അബുദാബി: അബുദാബിയില്‍ വാണിജ്യലൈസന്‍സുകളുടെ കാലാവധി മൂന്നുവര്‍ഷം വരെയാക്കി മാറ്റാന്‍ അവസരമൊരുങ്ങുന്നു. അബുദാബി ഡിപ്പാര്‍ട്ടുമെന്റ് ഓഫ് എകണോമിക് ഡവലപ്‌മെന്റാണ് (എഡിഡിഇഡി)ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
സ്ഥാപന ഉടമകള്‍ക്ക് ഇതുസംബന്ധിച്ച തീരുമാനമെടുക്കാന്‍ അവകാശമുണ്ടായിരിക്കും. ഒരുവര്‍ഷം,രണ്ടുവര്‍ഷം,മൂന്നുവര്‍ഷം എന്നിങ്ങനെ ഏതുകാലാവധി വേണമെങ്കിലും തെരഞ്ഞെടുക്കാന്‍ കഴിയും. ഇതുമൂലം നിക്ഷേപകര്‍ക്കും എകണോമിക് വിഭാഗത്തിനും ഗുണമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം സിവില്‍ഡിഫന്‍സ്, ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവിടങ്ങളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അതാത് കാലയളവില്‍ ഹാജരാക്കിയിരിക്കണം.
ലൈസന്‍സ് കാലാവധി നീട്ടിനല്‍കുന്നതോടെ ഇതുസംബന്ധിച്ച ഇടപാടുകള്‍ 70ശതമാനം വരെ കുറയുമെന്നാണ് കണക്കാക്കുന്നത്. ലോകത്തിലെ മികച്ച നിക്ഷേപക കേന്ദ്ര ങ്ങളിലൊന്നായി അബുദാബി മാറിയിട്ടുണ്ടെന്ന് എഡിഡിഇഡി അണ്ടര്‍സെക്രട്ടറി റാഷിദ് അബ്ദുല്‍കരീം അല്‍ബലൂഷി വ്യക്തമാക്കി. ഈവര്‍ഷം ആദ്യആറുമാസത്തിനകം 33,116 വാണിജ്യലൈസന്‍സുകള്‍ പുതുക്കിയതായി അദ്ദേഹം പറഞ്ഞു.