യുഎഇയുടെ സമാധാനപരമായ ആണവോര്‍ജ മേഖലയില്‍ സ്ത്രീകള്‍ക്ക് മുഖ്യ പങ്ക്

എമിറേറ്റ്‌സ് ന്യൂക്‌ളിയര്‍ എനര്‍ജി കോര്‍പറേഷന്റെയും ബ്രാഞ്ച് കമ്പനികളുടെയും മൊത്തം ജീവനക്കാരില്‍ 20% വനിതകള്‍

ദുബൈ: യുഎഇയുടെ നേതൃത്വത്തിന്റെ നിര്‍ണായക പിന്തുണയുടെ വെളിച്ചത്തില്‍ ഇമാറാത്തി സ്ത്രീകള്‍ രാജ്യത്തിന്റെ ചരിത്രപരമായ മുന്നേറ്റത്തില്‍ പങ്കാളികളാവുകയും സമാധാനപരമായ ആണവോര്‍ജ മേഖലയില്‍ അവരുടെ പ്രധാന പങ്ക് നിര്‍വഹിക്കുകയും ചെയ്യുന്നു. ഈ മേഖലയിലെ സ്ത്രീകളുടെ പ്രവര്‍ത്തനവും പുരുഷന്മാരുടെ പങ്ക് പോലെ തന്നെ പ്രധാനമാണ്. ജനറല്‍ വിമന്‍സ് യൂണിയന്‍ (ജിഡബ്‌ള്യുയു) ചെയര്‍പേഴ്‌സനും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റും ഇമാറാത്തി വനിതാ ശാക്തീകരണവുമായി ബന്ധപ്പെട്ട ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ സുപ്രീം ചെയര്‍പേഴ്‌സനുമായ ശൈഖാ ഫാത്തിമ ബിന്‍ത് മുബാറക്കിന്റെ ദര്‍ശനം ഇതില്‍ പ്രതിഫലിച്ചിട്ടുണ്ട്.
എമിറേറ്റ്‌സ് ന്യൂക്‌ളിയര്‍ എനര്‍ജി കോര്‍പറേഷ(എനെക്)ന്റെയും അതിന്റെ ബ്രാഞ്ച് കമ്പനികളുടെയും മൊത്തം ജീവനക്കാരില്‍ 20 ശതമാനം സ്ത്രീകളാണ്.
ഓഗസ്റ്റ് 28ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വാം’ ഇമാറാത്തി വനിതാ ദിനത്തോടനുബന്ധിച്ച് സമാധാനപരമായ ആണവോര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഇമാറാത്തി സ്ത്രീകളുമായി കൂടിക്കാഴ്ച നടത്തി.
സമാധാനപരമായ ആണവ പദ്ധതിയിലൂടെ രാജ്യത്തിന്റെ അഭിലാഷമായ യാത്രയുടെ ഭാഗമായതില്‍ നവാഎനര്‍ജി കമ്പനിയിലെ റിയാക്ടര്‍ ഓപറേറ്റര്‍ ലൈലാ അല്‍ദാഹിരി അഭിമാനം പ്രകടിപ്പിച്ചു. ഇമാറാത്തി വനിതകള്‍ ഒരു പുതിയ മേഖലയില്‍ പങ്കെടുക്കുന്നത് സാധ്യമാക്കിയ ഈ പുരോഗതി, യുഎഇക്ക് മാത്രമല്ല അറബ് മേഖലക്ക് മൊത്തത്തില്‍ തന്നെ അഭിമാനമാണെന്ന് അവര്‍ പറഞ്ഞു.
നവാ എനര്‍ജി കമ്പനിയിലെ സീനിയര്‍ റിയാക്ടര്‍ ഓപറേറ്റര്‍ ഹിന്ദ് അല്‍നഖ്ബിയും മറ്റ് രണ്ട് ഇമാറാത്തി സ്ത്രീകളും 30 പേരടങ്ങുന്ന പൗരന്മാരുടെ ഒരു ഗ്രൂപ്പിന്റെ ഭാഗമായി ഫെഡറല്‍ അഥോറിറ്റി ഫോര്‍ ന്യൂക്‌ളിയര്‍ റഗുലേഷനി(എഫ്എഎന്‍ആര്‍)ല്‍ നിന്നും ഓപറേഷന്‍സ് ഡയറക്ടറായും ന്യൂക്‌ളിയര്‍ റിയാക്ടര്‍ ഓപറേറ്റര്‍മാരായും പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നേടിയവരാണ്.
”ഊര്‍ജ സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാനുള്ള യുഎഇയുടെ കാഴ്ചപ്പാട് പ്രാപ്തമാക്കാന്‍ ഇമാറാത്തി സ്ത്രീകള്‍ സഹായിച്ചിട്ടുണ്ട്. ഇഎന്‍ഇസിയും നവാ എനര്‍ജി കമ്പനിയും നല്‍കിയ അവസരമാണ് ഇതിലേക്ക് വഴി തുറന്നത്” -അല്‍ നഖ്ബി പറഞ്ഞു.
ഓപറേറ്റിംഗ് റിയാക്ടറുകളിലും എഞ്ചിനീയറിംഗ് മേഖലയിലും ഇമാറാാത്തി സ്ത്രീകള്‍ ഇഎന്‍ഇസി, നവാ എന്നിവയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് സഹപ്രവര്‍ത്തകയും സീനിയര്‍ റിയാക്ടര്‍ ഓപറേറ്ററുമായ ഷംസാ അഹ്മദ് പറഞ്ഞു.
ഇമാറാത്തി വനിതകള്‍ക്കുള്ള യുഎഇ നേതൃത്വത്തിന്റെ സുപ്രധാന പിന്തുണയില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം, സമാധാനപരമായ ആണവോര്‍ജ മേഖലയില്‍ സ്ത്രീകളെ മുന്‍നിര സ്ഥാനങ്ങളില്‍ നിയമിക്കാനുള്ള ഇഎന്‍ഇസി തീരുമാനം എടുത്തു കാണിക്കുന്നു. ഈ സുപ്രധാന മേഖലയില്‍ പുരുഷന്മാര്‍ക്കൊപ്പം പുരോഗതി കൈവരിക്കുന്നതിലും ഞങ്ങളുടെ കടമകള്‍ നിര്‍വഹിക്കുന്നതിലും തങ്ങള്‍ വിജയിച്ചുവെന്നും നവാ എനര്‍ജി കമ്പനിയിലെ ന്യൂക്‌ളിയര്‍ മെറ്റീരിയല്‍ കണ്‍ട്രോള്‍ എഞ്ചിനീയര്‍ ഹിന്ദ് അല്‍സആബി പ്രസ്താവിച്ചു.
ആണവോര്‍ജ മേഖലയില്‍ പ്രധാന പങ്ക് വഹിക്കുന്നതില്‍ ഇമാറാത്തി വനിതകള്‍ വിജയിച്ചിരിക്കുന്നു. ഈ സുപ്രധാന മേഖലയെ വികസിപ്പിക്കുന്നതില്‍ പ്രധാന പങ്കാളികളായി അവര്‍ അവരുടെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നുവെന്നും നവാ എനര്‍ജി കമ്പനി റിയാക്ടര്‍ ഓപറേറ്റര്‍ ഹിന്ദ് അല്‍ സിയൂദി പറഞ്ഞു.
യുഎഇയുടെ സമാധാനപരമായ ആണവ പദ്ധതിയുടെ യാത്ര എല്ലാ ഇമാറാത്തികള്‍ക്കും അഭിമാനിക്കാന്‍ വകയുള്ളതാണെന്ന് ബറക ന്യൂക്‌ളിയര്‍ പവര്‍ പ്‌ളാന്റിലെ യൂണിറ്റ്1, യൂണിറ്റ്2 എന്നിവയുടെ മുതിര്‍ന്ന ഗുണനിലവാ വിദഗ്ധ ഫാത്തിമ മുഹമ്മദ് അല്‍മത്‌റൂഷി അഭിപ്രായപ്പെട്ടു.