ബെയ്‌റൂത്തില്‍ കൂറ്റന്‍ സ്‌ഫോടനം; 70ലധികം പേര്‍ കൊല്ലപ്പെട്ടു; 2,700ലധികം പേര്‍ക്ക് പരിക്ക്

ദുബൈ: ലബനാന്റെ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വന്‍ ഇരട്ട സ്‌ഫോടനം. 70ലധികം പേര്‍ കൊല്ലപ്പെടുകയും 2,700ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രി ഹമദ് ഹസന്‍ അറിയിച്ചു. തുറമുഖ നഗരത്തിലുണ്ടായ സ്‌ഫോടനത്തില്‍ പുക അന്തരീക്ഷത്തിലുയര്‍ന്ന് കൂറ്റന്‍ കൂണ്‍ പോലെയായി.
കഴിഞ്ഞ ആറു വര്‍ഷമായി അത്യധികം സ്‌ഫോടനാത്മകമായ വസ്തുക്കളാണ് വെയര്‍ ഹൗസില്‍ സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. 2,750 ടണ്ണിലധികം അമോണിയം നൈട്രേറ്റ് സുരക്ഷിതമല്ലാതെ സൂക്ഷിച്ചിരുന്നുവെന്നത് ”അസ്വീകാരം” ആണെന്ന് ലബനീസ് പ്രസിഡന്റ് മൈക്കല്‍ അഊന്‍ ട്വീറ്റില്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ വസ്തുത അറിയാന്‍ അന്വേഷണം ആരംഭിച്ചു. അനേകം ബില്‍ഡിംഗുകളാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. 240 കിലോമീറ്റര്‍ ദൂരെയുള്ള സൈപ്രസ് ദ്വീപിലേക്ക് വരെ സ്‌ഫോടന ശബ്ദം കേട്ടിരുന്നു.
ഇത് ദേശീയ ദുരന്തമാണെന്നും ഇതിന് കാരണക്കാരായവര്‍ക്കെതിരെ കനത്ത ശിക്ഷ തന്നെ നല്‍കുമെന്നും ലബനീസ് പ്രധാനമന്ത്രി ഹസ്സന്‍ ദിയാബ് പറഞ്ഞു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരും മുറിവേറ്റവരും നിരവധിയാണ്. ലബനാന്‍ മുന്‍ പ്രധാനമന്ത്രി റഫീഖ് അല്‍ ഹരീരി 2005ല്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കേസിലെ വിധി വരാനിരിക്കെയാണ് സ്‌ഫോടനം.