ഈദ് ദിനത്തിലും ഇന്‍കാസ് പ്രവര്‍ത്തകര്‍ക്ക് വിശ്രമമില്ല

ഷാര്‍ജ: ഈദ് ദിനത്തിലും പ്രവര്‍ത്തന നിരതരായിരുന്നു ഇന്‍കാാസ് പ്രവര്‍ത്തകര്‍. ഷാര്‍ജ സോഷ്യല്‍ സര്‍വീസ് ഡിപാര്‍ട്‌മെന്റിന് കീഴില്‍ അല്‍സബ്ഖ ഹെല്‍ത് സെന്ററിലാണ് ഇന്‍കാസ് നേതാക്കളായ സി.പി ജലീലും എ.വി മധു തണ്ണോട്ടും കോവിഡ് 19 നെതിരായ കാമ്പയിന്‍ ‘വീ ഓള്‍ ആര്‍ റെസ്‌പോണ്‍സിബിള്‍’ ഭാഗമായി പ്രവര്‍ത്തനം നടത്തുന്നത്. ഹെല്‍ത് സെന്ററിലെത്തുന്ന രോഗികള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി കോവിഡിനെതിരെയുളള ബോധവത്കരണമാണ് മുഖ്യമായും നിര്‍വഹിക്കുന്നത്. സി.പി ജലീല്‍ കഴിഞ്ഞ 30 ദിവസം തുടര്‍ച്ചയായി ഇതേ രീതിയിലുള്ള പ്രവര്‍ത്തനം ഷാര്‍ജ മയ്‌സലൂന്‍ അബൂബക്കര്‍ സിദ്ദീഖ് മസ്ജിദില്‍ നിര്‍വഹിച്ചുവെന്നും ജലീലിനെയും മധുവിനെയും അഭിനന്ദിക്കുന്നുവെന്നും ഇന്‍കാസ് യുഎഇ കമ്മിറ്റി ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. ഷാര്‍ജ സാമൂഹിക സേവന വകുപ്പിന് കീഴിലാണ് പ്രവര്‍ത്തനം നടത്തുന്നത്. കോവിഡുമായി ബന്ധപ്പെട്ട് കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ ഇന്‍കാസ് പ്രവര്‍ത്തകര്‍ എവിടെയും സജീവമാണെന്നും അദ്ദേഹം വ്യക്തമാക്കി.