കെ.വി ഹാഷിം ഹാജിയുടെ നിര്യാണത്തിലൂടെ നഷ്ടമായത് ആത്മാര്‍ത്ഥത കൊണ്ട് വിസ്മയം തീര്‍ത്ത കര്‍മോത്സുകനായ സേവകനെ. ദുബൈ കെഎംസിസിയുടെ സ്ഥാപക നേതാക്കളിലൊരാളായ ഹാഷിം അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് ഓഫീസ് സെക്രട്ടറിയായും എംഎസ്എഫ് ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. എംഎസ്എഫിനെ ജില്ലയില്‍ കെട്ടിപ്പെടുക്കുന്നതിന് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.
ദീവ ജീവനക്കാരനായ ഹാഷിമിനെ പ്രവാസികള്‍ കണ്ടിരുന്നത് ഒരു കയ്യില്‍ മീറ്റര്‍ റീഡിംഗിന്റെ ഫയലും മറുകയ്യില്‍ നാട്ടിലെ റിലീഫ് പ്രവര്‍ത്തനങ്ങളുടെ രശീതി ബുക്കുമായിട്ടായിരുന്നു.
പള്ളി, കക്കാട് യത്തീം ഖാന, മദ്രസ, ഖുര്‍ആന്‍ കോളജ്, ഇസ്‌ലാമിക് സെന്റര്‍ തുടങ്ങി ഹാഷിം ഹാജിയുടെ കയ്യൊപ്പ് പതിയാത്ത സ്ഥാപനങ്ങള്‍ കക്കാട് പ്രദേശത്തില്ലെന്ന് തന്നെ പറയാം. കെഎംസിസിയുടെ പ്രഥമ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മതഡസാംസ്‌കാരിക-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിലും സജീവമായിരുന്നു. വി.പി മഹ്മൂദ് ഹാജി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറിയായിരുന്ന ഹാഷിം ഹാജി, നാടിന്റെ സാമൂഹിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. മുസ്‌ലിം ലീഗിനെയും സമസ്തയെയും ജീവന് തുല്യം സ്‌നേഹിച്ച ഹാഷിം ഹാജി ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം നടന്ന മുഅല്ലിം ദിനാചരണ പരിപാടിയില്‍ ആരും പറയാതെ തന്നെ ബന്ധപ്പെട്ടവരെ വിളിച്ച് തന്റെ വിഹിതം ഏല്‍പ്പിച്ചാണ് മരണത്തിന് കീഴടങ്ങിയത്.
കണ്‍മറഞ്ഞത് സൗമ്യ വ്യക്തിത്വം:
സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍
ദുബൈ: കെ.വി ഹാഷിം ഹാജിയുടെ നിര്യാണത്തിലൂടെ വിവിധ മേഖലകളില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച സൗമ്യ വ്യക്തിത്വത്തെയാണ് നഷ്ടമായതെന്ന് ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പറഞ്ഞു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ പഠിക്കുന്ന കാലയളവില്‍ എംഎസ്എഫ് സെക്രട്ടറിയായിരുന്നു അദ്ദേഹം. അന്ന് തന്നെ വദി്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രത്യേക ഊര്‍ജം പ്രസരിപ്പിക്കാന്‍ ഹാഷിമിന് സാധിച്ചിരുന്നു. ആരോടും പുഞ്ചിരിച്ചു കൊണ്ടേ ഇടപെടാറുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ മുന്‍കയ്യില്‍ എംഎസ്എഫ് യൂണിറ്റുകള്‍ ധാരാളം സ്ഥാപിക്കാനായി. കമ്പില്‍ ഹൈസ്‌കൂളില്‍ അദ്ദേഹത്തിന്റെ മുന്‍കയ്യിലായിരുന്നു എംഎസ്എഫ് യൂണിറ്റ് സ്ഥാപിച്ചത്. മുതിര്‍ന്ന നേതാക്കളുമായി നല്ല ബന്ധം സൂക്ഷിച്ചപ്പോഴും സാധാരണ പ്രവര്‍ത്തകരുമായും സ്‌നേഹബന്ധങ്ങള്‍ ഏറ്റക്കുറച്ചിലുകളില്ലാതെ നിലനിര്‍ത്തി. ബാഫഖി തങ്ങള്‍ മരിച്ചയുടന്‍ നടന്ന എംഎസ്എഫ് താലൂക്ക് സമ്മേളനത്തെ ഒരു സംസ്ഥാന സമ്മേളനത്തിന്റെ പ്രൗഢിയിലാണ് അദ്ദേഹം നടത്തിയത്. എപ്പോഴും ശാന്ത സ്വഭാവക്കാരനായിരുന്നു. കക്കാട് യതീംഖാന അടക്കം പല സ്ഥാപനങ്ങളെയും മികച്ച നിലയില്‍ അദ്ദേഹം കൊണ്ടുപോയി. എല്ലാ പ്രാദേശിക പരിപാടികളിലും സാന്നിധ്യമറിയിച്ചു. ഇന്നലെ വരെ മുഅല്ലിം ഫണ്ട് വിതരണ പരിപാടിയില്‍ പങ്കെടുത്തു. 1981ല്‍ താന്‍ ആദ്യമായി ദുബൈയിലെത്തിയത് മുതല്‍ എല്ലാ കാര്യങ്ങളിലും സഹായിച്ച വ്യക്തിയാണ് ഹാഷിം. ലീഗിലെ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പില്‍ അഖിലേന്ത്യാ ലീഗിനൊപ്പമായിരുന്നു അദ്ദേഹം. ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിലും സജീവമായി പ്രവര്‍ത്തിച്ചു. കെഎംസിസി എന്ന മഹാ പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളായി നിലകൊണ്ട ഹാഷിമിന്റെ നിര്യാണം സമൂഹത്തിനും സുഹൃദ് ബന്ധമുള്ളവര്‍ക്കും വലിയ വേദനയും ദു:ഖവുമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പരേതന്റെ മഗ്ഫിറത്തിനും മര്‍ഹമത്തിനുമായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഹാമിദ് കോയമ്മ തങ്ങള്‍ പറഞ്ഞു.
കെ.വി ഹാഷിം ഹാജിയുടെ നിര്യാണത്തില്‍
ദുബൈ കെഎംസിസി അനുശോചിച്ചു
ദുബൈ: ദുബൈ കെഎംസിസിയുടെ സ്ഥാപക ജന.സെക്രട്ടറിയും മത-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വവുമായിരുന്ന കെ.വി ഹാഷിം ഹാജിയുടെ നിര്യാണത്തില്‍ ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. കെഎംസിസിക്ക് മറക്കാനാവാത്ത എണ്ണമറ്റ സംഭാവനകളര്‍പ്പിച്ച ആദ്യ കാലത്തെ മികച്ച നേതാവിനെയാണ് നഷ്ടമായതെന്ന് സംസ്ഥാന കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, മറ്റു സംസ്ഥാന ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിലൂടെയും പിന്നീട് കെഎംസിസിയിലൂടെയും അദ്ദേഹം ഏറ്റവും മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചത്. കെഎംസിസിക്കും മുസ്‌ലിം ലീഗ് പാര്‍ട്ടിക്കും സമൂഹത്തിനും കനത്ത നഷ്ടമാണ് ആ നിര്യാണമുണ്ടായിരിക്കുന്നതെന്നും അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അദ്ദേഹത്തെ അനുഗ്രഹിക്കട്ടെയെന്നും നേതാക്കള്‍ പ്രാര്‍ത്ഥിച്ചു.
ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസി,
പുഴാതി മേഖലാ കെഎംസിസി
ദുബൈ: ദുബൈ കെഎംസിസിയുടെ സ്ഥാപക ജന.സെക്രട്ടറി കെ.വി ഹാഷിം ഹാജിയുടെ വിയോഗത്തില്‍ ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസി ജന.സെക്രട്ടറി സൈനുദ്ദീന്‍ ചേലേരി, ആക്ടിംഗ് പ്രസിഡന്റ് ഹാഷിം നീര്‍വേലി, ആക്ടിംഗ് ജന.സെക്രട്ടറി മുനീര്‍ ഐക്കോടിച്ചി, മുന്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് കെ.ടി ഹാഷിം ഹാജി എന്നിവരും; ദുബൈ-പുഴാതി മേഖലാ കെഎംസിസി ഭാരവാഹികളായ അബ്ദുല്‍ സലീം കെ.വി, പി.പി നൗഫല്‍, പി.വി ജംഷീര്‍ എന്നിവരും അനുശോചനം രേഖപ്പെടുത്തി. ദുബൈ-പുഴാതി മേഖലാ കെഎംസിസിയുടെ വഴികാട്ടിയും മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഹാഷിം ഹാജിയുടെ വേര്‍പാട് കനത്ത നഷ്ടമാണെന്നും ഭാരവാഹികള്‍ അനുസ്മരിച്ചു.
യുഎഇ കെഎംസിസി ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍
കണ്ണൂര്‍: കെ.വി ഹാഷിം ഹാജിയുടെ നിര്യാണത്തില്‍ യുഎഇ കെഎംസിസി ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ അനുശോചിച്ചു. ഓണ്‍ലൈനില്‍ നടന്ന പരിപാടിയില്‍ ചെയര്‍മാന്‍ അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. പി.എ അബൂബക്കര്‍ ഹാജി, ഇബ്രാഹിം കുട്ടി ചൊക്‌ളി, കെ.എച്ച്.എം അഷ്‌റഫ്, ഹുസൈന്‍ ചെറുതുരുത്തി, എസ്.കെ ഹംസ ഹാജി, റസാഖ് അല്‍വസല്‍, അബ്ദുല്‍ സലാം കണ്ണാടിപ്പറമ്പ്, അഹമ്മദ് പോത്താംകണ്ടം, കെ.എം.എ ബക്കര്‍, ടി.പി മഹ്മൂദ്, മൊയ്തു എടയൂര്‍, ടി.പി അബ്ദുല്‍ ഖാദര്‍ വാരം, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ബഷീര്‍ അലനെല്ലൂര്‍, ബീരാവുണ്ണി തൃത്താല, ടി.ഹംസ കണ്ണൂര്‍, പി.എം റഷീദ്, ഉമര്‍ കുട്ടി റാഡൊ, ടി.പി അബ്ബാസ് ഹാജി, കെ.ടി ഹാഷിം സംസാരിച്ചു.
മറക്കാനാവാത്ത വ്യക്തിത്വം
കണ്ണൂര്‍: 35 വര്‍ഷത്തിന് മുകളില്‍ ദുബൈയിലുണ്ടായിരുന്ന ഹാഷിംക്ക ആദ്യമായി കാണുന്നവരോട് അന്വേഷിക്കുന്നത് പണിയുണ്ടോ എന്നായിരുന്നു.
പണിയുണ്ട് എന്നവര്‍ പറഞ്ഞാല്‍ ജോലിയില്ലാത്ത പുതിയ ആള്‍ക്കാരുടെ ലിസ്റ്റ് അവര്‍ക്ക് കൊടുക്കും. വേകന്‍സി ഉണ്ടെങ്കില്‍ അറിയിക്കണമെന്നും പറയും. ഇനി ഇപ്പറഞ്ഞ ആള്‍ക്ക് ജോലി ഇല്ലെങ്കില്‍ അവരുടെ ബയോഡാറ്റ ശേഖരിച്ച് മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കും. ടെലിഫോണോ മൊബൈല്‍ ഫോണോ ഇല്ലാത്ത ആ കാലത്ത് ഉച്ചക്ക് ശേഷം അദ്ദേഹത്തിന്റെ ഡ്യൂട്ടി കഴിഞ്ഞാല്‍ കഠിന ചൂടില്‍ കിലോ മീറ്ററുകള്‍ നടന്നു പോയി ഇത്തരം കാര്യങ്ങള്‍ക്ക് മെനക്കെടുന്നത് കാണാമായിരുന്നു. ദുബൈ കെഎംസിസിയുടെ നട്ടെല്ലായിരുന്ന അദ്ദേഹം, സ്ഥാന മാനങ്ങള്‍ നോക്കാതെ തന്നെ മിക്ക പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങുമായിരുന്നു. നാട്ടില്‍ സ്ഥിര താമസമാക്കിയ ശേഷം ഇവിടത്തെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഒരു ടേമില്‍ മഹല്ലിന്റെ സെക്രട്ടറിയുമായി. കെഎംസിസി പ്രവര്‍ത്തകന്‍ കെ.വി ഹാരിസിന്റെ മൂത്ത ജ്യേഷ്ഠനാണ് ഹാഷിംക്ക. ജീവിതത്തില്‍ സംഭവിച്ച തെറ്റുകുറ്റങ്ങള്‍ പരമകരുണികനായ നാഥന്‍ പൊറുത്തു കൊടുത്ത് ഉന്നതമായ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമാറാകട്ടെ, ആമീന്‍.
-ടി.പി അബ്ബാസ് ഹാജി