അഷ്‌റഫ് വേങ്ങാട്ട്
മക്ക: ചരിത്രത്തിന്റെ താളുകളില്‍ ഇടം നേടിയ ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിന് വിജയകരമായ പരിസമാപ്തി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഹജ്ജില്‍ പങ്കെടുക്കുന്നതിന്ന് നിയന്ത്രണമുണ്ടായപ്പോള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി തെരഞ്ഞെടുത്തവരില്‍ അപൂര്‍വ ഭാഗ്യം ലഭിച്ച ആയിരം പേരാണ് ആത്മീയ വിശുദ്ധി നേടി ഇന്നലെ വൈകീട്ടോടെ മിനാ താഴ്‌വരയോട് വിട പറഞ്ഞത്. മിനായിലും അറഫയിലും മുസ്ദലിഫയിലും പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസുമായി കഴിഞ്ഞ ഹാജിമാര്‍ പാപമോചനത്തിനും പരീക്ഷണങ്ങളില്‍ നിന്നുള്ള കാവല്‍ തേടിയും ശിഷ്ടകാല ജീവിതത്തില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ മുറുകെ പിടിച്ച് ജീവിക്കാനും അല്ലാഹുവിന് മുന്നില്‍ ആത്മ സമര്‍പ്പണം നടത്തിയാണ് പുണ്യ നഗരിയോട് വിട വാങ്ങിയത്. വ്യാഴാഴ്ച അറഫാ സംഗമത്തിന് ശേഷം മുസ്ദലിഫയിലെത്തി രാപാര്‍ത്ത ഹാജിമാര്‍ വെള്ളിയാഴച പ്രഭാതത്തില്‍ മിനായിലേക്ക് തിരിച്ചു. ഇവിടെ ജംറയിലെ ആദ്യ ദിന കല്ലേറും ബലികര്‍മവും മുടി കളയലും നടത്തി മക്കയിലെത്തി ഇഫാദത്തിന്റെ ത്വവാഫും നിര്‍വഹിച്ചാണ് മക്കയില്‍ നിന്നും വീണ്ടും മിനായിലേക്ക് തിരിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു കര്‍മങ്ങള്‍. ഹജ്ജിന്റെ സകല കര്‍മങ്ങളിലും ഈ പ്രോട്ടോകോള്‍ കൃത്യമായി നടപ്പാക്കാന്‍ വിവിധ തലങ്ങളില്‍ അറുപതിനായിരത്തോളം ഉദ്യോഗസ്ഥരുണ്ടായിരുന്നു. വിശുദ്ധ ഹജ്ജ് തടസ്സം കൂടാതെ ഇക്കൊല്ലവും പൂര്‍ത്തീകരിക്കാന്‍ സാധിച്ചതില്‍ സഊദി ഭരണകൂടം തൃപ്തരാണ്. ലോക മുസ്‌ലിം നേതാക്കളുടെയും ലോകാരോഗ്യ സംഘടനയുടെയും പ്രശംസ നേടിയ നീക്കമാണ് അതീവ ജാഗ്രതയോടെ സഊദി ഭരണകൂടം പൂര്‍ത്തിയാക്കിയത്.
ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ പങ്കെടുക്കേണ്ടിയിരുന്ന ഈ മഹാ സംഗമത്തില്‍ കോവിഡ് മൂലം കടുത്ത നിയന്ത്രണം കൈവന്നപ്പോള്‍ അപ്രതീക്ഷിതമായ അവസരം നല്‍കിയ റബ്ബിന്റെ മുന്നില്‍ ഹൃദയം ഹാജിമാര്‍ പൊട്ടിക്കരഞ്ഞു.

പുണ്യകര്‍മത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ച് അവസരം ലഭിക്കാതെ പോയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസി സമൂഹത്തിന്റെ ഹൃദയ വേദന സ്രഷ്ടാവിന് മുന്നില്‍ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളിലൂടെ സമര്‍പ്പിക്കുകയായിരുന്നു ഹാജിമാര്‍. കോവിഡ് വൈറസിന്റെ മുന്നില്‍ തല കുനിച്ചിരിക്കുന്ന ലോക ജനതയെ മഹാ വിപത്തില്‍ നിന്ന് സംരക്ഷിക്കാന്‍ മനമുരുകി ദുആ ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി പാലിച്ച് നാഥന്റെ വിളിക്കുത്തരം നല്‍കി ഇഹലോക ജീവിതത്തിലെ ചിരകാല സ്വപ്നം ആദ്യമായി നിറവേറ്റിയപ്പോള്‍ ആരവങ്ങളില്ലാത്ത അറഫയും ആളനക്കമില്ലാത്ത മിനായും ആനന്ദത്തിന് അതിരിട്ടുവെങ്കിലും ഖല്‍ബിനെ പിടിച്ചുലക്കുന്ന തല്‍ബിയത്തിന്റെ മാന്ത്രിക സ്പര്‍ശം ആസ്വദിച്ച് പുണ്യകര്‍മം നിറവേറ്റി ഹാജിമാര്‍ മടങ്ങി അയ്യാമുത്തശ്‌രീഖിന്റെ ആദ്യ ദിനമായ ശനിയാഴച ഹാജിമാര്‍ പൈശാചികത്വത്തിന്റെ പ്രതീകങ്ങളായ ജംറത്തുല്‍ ഊല, ജംറതുല്‍ വുസ്ത്വാ, ജംറതുല്‍ അഖബ എന്നീ ജംറകളില്‍ ഏഴു വീതം കല്ലെറിയല്‍ ചടങ്ങ് പൂര്‍ത്തിയാക്കി. ദുല്‍ഹജ്ജ് പന്ത്രണ്ടായ ഇന്നലെ ജംറയിലെ കല്ലേറ് പൂര്‍ത്തിയാക്കിയ ഹാജിമാര്‍ മക്കയില്‍ മസ്ജിദുല്‍ ഹറമിലെത്തി വിടവാങ്ങല്‍ ത്വവാഫ് നിര്‍വഹിച്ചു. വൈകീട്ടോടെ സ്വദേശങ്ങളിലേക്ക് മടക്കയാത്ര തുടങ്ങി. ഹജ്ജ് പൂര്‍ത്തിയാക്കി സ്വദേശങ്ങളില്‍ തിരിച്ചെത്തുന്ന ഹാജിമാര്‍ വീണ്ടും 14 ദിവസം കോറന്റീനില്‍ പ്രവേശിക്കും. ഹാജിമാരില്‍ ചിലര്‍ മക്കയില്‍ തന്നെ ഹോട്ടല്‍ ക്വാറന്റീനില്‍ പ്രവേശിക്കുന്നതായി വിവരമുണ്ട്. വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ പേര്‍ പുണ്യകര്‍മം നിര്‍വഹിച്ച ഇക്കൊല്ലം മുപ്പതില്‍ താഴെ ഇന്ത്യക്കാരും അവരില്‍ മലയാളികളായി ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നും ഓരോ പേര് വീതവുമാണുള്ളത്. പങ്കെടുത്ത ഹാജിമാരുടെ വ്യക്തമായ വിവരങ്ങള്‍ മന്ത്രാലയം പുറത്തു വിട്ടിട്ടില്ല. 160 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ അവസരം നല്‍കിയിട്ടുണ്ടെന്ന കാര്യം നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു.
പരീക്ഷണങ്ങള്‍ക്കെല്ലാം സര്‍വലോക രക്ഷിതാവായ അല്ലാഹുവില്‍ അഭയം തേടി രാജ്യത്തെ കോവിഡ് മുക്തമാക്കാനുള്ള ഊര്‍ജിത ശ്രമം തുടരുകയാണ് സഊദി. വിശുദ്ധ കര്‍മം വരെ നിലച്ചു പോകുന്ന സാഹചര്യത്തിലും കോവിഡ് ഭീഷണിയില്‍ ഹജ്ജ് കര്‍മം പൂര്‍ത്തീകരിക്കാന്‍ സാധിച്ചതില്‍ അല്ലാഹുവിന് സ്തുതിയോതുകയാണ് സഊദി ഭരണകൂടം. ഹജ്ജ് കര്‍മത്തിന്റെ പരിസമാപ്തിയിലുള്ള ബലിപെരുന്നാള്‍ ആഘോഷവും കടുത്ത നിയന്ത്രണത്തിലായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പള്ളികളില്‍ മാത്രം ഈദ് നമസ്‌കാരങ്ങള്‍ നടന്നു. ഈദ് ഗാഹിലേയും പൊതു ഇടങ്ങളിലെയും നമസ്‌കാരം ഒഴിവാക്കി. ഇക്കൊല്ലത്തെ ഹജ്ജില്‍ കാണാന്‍ കഴിയാത്ത മറ്റൊരു സുപ്രധാന കാര്യം സന്നദ്ധ വളണ്ടിയര്‍മാരുടെ നിസ്വാര്‍ത്ഥ സേവനമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പുണ്യ ഭൂമിയിലെത്തുന്ന ഹാജിമാര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന കെഎംസിസി അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ വളണ്ടിയര്‍ സേവനം ഇക്കൊല്ലമുണ്ടായില്ല. ശുഭ്ര സാഗരമാകുന്ന മിനാ താഴ്‌വരയില്‍ ഹാജിമാര്‍ക്കൊപ്പം നിറഞ്ഞൊഴുകുന്ന കെഎംസിസിയുടെ 3,000 വളണ്ടിയര്‍മാരടക്കമുള്ളവരുടെ വിലമതിക്കാത്ത സേവനങ്ങള്‍ മിനായിലെ വിശുദ്ധമായ താഴ്‌വരകള്‍ക്ക് സുപരിചിതമാണ്. മക്കയിലെയും ജിദ്ദയിലെയും മദീനയിലെയും കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റികളുടെ കീഴില്‍ ആദ്യത്തെ ഹാജി ജിദ്ദയിലെ ഹജ്ജ് ടെര്‍മിനലിലും മദീന വിമാനത്താവളത്തിലും എത്തുന്ന ദിനം മുതല്‍ അവസാന ഹാജിയും പുണ്യഭൂമിയില്‍ നിന്ന് തിരിച്ചു പോകുന്നത് വരെയുള്ള സേവനം അവിസ്മരണീയമാണ്.

സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവിധ സെന്‍ട്രല്‍ കമ്മിറ്റികളുടെ വളണ്ടിയര്‍മാരും ഊണും ഉറക്കവുമില്ലാത്ത രാപകലില്ലാതെ അധ്വാനിക്കുന്ന ഈ സുകൃതത്തില്‍ അണിചേരാന്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി പുണ്യ ഭൂമിയിലെത്താറുണ്ട്. അര്‍പ്പണ ബോധമുള്ള കെഎംസിസിയുടെ കാവല്‍ ഭടന്മാര്‍ സര്‍വതും ത്യജിച്ച് അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാനും ആനയിക്കാനും വഴികാട്ടാനും അത്യാവേശത്തോടെ കര്‍മ രംഗത്തിറങ്ങുന്ന സുന്ദരമായ കാഴ്ചക്കും ഇത്തവണ അവധിയാണ്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ബലിപെരുന്നാള്‍ ദിനം മിനായിലെ താഴ്‌വാരങ്ങളില്‍ ആഘോഷിച്ചിരുന്ന കെഎംസിസിയുടെ പ്രവര്‍ത്തകര്‍ കഴിഞ്ഞ കാല സ്മൃതികളുമായി സൂമില്‍ ഒത്തുചേര്‍ന്ന് സഹപ്രവര്‍ത്തകരോടൊപ്പം ഓര്‍മകള്‍ അയവിറക്കുകയാണ്. കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഹജ്ജിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.