പി.വിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍

17
പി.വി മുഹമ്മദ്

എം.എ റസാഖ് മാസ്റ്റര്‍
കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് ജന.സെക്രട്ടറിയായിരുന്ന പി.വി മുഹമ്മദ് നമ്മെ വിട്ടു പിരിഞ്ഞിട്ട് 22 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. തന്റെ ആദ്യ കാല പ്രവര്‍ത്തന മണ്ഡലമായ കുറുമ്പനാട്, കൊയിലാണ്ടി താലൂക്കുകളില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് പി.വി നടത്തിയിരുന്നത്. തുടര്‍ന്ന്, പാര്‍ട്ടിയുടെ ജില്ലാ നേതൃസ്ഥാനത്ത് എത്തിയതോടെ ജില്ലയുടെ മുക്കുമൂലകളില്‍ ഓടിയെത്തി പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ പി.വി വലിയ ത്യാഗമാണ് അക്കാലത്ത് നടത്തിയിരുന്നത്. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാനുള്ള തന്ത്രങ്ങള്‍ മെനയാനും അത് നടപ്പാക്കാനും പി.വിക്ക് അസാമാന്യമായ കഴിവുണ്ടായിരുന്നു. ഏറ്റവും താഴെ തട്ടിലുള്ള പ്രവര്‍ത്തകരുമായി പോലും അഗാധമായ ബന്ധം കാത്തു സൂക്ഷിച്ചിരുന്ന നേതാവായിരുന്നു പി.വി.
പി.വി എന്ന രണ്ടക്ഷരം ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആവേശം വളരെ വലുതായിരുന്നു. പ്രവര്‍ത്തകരുടെ ചെറിയ വിഷയങ്ങളില്‍ പോലും ഗൗരവം വെടിയാതെ ഇടപെട്ട് പരിഹരിച്ച് നല്‍കാന്‍ പി.വി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ബി.വി അബ്ദുള്ളക്കോയ സാഹിബും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാരായിരുന്ന സമയത്തെല്ലാം അവരോടൊപ്പം ജന.സെക്രട്ടറി എന്ന നിലയില്‍ പി.വി ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ചിരുന്നു. ജില്ലയില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും സുവര്‍ണ കാലഘട്ടമായിരുന്നു അത്.
ജില്ലയുടെ വിവിധ മേഖലകളില്‍, വിശിഷ്യാ നാദാപുരം പോലെയുള്ള കിഴക്കന്‍ പ്രദേശങ്ങളില്‍ അസ്വസ്ഥതകള്‍ പുകയുമ്പോള്‍ അവിടങ്ങളില്‍ ഓടിയെത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശവും ആത്മവിശ്വാസവും പകരുന്നതില്‍ പി.വി വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടും. ജനപ്രതിനിധി എന്ന നിലയിലും പി.വി ശോഭിച്ചിരുന്നു. കൊടുവള്ളിയില്‍ അദ്ദേഹം എംഎല്‍എ ആയിരിക്കെയാണ് മണ്ണില്‍കടവ് പാലം ഉള്‍പ്പെടെ വിവിധ പാലങ്ങള്‍ നിര്‍മിച്ചത്. കൂടാതെ, കൊടുവള്ളി ആര്‍ടിഒ ഓഫീസ്, പൊലീസ് സ്റ്റേഷന്‍, ട്രഷറി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും വിവിധ വികസന പ്രവര്‍ത്തനങ്ങളും കൊടുവള്ളി മണ്ഡലത്തില്‍ പി.വിയായിരുന്നു കൊണ്ടു വന്നത്.
പി.വി ജില്ലാ ജന.സെക്രട്ടറിയായിരിക്കെ പാര്‍ട്ടിയുടെ കൊടുവള്ളി മണ്ഡലം ഭാരവാഹി എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. കീഴ്ഘടകങ്ങളിലെ ഭാരവാഹികള്‍ക്ക് പ്രചോദനം നല്‍കിക്കൊണ്ടുള്ള പി.വിയുടെ പ്രവര്‍ത്തന ശൈലി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് വികസന സമിതി അംഗമായി എന്നെ നിര്‍ദേശിച്ചത് പി.വിയായിരുന്നു. ഇതൊരു പദവിയല്ല, ഉത്തരവാദിത്തമാണ് എന്ന് പി.വി പറഞ്ഞത് ഇന്നും ഓര്‍ക്കുകയാണ്. ഓരോ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെയും ഹൃദയത്തിലെ നഷ്ടങ്ങളുടെ കണക്ക് പുസ്തകത്തില്‍ വലിയ നഷ്ടമായി പി.വി എന്ന രണ്ടക്ഷരം എക്കാലവും മായാതെ കിടക്കുക തന്നെ ചെയ്യും. അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം കൂടുതല്‍ വെളിച്ചം നിരഞ്ഞതാക്കട്ടെ, ആമീന്‍.