എമിഗ്രേഷന്‍ ‘ക്‌ളിയര്‍’ ആയില്ല; അപകടപ്പെടാതെ ‘യൂ ടേണ്‍’ ആയി നൗഫല്‍മോന്‍!

846
നാട്ടിലേക്ക് കൊണ്ടു പോകാനായി കെട്ടിയ പെട്ടിയുമായി നൗഫല്‍ മോന്‍.

ജലീല്‍ പട്ടാമ്പി 

ദുബൈ: ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വന്ദേ ഭാരത് മിഷന്‍ വിമാനത്തില്‍ നാടണയാന്‍ ദുബൈ എയര്‍പോര്‍ട്ടിലെത്തിയ വെട്ടന്‍ നൗഫല്‍മോന്‍ ശരിക്കും അപകടപ്പെടാതെ ‘യൂ ടേണ്‍’ ആയി ജീവിതത്തിലേക്ക് തിരിച്ചു നടക്കുക തന്നെയായിരുന്നു. ഇന്നലെ കരിപ്പൂരില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യേണ്ടിയിരുന്നയാളായിരുന്നു ബാബു എന്ന നൗഫല്‍ മോന്‍. എന്നാല്‍, എമിഗ്രേഷന്‍ ക്‌ളിയറാവാതിരുന്നതിനാല്‍ യാത്ര ചെയ്യാനാവില്ലെന്നറിയിച്ച് അധികൃതര്‍ നൗഫലിനെ തിരിച്ചയക്കുകയായിരുന്നു. നിരാശയോടെ ദുബൈ എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങിയ നൗഫലിന്റെ പ്രയാസകരമായ അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിലവിലെ തൊഴിലുടമ നൗഫലിനെ തൊഴിലിലേക്ക് തിരിച്ചെടുത്ത് ആശ്വസിപ്പിക്കുകയും ചെയ്തു. വിമാന ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെയും പരിക്കേറ്റവരുടെയും ദു:ഖം തന്റേത് കൂടിയാണെന്നും അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും നൗഫല്‍ പറഞ്ഞു. ജോലി തിരികെ കിട്ടിയതില്‍ സന്തോഷമുണ്ടെങ്കിലും കരിപ്പൂരിലെ വിമാന ദുരന്തത്തിലകപ്പെട്ടവര്‍ക്കൊപ്പമാണ് മനസ്. അവര്‍ക്കായി പ്രാര്‍ത്ഥന മാതമേ ഇനി നല്‍കാനുള്ളൂവെന്നും അദ്ദേഹം മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു.

ബോര്‍ഡിംഗ് പാസ്

ഹസീന എജുകേഷന് കീഴിലുള്ള അല്‍വഹ്ദ പ്രൈവറ്റ് സ്‌കൂളില്‍ ഓഫീസ് ബോയ് ആയി ജോലി ചെയ്യുകയായിരുന്നു നൗഫല്‍. ഒരു ഗര്‍ഭിണിയും പ്രായമായ സ്ത്രീയും തനിക്കൊപ്പം യാത്ര ചെയ്യാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നുവെന്നും, എന്നാല്‍ അവര്‍ ദുരന്തമുണ്ടായ വിമാനത്തില്‍ യാത്ര ചെയ്‌തെന്നും തനിക്ക് പോകാനാവാത്തതില്‍ നിരാശ തോന്നിയിരുന്നുവെന്നും നൗഫല്‍ പറഞ്ഞു. അവരുടെ വിവരമറിയാത്തതില്‍ വിഷമമുണ്ടെന്നും നൗഫല്‍ കൂട്ടിച്ചേര്‍ത്തു.
തിരൂര്‍ തിരുന്നാവായ പട്ടര്‍നടക്കാവ് വെട്ടന്‍ അബ്ദുല്‍ മജീദിന്റെയും തിത്തിക്കുട്ടിയുടെയും മകനായ നൗഫല്‍ മോന്റെ ഭാര്യ മുര്‍ഷിദയാണ്. മക്കള്‍: ഫാത്തിമ നിദ, മുഹമ്മദ് നിഷല്‍, മുഹമ്മദ് നിജാസ്.