‘ഹിമായ’ കാരുണ്യ പദ്ധതിയില്‍ 100 പേര്‍ക്ക് ധനസഹായം
ദുബൈ: കാസര്‍കോട് ജില്ലയില്‍ ആതുര സേവനത്തിന് ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി 10 ലക്ഷം രൂപ നല്‍കുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. മനുഷ്യ ജീവന് തന്നെ ഭീഷണിയാകുന്ന ഹൃദ്രോഗം, വൃക്ക രോഗം, കാന്‍സര്‍ എന്നിവ മൂലം പ്രയാസപ്പെടുന്നവരെ സഹായിക്കാനായി ജില്ലാ കമ്മിറ്റി രൂപം നല്കിയ ‘ഹിമായ’ ആതുര സേവന സമാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രസ്തുത സഹായം.
പദ്ധതിയുടെ ആദ്യ ഗഡുവായി 100 പേര്‍ക്കാണ് സഹായം നല്‍കുന്നത്. 10,000 രൂപ വീതമാണ് ചികിത്സാ ചെലവിനായി കമ്മിറ്റി നല്‍കുന്നത്.
മുസ്ലിം ലീഗ് കാര്‍കോട് ജില്ലാ കമ്മിറ്റി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ വിവിധ പഞ്ചായത്ത്-മുനിസിപ്പല്‍-മണ്ഡലം
കമ്മിറ്റികള്‍ ശുപാര്‍ശ ചെയ്ത കാസര്‍കോട് ജില്ലയിലെ
ഹൃദയ-വൃക്ക-കാന്‍സര്‍ രോഗികള്‍ക്കാണ് ഹിമായ പദ്ധതിയുടെ ഗുണം ലഭിക്കുക. ജില്ലാ കെഎംസിസിയും കീഴ്ഘടകങ്ങളും നടപ്പാക്കി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാത്യകയാക്കി പ്രവാസ ലോകത്തും നാട്ടിലുമുള്ള കൂട്ടായ്മകളും പ്രസ്ഥാനങ്ങളും മുന്നോട്ടു വരണമെന്നും, കോവിഡ് പോലുള്ള പ്രതിസന്ധികളെ നേരിടാന്‍ സമൂഹത്തിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്നും ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, ജന.സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറര്‍ ടി.ആര് ഹനീഫ് മേല്‍പറമ്പ്, ഓര്‍ഗ.സെക്രട്ടറി അഫ്സല് മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു.