സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍: മറക്കാനാവില്ല ആ സ്‌നേഹ വ്യക്തിത്വത്തെ

32

ഇബ്രാഹിം എളേറ്റില്‍
വാക്കുകള്‍ക്കപ്പുറമുള്ള സ്‌നേഹത്തിന്റെ മഹാ പ്രവാഹമായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. 2009 ആഗസ്ത് ഒന്ന് ആ ധന്യജീവിതത്തിനു വിരാമം കുറിച്ച ദിവസമാണ്. പ്രവാചക ശൃംഖലയുടെ വിശുദ്ധ പാതയിലെ സുഗന്ധ പൂരിതമായ ഒരധ്യായമായിരുന്നു ശിഹാബ് തങ്ങളുടേത്. അദ്ദേഹത്തിന്റെ വിയോഗം ഇന്നും എനിക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. അദ്ദേഹം കണ്‍മറഞ്ഞുവെന്ന് വിശ്വസിക്കാനാകുന്നില്ല.
അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് ചവിട്ടിയകറ്റപ്പെട്ട ഒരു ജനസമൂഹത്തെ അറിവും അവകാശ ബോധവും പകര്‍ന്ന് അധികാര സ്ഥാനങ്ങളിലേക്ക് വഴി നടത്തിയ നായകനായിരുന്നു അദ്ദേഹം. വര്‍ഗീയതയുടെയും വംശീയതയുടെയും തീജ്വാലകളുയര്‍ന്ന നാളുകളില്‍ മനുഷ്യരെ വിവേകത്തിന്റെയും സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും തീരത്തേക്ക് നയിച്ചു അദ്ദേഹം. ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മഹത്തായ സന്ദേശത്തെ ലോകത്തോളമുയര്‍ത്തി.
സംഭവ ബഹുലമായ ഒരു ജീവിത കാലഘട്ടമുടനീളം മനുഷ്യത്വത്തെ ഉറക്കെ പ്രഖ്യാപിച്ചു.
ചെറുപ്പ കാലത്ത് തുടങ്ങി മരണമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് മാറുന്നതു വരെ ആ ജീവിതം തിരക്കേറിയതും ചുറ്റിലും സ്‌നേഹജനങ്ങളാല്‍ നിറഞ്ഞതുമായിരുന്നു. തനിച്ചിരിക്കുന്ന മുഹമ്മദലി ശിഹാബ് തങ്ങളെ സങ്കല്‍പ്പിക്കാനാവില്ലായിരുന്നു. എന്നും പുഞ്ചിരിച്ച് മറ്റുള്ളവര്‍ക്കായി സമയം കരുതിവെച്ച് ജീവിച്ചു.
സമൂഹത്തിലെ ദുര്‍ബല ജനതയോടുള്ള കരുതലായിരുന്നു ശിഹാബ് തങ്ങള്‍ എന്ന വ്യക്തിത്വത്തെ ജനഹൃദയങ്ങളില്‍ ഇത്ര മാത്രം ഉയരത്തില്‍ സ്ഥാപിച്ചത് എന്ന് കാണാനാകും. എല്ലാം കൊണ്ടും മറ്റുള്ളവരില്‍ വിസ്മയം ജനിപ്പിച്ചതായിരുന്നു ആ ജീവിതം.
പരസ്‌നേഹത്തിന്റെയും പരമത ബഹുമാനത്തിന്റെയും പ്രായോഗിക പാഠങ്ങള്‍ അദ്ദേഹം കേരളത്തിലെ പൊതുജീവിതത്തിന് കൂടുതല്‍ തെളിമയോടെ പരിചയപ്പെടുത്തി.
സൗമ്യമായി നിന്ന് നാടിനെ ഉയരങ്ങളിലേക്ക് നയിച്ച ആ വ്യക്തിത്വം എക്കാലത്തേക്കുമുള്ള മാതൃകയാണ്. അതുകൊണ്ടാണ് അദ്ദേഹം കണ്‍മറഞ്ഞു എന്ന് തോന്നാത്ത വിധം ബൈത്തുറഹ്മകളും ആതുര സേവനങ്ങളും കുടിവെള്ളവുമെല്ലാമായി നാട് ആ സ്മരണയെ നിലനിര്‍ത്തുന്നത്. രാജ്യം തപാല്‍ സ്റ്റാമ്പ് ഇറക്കി ആദരിച്ചത്. സര്‍വശക്തന്‍ സ്വര്‍ഗത്തില്‍ അദ്ദേഹത്തെയും നമ്മെയും ഒരുമിച്ച് ചേര്‍ക്കട്ടെ, ആമീന്‍.