ജനകീയ പരിഷ്‌കാരങ്ങളോടെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്; പ്രതീക്ഷയോടെ ഇന്ത്യക്കാര്‍

പുതുതായി ചാര്‍ജെടുത്ത കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജുമായി മിഡില്‍ ഈസ്റ്റ് ചന്ദ്രിക കുവൈത്ത് ബ്യൂറോ നടത്തിയ അഭിമുഖം (ചിത്രം: ഷാഫി കൊല്ലം)

അടുത്ത ഓപണ്‍ ഹൗസില്‍ എഞ്ചിനീയര്‍മാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.
എംബസി ആവശ്യങ്ങള്‍ക്ക് രാവിലെ 7 മണിക്ക് എത്തുന്നവരുടെ രേഖകള്‍ പരിശോധിച്ച് പൂര്‍ണത ഉറപ്പു വരുത്തുന്നതിന് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തീരുമാനം.
വെല്‍ഫെയര്‍ ഫണ്ട് സഹായത്തിനുള്ള അപേക്ഷകള്‍ എംബസിയിലും എല്ലാ ഔട്‌സോഴ്‌സിംഗ് കേന്ദ്രങ്ങളിലും നല്‍കാം

മുഷ്താഖ് ടി. നിറമരുതൂര്‍
കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ചാര്‍ജെടുത്ത സിബി ജോര്‍ജ് വളരെ കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ ജനോപകാരപ്രദമായ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും തുടക്കം കുറിച്ചു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ആഴ്ച തോറുമുള്ള ഓപണ്‍ ഹൗസ് പുനരാരംഭിച്ചതാണ്. പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് വളരെ ആശ്വാസകരമാണെന്നാണ് ആദ്യ രണ്ടാഴ്ചത്തെ ഓപണ്‍ ഹൗസില്‍ കാണാനായത്. എംബസിയിലെ ടൈപ്പിംഗ് കേന്ദ്രം പുനരാരംഭിച്ചത് ആദ്യ ഓപണ്‍ ഹൗസിലെ ആവശ്യം പരിഗണിച്ചായിരുന്നുവെന്നത് അതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. മിഡില്‍ ഈസ്റ്റ് ചന്ദ്രിക റിപ്പോര്‍ട്ടറുമായി നടത്തിയ അഭിമുഖത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് അംബാസഡര്‍ വിശദീകരിച്ചു.
130 കോടി ഇന്ത്യാക്കാരുടെ പ്രതിനിധിയാണ് അംബാസഡറെന്നും ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം തലമുറകള്‍ കൈമാറി വന്നതാണെന്നും അത് തുടര്‍ന്ന് പോവുകയും കൂടുതല്‍ ദൃഢമാക്കുകയുമാണ് തന്റെ ലക്ഷ്യമെന്നും അംബാസഡര്‍ സിബി ജോര്‍ജ് പറഞ്ഞു. കുവൈത്തിലെ ഇന്ത്യക്കാര്‍ക്കിടയില്‍ യാതൊരു വിവേചനവുമില്ലാതെ എല്ലാവരെയും ഒന്നായിക്കണ്ടു കൊണ്ടുള്ള പ്രവര്‍ത്തനമാണ് തന്റെ ലക്ഷ്യമെന്നും അംബാസഡര്‍ പറഞ്ഞു.
രാവിലെ 8 മണിക്ക് ആരംഭിക്കുന്ന എംബസി ആവശ്യങ്ങള്‍ക്ക് 7 മണി മുതല്‍ എത്തുന്നവരുടെ പേപ്പറുകള്‍ പരിശോധിച്ച് പൂര്‍ണത ഉറപ്പ് വരുത്താന്‍ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തീരുമാനിച്ചതായി അംബാസഡര്‍ അറിയിച്ചു. സാധാരണക്കാര്‍ അപൂര്‍ണ രേഖകളുമായി എത്തി ആവശ്യം നടക്കാതെ സമയം ചെലവഴിച്ച് പോകുന്നത് ഒഴിവാക്കാനാണ് ഈ നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു.
ഇനി മുതല്‍ ഓപണ്‍ ഹൗസില്‍ ഓരോ ആഴ്ചയിലും ഓരോ വിഷയങ്ങളായിരിക്കും ചര്‍ച്ച ചെയ്ത് പരിഹാരം തേടുകയെന്നും അംബാസഡര്‍ പറഞ്ഞു. അതനുസരിച്ച്, അടുത്താഴ്ച (സെപ്തംബര്‍ 2) കുവൈത്തിലെ എഞ്ചിനീയര്‍മാരുടെ വിഷയങ്ങളായിരിക്കും ചര്‍ച്ച ചെയ്യുകയെന്നും അംബാസഡര്‍ പറഞ്ഞു.
അംഗങ്ങളുടെ എണ്ണം നോക്കാതെ എല്ലാ കൂട്ടായ്മകള്‍ക്കും കുവൈത്തിലെ നിയമത്തിനതീതമായി പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുമെന്ന് മുന്‍പ് എംബസി അംഗീകാരം നല്‍കാതിരുന്ന പ്രാദേശിക-ജില്ലാ സാംസ്‌കാരിക സംഘടനകളെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.
മരിച്ചവരുടെ ആശ്രിതര്‍ക്ക് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് സഹായം നല്‍കാനുള്ള ആവശ്യത്തില്‍ നിയമ വശം പരിശോധിച്ച് വേണ്ടത് ചെയ്യുമെന്നും അംബാസഡര്‍ പറഞ്ഞു. അത് ഉപയോഗിക്കാനുള്ള നിലവിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. പ്രവാസികളുടെ ക്ഷേമത്തിനായി പ്രസ്തുത ഫണ്ട് ഉപയോഗിക്കണമെന്നത് ദിര്‍ഘ കാലത്തെ ആവശ്യമാണ്. അതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ എംബസിയിലും എല്ലാ ഔട്‌സോഴ്‌സിംഗ് കേന്ദ്രങ്ങളിലും നല്‍കാവുന്നതാണെന്നും അംബാസഡര്‍ അറിയിച്ചു.
പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിലുള്ള കാലതാമസം കുറക്കാന്‍ ഔട്‌സോഴ്‌സിംഗ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശം നല്‍കിയതായും അംബാസഡര്‍ വ്യക്തമാക്കി.


സഊദിയില്‍ അറേബ്യയില്‍ നിതാഖാത്ത് നടപ്പാാക്കിയ സമയത്ത് ഡിസിഎം പദവിയില്‍ ശ്‌ളാഘനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അനുഭവ സമ്പത്തുള്ള സിബി ജോര്‍ജ് സ്വിറ്റ്‌സര്‍ലാന്റ് അംബാസഡര്‍ പദവിയില്‍ നിന്നാണ് കുവൈത്ത് അംബാസഡറായി എത്തിയത്. 1993 ബാച്ച് ഐഎഫ്എസ് ഓഫീസറായ അദ്ദേഹം ആദ്യം ഈജിപ്തിലെ പൊളിറ്റിക്കല്‍ ഓഫീസറായും പിന്നീട് ഖത്തറില്‍ ഫസ്റ്റ് സെക്രട്ടറിയായും ശേഷം പാക്കിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറേറ്റില്‍ പൊളിറ്റിക്കല്‍ കൗണ്‍സിലറായും വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിയില്‍ പൊളിറ്റിക്കല്‍ & കൊമേഴ്‌സ്യല്‍ കൗണ്‍സിലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇറാനിലും ഡിസിഎം ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡെല്‍ഹിയില്‍ വിദേശ കാര്യ മന്ത്രാലയത്തില്‍ നടന്ന ഈസ്റ്റ് ഏഷ്യ ഡിവിഷന്‍, ഇന്തോ-ആഫ്രിക്ക ഉച്ചകോടി കോഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അറബി ഭാഷ സ്ഫുടമായി കൈകാര്യം ചെയ്യുന്ന സിബി ജോര്‍ജ് 2014ല്‍ എസ്.കെ സിംഗ് പുരസ്‌കാരം നേടിയിട്ടുണ്ട്. ബി.എം.സി നായര്‍ക്ക് ശേഷം കുവൈത്തിലെ രണ്ടാമത്തെ മലയാളി അംബാസഡറായ സിബി ജോര്‍ജ് കോട്ടയം പാലാ പൊടിമറ്റം കുടുംബാംഗമാണ്. കെഎംസിസി ഉള്‍പ്പെടെയുള്ള കുവൈത്തിലെ വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ ഊഷ്മള സ്വീകരണമാണ് പുതിയ അംബാസഡര്‍ക്ക് നല്‍കിയത്.