തെലങ്കാന സഹോദരങ്ങള്‍ക്ക് ഭക്ഷണവുമായി ഇന്‍കാസ് പ്രവര്‍ത്തകര്‍

ഷാര്‍ജ: തൊഴില്‍ വാഗ്ദാനത്തില്‍ തെലങ്കാനയില്‍ നിന്നുമെത്തിയ 200 പേര്‍ ഷാര്‍ജയിലെ റോളയില്‍ പട്ടിണിയിലാണെന്ന് അറിഞ്ഞപ്പോള്‍ ഇന്‍കാസ് ഷാര്‍ജ കമ്മിറ്റി പ്രസിഡണ്ട് അഡ്വ. വൈ.എ റഹീമിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ അവിടെ എത്തുകയും നാട്ടില്‍ പോകുന്നത് വരെയുള്ള കാലയളവില്‍ ഭക്ഷണവും താമസ സ്ഥലവും ഏര്‍പ്പാടാക്കിക്കൊടുക്കുകയും ചെയ്തു. വിമാന ടിക്കറ്റിനും മറ്റു സൗകര്യങ്ങള്‍ക്കുമായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ.പി ജോണ്‍സണ്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു.
എല്ലാ ദിവസവും ഇന്‍കാസ് പ്രവര്‍ത്തകര്‍ ബിജു അബ്രഹാം, മധു തണ്ണോട്, ഷാന്റി തോമസ്, ബിജു, മന്‍സൂര്‍, സി.പ ജലീല്‍, ശ്യാം വര്‍ഗീസ്, രാജശേഖന്‍, ഡോ. രാജന്‍, അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുന്നതായി ഇന്‍കാസ് യുഎഇ കമ്മിറ്റി ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു.
ഓരോ ദിവസത്തെ ഭക്ഷണത്തിന്റെ ചെലവുകള്‍ ഷാര്‍ജ ഇന്‍കാസിന്റെ ജില്ലാ കമ്മിറ്റികളാണ് വഹിക്കുന്നത്.
യുഎഇയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ച് മുതല്‍ തുടര്‍ച്ചായി ഭക്ഷണ സാധനങ്ങളും മരുന്നും ടിക്കറ്റും നല്‍കി വരുകയാണ് ഇന്‍കാസ് കമ്മിറ്റികള്‍.