രമ്യയുടെയും രിവാത്മികയുടെയും ദാരുണ മരണം; ഞെട്ടല്‍ മാറാതെ റാസല്‍ഖൈമ

215

റാസല്‍ഖൈമ: കരിപ്പൂര്‍ വിമാന ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാവാതെ റാസല്‍ഖൈമയിലെ മലയാളി സമൂഹം. റാസല്‍ഖൈമയില്‍ നിന്നുള്ള രമ്യയുടെയും (31) മകള്‍ രിവാത്മികയുടെയും (അഞ്ച്) ദാരുണ മരണം ഏവരുടെയും വേദനയായി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകന്‍ രധുവും (10) സുഹൃത്തിന്റെ ഭാര്യ മഞ്ജുളയും പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരടക്കം അഞ്ച് പേരാണ് റാസല്‍ഖൈമയില്‍ നിന്ന് അപകടത്തില്‍പ്പെട്ട വിമാനത്തില്‍ യാത്ര ചെയ്തതെന്നാണ് വിവരം.
റാസല്‍ഖൈമയില്‍ മര്‍ഹബ എ.സി മെയിന്റനന്‍സ് എന്ന സ്ഥാപനം നടത്തി വരുന്ന കോഴിക്കോട് നാദാപുരം നരിപ്പറ്റ സ്വദേശി മുരളിയുടെ ഭാര്യയാണ് രമ്യ. ബിസിനസ് പങ്കാളിയായ പ്രമോദിന്റെ ഭാര്യയാണ് മഞ്ജുള. നാല് വര്‍ഷമായി റാസല്‍ഖൈമയിലുള്ള രമ്യയും മഞ്ജുളയും പ്രവാസം നിര്‍ത്തി നാട്ടിലേക്ക് തിരിച്ചതാണെന്ന് സുഹൃത്ത് ലക്ഷ്മണന്‍ പറഞ്ഞു. റാസല്‍ഖൈമ സ്‌കോളേഴ്‌സ് ഇന്ത്യന്‍ സ്‌കൂളിലെ നാലാം ക്‌ളാസ് വിദ്യാര്‍ത്ഥിയായിരുന്നു രധു. രധുവിനൊപ്പം രിവാത്മികക്കും നാട്ടിലെ സ്‌കൂളില്‍ അഡ്മിഷന്‍ ശരിപ്പെടുത്തിയായിരുന്നു യാത്ര. രധുവിന്റെ പരിക്ക് ഗുരുതരമല്ലെന്നും മഞ്ജുള അപകട നില തരണം ചെയ്തിട്ടില്ലെന്നുമാണ് വിവരമെന്നും മുരളിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു. മഞ്ജുളയും രധുവും വേഗത്തില്‍ ആരോഗ്യ നില വീണ്ടെടുക്കട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് എല്ലാവരും. ദുരന്ത വാര്‍ത്തയറിഞ്ഞ് മുരളിയും പ്രമോദും ശനിയാഴ്ച നാട്ടിലേക്ക് തിരിച്ചു.
രമ്യയുടെയും രിവാത്മികയുടെയും ദാരുണ മരണത്തില്‍ റാക് ഇന്ത്യന്‍ അസോസിയേഷന്‍, റാക് കേരള സമാജം, കെഎംസിസി, റാക് നോളജ് തിയ്യറ്റര്‍, ചേതന റാക്, സേവനം തുടങ്ങിയ സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.