രാജ്യത്തിന്റെ പത്ത് വര്‍ഷത്തെ ഊര്‍ജ നയം വിലയിരുത്തി ശൈഖ് മുഹമ്മദ്

    യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം വിവിധ മന്ത്രാലയ വിദഗ്ധരുമായി സംസാരിക്കുന്നു

    ദുബൈ: രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസന ഉയിര്‍പ്പിന്റെ അടിസ്ഥാനം ഊര്‍ജമേഖലയിലെ വികസനമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം വിലയിരുത്തി. യുഎഇ ഇന്ന് മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക, ബിസിനസ്, ഇന്നൊവേഷന്‍ ഹബ്ബാണ്. രാജ്യത്തെ ലോജിസ്റ്റിക് സംവിധാനത്തിനും ഈ വളര്‍ച്ചക്ക് മുഖ്യപങ്കുണ്ട്. ഈ മേഖലയിലെ ഏറ്റവും ശക്തവും കാര്യക്ഷമവുമായ മേഖലയാണിതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുകയും ഗതാഗത മേഖല വികസിപ്പിക്കുകയും ചെയ്യാതെ യുഎഇയുടെ ലോജിസ്റ്റിക്കല്‍ മികവ് നിലനിര്‍ത്തുകയോ ശക്തിപ്പെടുത്തുകയോ ചെയ്യില്ലെന്ന് ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. ഊര്‍ജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിലെ ഒരു ടീമുമായുള്ള കൂടിക്കാഴ്ചയിലാണ് ശൈഖ് മുഹമ്മദിന്റെ പരാമര്‍ശം. ഊര്‍ജ്ജം, അടിസ്ഥാന സൗകര്യങ്ങള്‍, പാര്‍പ്പിടം, ഗതാഗതം എന്നിവക്കുള്ള മന്ത്രാലയത്തിന്റെ 10 വര്‍ഷത്തെ റോഡ്മാപ്പിന്റെ പ്രധാന നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സമഗ്രതയും സമന്വയവും സമന്വയിപ്പിച്ച് സന്തുലിതാവസ്ഥയും സുസ്ഥിരതയും കണക്കിലെടുത്ത് പ്രാദേശികമായും ആഗോളമായും യുഎഇയുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്ന ഒരു ദര്‍ശനത്തിന് അനുസൃതമായി അടിസ്ഥാന വികസനത്തിലും ഗുണകരമായ കുതിപ്പ് രാജ്യം ആഗ്രഹിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 50 വര്‍ഷത്തെ തന്ത്രത്തിന് അനുസൃതമായി അടുത്ത പത്തുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തനത്തിന്റെ ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് ലക്ഷ്യം. അത് യുഎഇയെ തികച്ചും പുതിയതും ഗുണപരവുമായ ഘട്ടത്തിലേക്ക് നയിക്കുന്നു. വൈദ്യുതി നടപടിക്രമങ്ങള്‍, സമയം, ചെലവ്, വൈദ്യുതി ലഭ്യമാകുന്ന ആളുകളുടെ ശതമാനം എന്നിവയില്‍ യുഎഇ ലോകത്ത് ഒന്നാം സ്ഥാനത്തെത്തി. റോഡ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഗുണനിലവാരത്തില്‍ യുഎഇ ഈ മേഖലയില്‍ ഒന്നാം സ്ഥാനത്തും ലോകത്ത് ഏഴാം സ്ഥാനത്തും എത്തി. അടിസ്ഥാന സൗകര്യ മന്ത്രാലയത്തിന്റെ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറാജ് ഫാരിസ് അല്‍ മസ്രൂയി മന്ത്രാലയത്തിന്റെ 10 വര്‍ഷത്തെ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.