍ഹവും ലഭിച്ചു. എന്നാല്‍ എസ്20 നമ്പര്‍ 4.6 മില്യന്‍ ദിര്‍ഹത്തിന് ലേലത്തിന് പോയപ്പോള്‍ ആര്‍506 ന് 2,22,000 ദിര്‍ഹം ലഭിച്ചു. ഏറ്റവും ഒടുവില്‍ ലേലത്തിനെടുത്ത വൈ-66ന് 3.2 മില്യന്‍ ദിര്‍ഹം ലഭിച്ചു. ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ 104-ാമത്തെ ലേലമാണിത്. ആഗസ്റ്റ് 16നാണ് ലേലത്തില്‍ പങ്കെടുക്കാനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയത്. ശനിയാഴ്ച ദുബൈ ഫെസ്റ്റിവല്‍ സിറ്റിയില്‍ നടന്ന ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലിലാണ് ലേലനടപടികള്‍ പൂര്‍ത്തിയാക്കിയത്. സാധാരണ രണ്ട് ഡിജിറ്റ് വരുന്ന നമ്പര്‍ പ്ലേറ്റുകള്‍ക്കാണ് ദുബൈയില്‍ ഏറെ പ്രിയം. കാറുകള്‍ക്കാണ് പ്രധാനമായും ഫാന്‍സി നമ്പറുകള്‍ തെരഞ്ഞെടുക്കാറ്. 2016 ല്‍ നടന്ന ലേലത്തില്‍ ഇന്ത്യന്‍ വ്യവസായിയായ ബല്‍വിന്ദര്‍ സാഹ്്‌നിയാണ് ഉയര്‍ന്ന തുകക്ക് നമ്പര്‍ ലേലത്തിനെടുത്തത്. ഡി-5 എന്ന നമ്പര്‍ 33 മില്യന്‍ ദിര്‍ഹത്തിനാണ് അദ്ദേഹം ലേലത്തിനെടുത്തത്. കോവിഡിന് മുമ്പായി എക്‌സ്‌പോയുടെ ഓര്‍മ്മക്കായി ആര്‍ടിഎ ഏതാനും ഫാന്‍സി നമ്പറുകള്‍ ലേലം ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് എക്‌സ്‌പോ നമ്പറുകള്‍ക്ക് ലഭിച്ചത്.