ഷാര്‍ജയില്‍ ആഗസ്റ്റ് 30ന് സ്‌കൂളുകള്‍ തുറക്കില്ല ആദ്യ രണ്ടാഴ്ച ഓണ്‍ലൈന്‍ പഠനം

    ദുബൈ: ഷാര്‍ജയില്‍ ആഗസ്റ്റ് 30ന് സ്്കൂളുകള്‍ തുറക്കില്ലെന്നും അധ്യയന വര്‍ഷത്തിന്റെ ആദ്യ രണ്ടാഴ്ചത്തേക്ക് ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളുകളില്‍ വിദൂര പഠനം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മറ്റു സ്റ്റാഫുകളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ഷാര്‍ജയിലെ ലോക്കല്‍ എമര്‍ജന്‍സി ക്രൈസിസ് ആ്ന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും ഷാര്‍ജ പ്രൈവറ്റ് എഡ്യൂക്കേഷന്‍ അതോറിറ്റിയുമാണ് ഇക്കാര്യമറിയിച്ചത്. അക്കാദമിക് വര്‍ഷത്തിന്റെ ആദ്യ 2 ആഴ്ചകളില്‍ ഡിസ്റ്റന്‍സ് ലേണിംഗ് മോഡ് തീരുമാനിച്ചതായി എസ്പിഇഎ ട്വിറ്റര്‍ അക്കൗണ്ടില്‍ പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ തീരുമാനങ്ങള്‍ പങ്കിടുന്നത് തുടരുമെന്നും ട്വിറ്ററില്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് പെട്ടെന്നുള്ള ഈ പ്രഖ്യാപനമുണ്ടായത്. പെട്ടെന്നുള്ള തീരുമാനം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കാര്യമായ തടസ്സുണ്ടാക്കില്ലെന്ന് കരുതുന്നു. കാരണം നിരവധി വിദ്യാര്‍ത്ഥികള്‍ ഇതിനകം തന്നെ ആദ്യടേമില്‍ വിദൂരപഠനം തെരഞ്ഞെടുത്തിരുന്നു. കൂടാതെ മിക്ക സ്‌കൂളുകളും കൂടുതല്‍ ദിവസങ്ങളില്‍ വിദൂരപഠനം പ്രഖ്യാപിച്ചിരുന്നു. വിവിധ ഗ്രേഡുകളനുസരിച്ച് ഘട്ടം ഘട്ടമായി വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കാനാണ് പല സ്‌കൂളുകളും പ്ലാന്‍ ചെയ്തിരുന്നത്. ഇക്കാരണത്താല്‍ പുതിയ തീരുമാനം വലിയ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍. മറ്റൊരു കാര്യം ഷാര്‍ജയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും സ്‌കൂളുകളില്‍ എത്തുന്നതിന് മുമ്പ് കോവിഡ് പരിശോധന കര്‍ശനമാക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ കോവിഡ് പരിശോധന നടത്താന്‍ കൂടുതല്‍ സമയം ലഭിക്കും. അതേസമയം യുഎഇയിലെ മറ്റു എമിറേറ്റുകളില്‍ സ്‌കൂളുകള്‍ ആഗസ്റ്റ് 30ന് തന്നെ തുറക്കും. ദുബൈയില്‍ മാത്രം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പരിശോധന ആവശ്യമില്ല. അബുദാബിയില്‍ 12 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണ്. സര്‍ക്കാര്‍ സ്‌കൂളുകളെക്കുറിച്ച് ഇതുവരെ ഔദ്യോഗിക തീരുമാനമുണ്ടായിട്ടില്ല.