കരിപ്പൂര്‍ വിമാനപകടം: രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുബൈ കെഎംസിസിയുടെ കൈത്താങ്ങ്

13
കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ക്ക് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി ആഭിമുഖ്യത്തില്‍ രൂപീകരിച്ച റിലീഫ് സെല്ലിലേക്ക് ദുബൈ കെഎംസിസിയുടെ ധനസഹായം പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജിക്ക് കൈമാറിയപ്പോള്‍

കൊണ്ടോട്ടി: നാടിനെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടത്തില്‍ ജീവന്‍ പോലും ത്യജിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ക്ക് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി ആഭിമുഖ്യത്തില്‍ രൂപീകരിച്ച റിലീഫ് സെല്ലിലേക്ക് ദുബൈ കെഎംസിസി ധനസഹായം നല്‍കി. ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജിക്ക് തുക കൈമാറി. ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് ഒ.കെ ഇബ്രാഹിം, മണ്ഡലം മുസ്‌ലിം ലീഗ് നേതാക്കളായ അബൂബക്കര്‍ ഹാജി, സി.ടി മുഹമ്മദ്, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് പി.വി അഹമ്മദ് സാജു എന്നിവര്‍ പങ്കെടുത്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ മുഖ്യ രക്ഷാധികാരിയാണ്. 18 പേര്‍ മരിക്കാനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയായ കരിപ്പൂരിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അപകട സ്ഥലത്ത് കഴിഞ്ഞ ദിവസം ദുബൈ കെഎംസിസി നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു. മരിച്ചവര്‍ക്കും ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും കേന്ദ്ര-കേരള സര്‍ക്കാറുകള്‍ പ്രഖ്യപിച്ച ധനസഹായം ഉടന്‍ എത്തിക്കണമെന്നും വിമാനത്തിലെ യാത്രക്കാരുടെ നഷ്ടപ്പെട്ട രേഖകളും ലഗേജുകളമേടക്കമുള്ള സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്നും കെഎംസിസി നേതാക്കള്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അപകടമുണ്ടായ ഉടന്‍ ഓടിയെത്തി പരിക്കേറ്റവരയും കൊണ്ട് ആശുപത്രികളിലേക്ക് കുതിക്കുകയായിരുന്ന കൊണ്ടോട്ടി എംഎല്‍എ ടി.വി ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരുമായ രക്ഷാപ്രവത്തകരുടെ ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മനുഷ്യ സ്‌നേഹികളായ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ഇവര്‍ക്കുള്ള ധനസഹായം കൂടിയാണ് മണ്ഡലം മുസ്‌ലിം ലീഗ് റിലീഫ് സെല്ലിന് ദുബൈ കെഎംസിസി നേതാക്കള്‍ കൈമാറിയത്.