കുവൈത്ത്-ഇന്ത്യാ വിമാന സര്‍വീസ് ആഗസ്ത് 10 മുതല്‍; യാത്രാ വിലക്ക് പിന്‍വലിക്കാന്‍ സാധ്യത തെളിയുന്നു

മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് ഈ മാസം 10 മുതല്‍ വിമാന സര്‍വീസ് ആരംഭിക്കും. ഏഴു ദിവസത്തേക്കുള്ള സീറ്റുകളാണ് ഇപ്പോള്‍ കുവൈത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുസംബന്ധമായി ഇരു രാജ്യങ്ങളിലെയും വ്യോമയാന അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് കുവൈത്തില്‍ നിന്നും തിരിച്ചും പ്രതിദിനം 1,000 യാത്രക്കാര്‍ക്ക് വീതം സീറ്റുകള്‍ അനുവദിക്കാന്‍ ധാരണയായിരിക്കുന്നത്. 50% കുവൈത്ത് കമ്പനികളും 50% ഇന്ത്യന്‍ കമ്പനികളുമാണ് സര്‍വീസ് നടത്തുക. പരസ്പര ധാരണ പ്രകാരം 500 സീറ്റുകള്‍ കുവൈത്ത് വിമാന കമ്പനികളായ കുവൈത്ത് എയര്‍വേസും ജസീറ എയര്‍വേസും കൂടി സര്‍വീസ് നടത്തും. 300 സീറ്റുകള്‍ ദേശീയ വിമാന കമ്പനിയായ കുവൈത്ത് എയര്‍വേസും 200 എണ്ണം ജസീറയും വീതിച്ചെടുക്കും. ബാക്കി 500 സീറ്റുകളിലേക്കുള്ള ഇന്ത്യന്‍ വിമാന കമ്പനിക ളുടെ വിവരങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അണ്ടര്‍ സെക്രട്ടറിക്ക് കുവൈത്ത് ഡിജിസിഎ കത്തയച്ചിട്ടുണ്ട്. കുവൈത്തില്‍ നിന്ന് മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ദില്ലി, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ നിലവില്‍ വിമാനം ക്രമീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ, തുടര്‍ന്നുള്ള ആഴ്ചകളില്‍ കേരളത്തിലെ നാലു വിമാനത്താവളത്തിലേക്കും സര്‍വീസ് നടത്തുമെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച് കുവൈത്ത് വ്യോമയാന അധികൃതര്‍ ഇന്ത്യന്‍ വ്യോമയാന അധികൃതര്‍ക്ക് അയച്ച കത്തില്‍ ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്കുള്ള യാത്രക്കാരെ തിരികെ കൊണ്ടു വരുന്നതിനും അനുമതി നല്‍കാനായി അറിയിച്ചിട്ടുണ്ട്. എന്നാല്‍, നിലവില്‍ ഇന്ത്യ അടക്കമുള്ള 31രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നതിന് മന്ത്രിസഭാ തീരുമാന പ്രകാരം വിലക്ക് നിലനില്‍ക്കുന്നതിനാല്‍ അത് മറികടന്ന് കൊണ്ട് നാട്ടില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിരിച്ചു വരവിനെ സംബന്ധിച്ച കൂടുതല്‍ വ്യക്തത വരാനുണ്ട്. അതേസമയം, വാണിജ്യ വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് പറഞ്ഞ ദിവസം ഇറക്കിയ പ്രവേശന വിലക്കിയ ഉത്തരവിനെ കുവൈത്ത് ട്രാവല്‍ ആന്‍ഡ് ടൂറിസം ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ മുതൈരി നിശിതമായി വിമര്‍ശിച്ചു. വിലക്ക് ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, പ്രവേശന വിലക്കുള്ള രാജ്യത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലാത്ത മറ്റൊരു രാജ്യത്ത് എത്തി അവിടെ രണ്ടാഴ്ച താമസിച്ച ശേഷം ആ രാജ്യത്ത് നിന്നുള്ള പിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി കുവൈത്തിലേക്ക് പ്രവേശിക്കാമെന്ന ഇളവിനെ വിമര്‍ശിച്ച് എംപിമാരും രംഗത്ത് വന്നിട്ടുണ്ട്. ജനസംഖ്യാനുപാതികമായി വിദേശികളെ കുറക്കുക എന്നതിന് സര്‍ക്കാറിന് ആത്മാര്‍ത്ഥതയില്ലെന്ന് ചില എംപിമാര്‍ വിമര്‍ശിച്ചു. ആഗസ്ത് 10 മുതല്‍ വിലക്ക് പിന്‍വലിക്കാന്‍ സാധ്യത വര്‍ധിച്ചതായാണ് പൊതുവെയുള്ള വിലയിരുത്തല്‍. അല്ലാത്ത പക്ഷം ഇപ്പോള്‍ ഉണ്ടാക്കിയ ധാരണ നടപ്പാക്കാനാവില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.