ആ വേര്‍പാടുകളുടെ നഷ്ടബോധം…

എം.എ റസാഖ് മാസ്റ്റര്‍
2009 ഓഗസ്റ്റ് ഒന്ന്. കോഴിക്കോട് സിഎച്ച് സെന്ററിലേക്ക് ഗ്‌ളോബല്‍ മലയാളി അസോസിയേഷന്റെ വകയായി ഒരു ആംബുലന്‍സ് നല്‍കുന്നതിന്റെ ചര്‍ച്ച നടന്നു കൊണ്ടിരിക്കെ വൈകീട്ട് ഏഴര-എട്ടു മണിയോടടുത്ത സമയത്താണ് കോഴിക്കോട് ജില്ലാ കലക്ടര്‍ പി.ബി സലീമിന്റെ ”നിങ്ങള്‍ പുറപ്പെട്ടോ..?” എന്ന് ചോദിച്ചു കൊണ്ടുള്ള ഫോണ്‍.
”എങ്ങോട്ട്..?” എന്ന മറുചോദ്യത്തിന്റെ ഉത്തരം തീര്‍ത്തും ഞെട്ടിക്കുന്നതായിരുന്നു: പാണക്കാട് തങ്ങള്‍ നിര്യാതനായത് നിങ്ങള്‍ അറിഞ്ഞില്ലേ, ഞാന്‍ അങ്ങോട്ട് പുറപ്പെടുകയാണ്. കൂടെ വരുന്നോ..?”.
ബൈപാസ് റോഡില്‍ വെച്ച് തൊണ്ടയാട് ജങ്ഷനില്‍ നിന്ന് കലക്ടറുടെ ഔദ്യോഗിക വാഹനത്തില്‍ പാണക്കാട്ടേക്കുള്ള യാത്ര തുടര്‍ന്നു. പാണക്കാട്ടേക്കുള്ള റോഡിലൂടെ കുറച്ചു മുന്നോട്ട് പോയപ്പോള്‍ ജനസാഗരമാണ് മുന്നില്‍. വാഹനം നിര്‍ത്തി കലക്ടര്‍ സലീമിന്റെ കൂടെ തിക്കിനും തിരക്കിനുമിടയിലൂടെ ഓടിയെത്തിയപ്പോഴേക്കും വന്മതില്‍ പോലെ ജനങ്ങള്‍ ഉണ്ടായിരുന്നു. അതിനിടയിലൂടെ എങ്ങനെയോ അകത്ത് കടന്ന് കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ജനാസ മലപ്പുറം കുന്നിന്‍ മുകളിലുള്ള വാരിയന്‍ കുന്നത്ത് മെമ്മോറിയല്‍ ടൗണ്‍ ഹാളിലേക്ക് മാറ്റാന്‍ തീരുമാനമായി.
പതിനായിരക്കണക്കിന് ജനങ്ങളുടെ തിക്കിനും തിരക്കിനുമിടയില്‍ പെട്ട് കുറേയൊഴുകിയെന്നല്ലാതെ പാതിരാത്രിയായിട്ടും വേറെയും ആയിരങ്ങളെ പോലെ എനിക്ക് ലക്ഷ്യം നേടാനായില്ല. നിരാശ നിറഞ്ഞ കണ്ണീരോടെ പാതിരാക്ക് കോഴിക്കോട്ടേക്ക് മടങ്ങിയെങ്കിലും പിറ്റേന്ന്, മലപ്പുറം ടൗണ്‍ഹാളില്‍ ഖബറിടത്തിലേക്കുള്ള യാത്ര സിഎച്ച് സെന്ററിന്റെ ആംബുലന്‍സിലാക്കാന്‍ നേതാക്കളുമായി കൂടിയാലോചിച്ചെടുത്ത തീരുമാനം എന്നെ തുണച്ചു. അതിരാവിലെ ആംബുലന്‍സുമായി മലപ്പുറത്തേക്ക് പുറപ്പെട്ട എനിക്ക് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മയ്യിത്തിന്റെ അരികിലെത്തിച്ചേരാന്‍ സാധിച്ചു.
വാരിയന്‍കുന്നത്ത് ഹാളില്‍ നിന്ന് ജനാസയുമായി പാണക്കാട് ഖബര്‍സ്താനിലേക്ക് എത്തുന്നത് വരെ സമാദരണീയരായ നേതാക്കള്‍ക്കൊപ്പം ആംബുലന്‍സില്‍ അനുഗമിക്കാന്‍ ലഭിച്ച സന്ദര്‍ഭം ജീവിതത്തിലെ അത്യപൂര്‍വ ഭാഗ്യങ്ങളിലൊന്നായി ഞാന്‍ ഓമനിക്കുകയാണ്.
പ്രകാശം പരത്തി പുഞ്ചിരിച്ചു കൊണ്ട് കിടക്കുന്ന ആ മുഖം ഉദിച്ച സൂര്യനെപ്പോലെയാണ് തോന്നിച്ചത്. ശിഹാബ് തങ്ങളുടെ വിട വാങ്ങല്‍ നമ്മുടെ സമുദായത്തിനും നാടിനും സമൂഹത്തിനും മതേതര ഭാരതത്തിനും ഉണ്ടാക്കിയ നഷ്ടം തീരാത്തതാണ്. സമൂഹം ഇന്നും ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്ന വിഷയമാണല്ലോ അത്. ഒരു വര്‍ഷത്തെ വ്യത്യാസത്തില്‍ ഇതേ തീയതിക്ക് മരിച്ച സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ ദൃഢ നിശ്ചയത്തിന്റെയും ധീരതയുടെയും പര്യായമായിരുന്നു. മാത്രമല്ല, നിലപാടിലൂന്നി നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച മറ്റൊരു നേതാവിനെയും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളെ പോലെ പൊതുരംഗത്ത് കണ്ടത്തുക എളുപ്പമല്ല.
മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങളായിരുന്നുവെങ്കിലും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ അഭിപ്രായങ്ങള്‍ക്കെന്നും വലിയ വില കല്‍പിച്ചിരുന്നു അദ്ദേഹം. ലളിതവും സാധാരണവുമായ ജീവിതമായിരുന്നു സയ്യിദ് ഉമര്‍ തങ്ങള്‍ നയിച്ചിരുന്നത്.
ഒരിക്കല്‍ ഒരസുഖം വന്നപ്പോള്‍, തന്നെ മെഡിക്കല്‍ കോളജില്‍ ഒന്ന് കാണിക്കണമെന്ന് താങ്ങള്‍ ആവശ്യപ്പെടുകയുണ്ടായി. അദ്ദേഹത്തെയും കൊണ്ട് ഞാന്‍ പല ഡോക്ടര്‍മാരുടെയും അടുത്ത് പോകേണ്ട സാഹചര്യമുണ്ടായി. അപ്പോഴൊക്കെയും ഓരോ ഡോക്ടര്‍മാര്‍ക്കും അദ്ഭുതമായിരുന്നു. വലിയൊരു നേതാവും ആദരണീയ വ്യക്തിയുമാണെന്ന ഭാവമൊന്നും തങ്ങളില്‍ അവര്‍ കണ്ടില്ല എന്നതായിരുന്നു അവരെയൊക്കെ ആശ്ചര്യപ്പെടുത്തിയ കാര്യം. ബാഫഖി തങ്ങള്‍ക്ക് ശേഷം എവിടെയും തലയുയര്‍ത്തി നിന്ന നേതാവായിരുന്നു സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍.
വാക്കിലും നോക്കിലും നന്മ മാത്രം പകര്‍ന്ന്, കടന്നു പോയ വഴികളിലത്രയും വെളിച്ചം തെളിച്ചുവച്ച പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ക്കും സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ക്കും സര്‍വ ശക്തന്‍ പരലോകാനുഗ്രഹം വാര്‍ഷിപ്പിക്കട്ടെ, ആമീന്‍.