യുഎഇ കോവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങളില്ലെന്ന് ആരോഗ്യ മന്ത്രി

ദുബൈ: യുഎഇയില്‍ വികസിപ്പിച്ചെടുക്കുന്ന കോവിഡ്-19 വാക്‌സിന് പാര്‍ശ്വഫലങ്ങളില്ലെന്ന് ആരോഗ്യ പ്രതിരോധ മന്ത്രി അബ്ദുല്‍ റഹ്്മാന്‍ അല്‍ഒവൈസും ഗവ.വക്താവ് ഡോ.ഒമര്‍ അല്‍ഹമ്മാദിയും പറഞ്ഞു. കോവിഡ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഇതിനകം രണ്ട് ഘട്ടങ്ങളില്‍ വാക്‌സിന്‍ ട്രയല്‍ പരിശോധന നടന്നു. വാക്‌സിന്‍ സ്വീകരിച്ച വളണ്ടിയര്‍മാര്‍ക്കിടയില്‍ ആര്‍ക്കും ഫാര്‍ശ്വഫലങ്ങളുണ്ടായിട്ടില്ലെന്ന് അല്‍ഒവൈസ് പറഞ്ഞു. മൂന്നാംഘട്ട ട്രയലിന് എല്ലാ ഒരുക്കങ്ങളും നടന്നുവരികയാണ്. ഇതിലേക്ക് വരുന്നവരുടെ സേവന സന്നദ്ധതയെ മാനിക്കുന്നതായും കൂടുതലാളുകളെ ഇതിലേക്ക് ക്ഷണിക്കുന്നതായും അല്‍ഒവൈസ് പറഞ്ഞു. രാജ്യത്ത് കോവിഡ്-19 കേസുകള്‍ ഗണ്യമായി കുറഞ്ഞുവരികയാണ്. അതേസമയം ശക്തമായ പ്രതിരോധ നടപടികളും സ്വീകരിച്ചുവരുന്നുണ്ട്. കുടുംബ, സാമൂഹ്യ കൂട്ടായ്മകളെ ശക്തമായി വിലക്കിയിട്ടുണ്ട്. യുഎഇയില്‍ ഇതിനകം ആറ് മില്യനിലധികം കോവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ശക്തമായ നടപടികള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.