ദുബൈ: 1978 സപ്തംബര്‍ 4ന് ഇരുപതാം വയസില്‍ ബോംബെയില്‍ നിന്നും കുവൈത്ത് എയര്‍വേസില്‍ ദുബൈയില്‍ വന്നിറങ്ങിയ ഇസ്മായില്‍ മല്ലിശ്ശേരി നീണ്ട 42 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയാണ്.
സ്റ്റുഡന്റ് വിസയിലാണ് ഇസ്മായില്‍ ദുബൈയിലെത്തിയത്. ഒരു സിഐഡി ഓഫീസറുടെ സഹായത്തോടെ ദുബൈ പൊലീസില്‍ മെസഞ്ചറായി ജോലിയില്‍ പ്രവേശിച്ച ഇസ്മായില്‍ പൊലീസ് ഹെല്‍ത് ക്‌ളിനിക്കില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ആദ്യ പതിനഞ്ച് വര്‍ഷം പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലും പിന്നീട് 27 വര്‍ഷം ദുബൈ പൊലീസ് അക്കാദമിയിലുമാണ് ജോലി ചെയ്തു പോന്നത്.
ദുബൈയുടെ അനുദിനമുള്ള വളര്‍ച്ച കണ്ടു വളര്‍ന്ന ഇസ്മായില്‍ മല്ലിശ്ശേരി അറുപത്തി രണ്ടാം വയസില്‍ നാടണയുമ്പോള്‍ ദുബൈ ഭരണാധികാരികളോടും യുഎഇ സ്വദേശികളോടും അതിരുകളില്ലാത്ത നന്ദി വാക്കുകളാണ് പ്രകടിപ്പിക്കുന്നത്.
ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിലും പിന്നീട് കെഎംസിസിയിലും സജീവമായി ഇടപെട്ട് പ്രവര്‍ത്തിച്ച ഇസ്മായില്‍ മല്ലിശ്ശേരിക്ക് സിഎച്ച് മുഹമ്മദ് കോയയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അത്തോളി കൊങ്ങന്നൂര്‍ സ്വദേശിയായ അദ്ദേഹം ലണ്ടനില്‍ നിന്ന് ചികിത്സ കഴിഞ്ഞ് ദുബൈയില്‍ വന്നിറങ്ങിയ ഉപ മുഖ്യമന്ത്രിയായ സിഎച്ചിന്റെ കൂടെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിക്കാന്‍ അവസരം ലഭിച്ചത് അഭിമാനത്തോടെ ഓര്‍ക്കുന്നു. സിഎച്ചിന്റെ പത്‌നി ആമിനത്തയും അന്ന് ഒപ്പമുണ്ടായിരുന്നു. സിഎച്ചിന്റെ കൂടെയാണ് അന്ന് നാട്ടിലേക്ക് അവധിക്ക് പോയതും ശേഷം വിവാഹം കഴിച്ചതും. പള്ളിക്കര കുട്ട്യാലിക്കയുടെ കൂടെ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിലും കെഎംസിസിയിലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ അനുഭവം ഇന്നും മനസില്‍ കുളിര് പകരുന്നുവെന്ന് ഇസ്മായില്‍ പറഞ്ഞു. ദുബായില്‍ വന്നിറങ്ങിയത് മുതല്‍ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ഒരുങ്ങിയ ഈ നിമിഷം വരെ ഒരു പ്രയാസവും ജീവിതത്തിന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇനിയുള്ള കാലം സിഎച്ചിന്റെ ജന്മനാടായ കൊങ്ങന്നൂരില്‍ ജീവിക്കാനായി മടങ്ങുകയാണ്. വഹീദയാണ് ഭാര്യ. മൂന്ന് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമുണ്ട്.
എല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസവും ജീവിത സാഹചര്യവും ഒരുക്കി നല്‍കാന്‍ കഴിഞ്ഞുവെന്ന സംതൃപ്തിയോടെയാണ് ദുബൈയോട് യാത്ര പറയുന്നത്. ഫോണ്‍: 050 3563504.
-ഇസ്മായില്‍ ഏറാമല