സ്വകാര്യ മേഖലയില്‍ പാറ്റേര്‍ണിറ്റി അവധി നിര്‍ബന്ധമാക്കി ഖലിഫയുടെ ഉത്തരവ്– ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് ഭര്‍ത്താവിന് അഞ്ച് ദിവസത്തെ അവധി

    യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്്യാന്‍

    ദുബൈ: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫയുടെ ഉത്തരവിനെ തുടര്‍ന്ന് സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് പിതൃത്വ അവധി നിര്‍ബന്ധമാക്കി.
    പുതിയ നിയമ പ്രകാരം സ്വകാര്യ കമ്പനികള്‍ പുരുഷ ജീവനക്കാര്‍ക്ക് ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് അഞ്ച് ദിവസത്തെ ശമ്പളമുള്ള പിതൃത്വ അവധി നല്‍കണമെന്നാണ് വ്യവസ്ഥ. അവരുടെ കുട്ടിയുടെ ജനനം മുതല്‍ ആറുമാസത്തിനുള്ളില്‍ ഇത് എടുക്കണം. നേരത്തെ യുഎഇ നിയമം പ്രകാരം സ്വകാര്യമേഖല കമ്പനികള്‍ക്ക് അവരുടെ പുരുഷ ജീവനക്കാര്‍ക്ക് പിതൃത്വ അവധി നല്‍കണമെന്ന് നിര്‍ബന്ധമില്ലായിരുന്നു. പുരുഷ പൊതുമേഖലാ തൊഴിലാളികള്‍ക്ക് അവരുടെ കുട്ടി ജനിച്ചതിനുശേഷം മൂന്ന് ശമ്പളമുള്ള തൊഴില്‍ ദിന അവധി നല്‍കുന്നുണ്ട്. ഞായറാഴ്ചത്തെ വിധി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമാണോ എന്ന് വ്യക്തമല്ല. നിലവില്‍ യുഎഇയിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് 90 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നല്‍കുന്നു. ചില എമിറേറ്റുകളില്‍ ശമ്പളമില്ലാത്ത അവധിയില്‍ അവര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കും. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രസവാവധിക്ക് 45 ദിവസത്തെ മുഴുവന്‍ വേതനവും ലഭിക്കും. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും തുടര്‍ച്ചയായി സേവനമനുഷ്ഠിച്ചിരിക്കണം. ഒരു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ പ്രസവാവധി പകുതി ശമ്പളത്തോടെയാണ് നല്‍കുന്നത്. പ്രസവാവധി അവസാനിച്ച ശേഷം ശമ്പളമില്ലാതെ പരമാവധി 10 ദിവസത്തേക്ക് കൂടി അവധി നീട്ടാവുന്നതാണ്. പ്രസവത്തെ തുടര്‍ന്നുള്ള ആദ്യത്തെ 18 മാസത്തേക്ക് സ്ത്രീകള്‍ക്ക് അവരുടെ കുഞ്ഞിനെ മുലയൂട്ടുന്നതിനായി 30 മിനിറ്റില്‍ കൂടാത്ത പ്രതിദിനം രണ്ട് ശമ്പള വിശ്രമ ഇടവേളകള്‍ നല്‍കുന്നു. വനിതാ ജീവനക്കാരെ ജോലിസ്ഥലത്ത് നിലനിര്‍ത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് യുഎഇ വലിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഓണ്‍-സൈറ്റ് ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ കുട്ടികളെ ഓഫീസിലേക്ക് കൊണ്ടുവരാനും ജോലി ചെയ്യുമ്പോള്‍ അവരെ പരിപാലിക്കുന്നുവെന്ന് ഉറപ്പാക്കാനും മാതാപിതാക്കളെ അനുവദിച്ചിരിക്കുന്നു. സ്ത്രീ ജീവനക്കാര്‍ക്ക് തുല്യവേതനം നല്‍കുമെന്ന് ഉറപ്പാക്കുന്ന ഒരു നിയമം 2018 ല്‍ യുഎഇ മന്ത്രിസഭ അംഗീകരിച്ചിരുന്നു.