ദുബൈ: അകാലത്തില്‍ പൊലിഞ്ഞ കെ.എം ബഷീര്‍ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാധ്യമപ്രവര്‍ത്തകനായിരുന്നുവെന്ന് ദുബൈ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ അനുസ്മരിച്ചു. ബഷീറിന്റെ മരണത്തിനുത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടണം. ആ കുടുംബത്തിന് നീതി ലഭിക്കണം. കൊലപാതക സമാനമായ മരണമായിരുന്നു ബഷീറിന്റേത്. കേരളത്തിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരും ബഷീറിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും പ്രതികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, കേസന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. എന്നാല്‍, നീതിന്യായ വ്യവസ്ഥയില്‍ പ്രതീക്ഷ പുലര്‍ത്തുകയാണ്. ബഷീര്‍ എക്കാലവും കെട്ടടങ്ങാത്ത ഓര്‍മയാണെന്നും യോഗം ചൂണ്ടിക്കാട്ടി. സൂമില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ നിഷ് മേലാറ്റൂര്‍, രാജു മാത്യു, എം.സി.എ നാസര്‍, എല്‍വിസ് ചുമ്മാര്‍, സാദിഖ് കാവില്‍, ടി.എ ശിഹാബ്, പ്രമദ് ബി.കുട്ടി സംസാരിച്ചു. കെ.എം അബ്ബാസ് ആമുഖ പ്രഭാഷണം നടത്തി.