ദുബൈ: പ്രവാസ ലോകത്തും കുടുംബ ബന്ധത്തിലും രാഷ്ട്രീയ ജീവിതത്തിലും സാംസ്‌കാരിക മേഖലയിലും സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ പ്രകടിപ്പിച്ച ജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ പങ്കുവെച്ച് ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി ഒരുക്കിയ ഈദ് വിത് ലീഡേഴ്‌സ് ‘സയ്യിദ് ശിഹാബ് ഓര്‍മകളിലൂടെ’ എന്ന സൂം ഓണ്‍ലൈന്‍ സമ്മേളനം ഏറെ ഹൃദ്യമായി. ശിഹാബ് തങ്ങളുടെ കുടുംബ ജീവിതത്തിലെ ചില വേറിട്ട ജീവിതാനുഭവങ്ങള്‍ ചികഞ്ഞെടുത്ത് സയ്യിദ് സാദിഖലി തങ്ങള്‍ നടത്തിയ ഉദ്ഘാടന പ്രഭാഷണവും പൊതുജീവിതത്തില്‍ സയ്യിദ് ശിഹാബ് തങ്ങളുടെ നിഴലായി നടന്ന ചടങ്ങിലെ മുഖ്യാതിഥി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഓര്‍മ പ്രഭാഷണവും ആത്മബന്ധത്തിന്റെ ഹൃദയാന്തരങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്തതു പോലെ അനുഭവപ്പെട്ടു.
പാണക്കാട് കൊടപ്പനക്കല്‍ തറവാടിന്റെ മഹിമയാര്‍ന്ന പാരമ്പര്യവും മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-വിജ്ഞാന മേഖലകളിലും അറബ് സാഹിത്യത്തിലുമുള്ള ആ മഹാനുഭാവന്റെ താല്‍പര്യവും അവഗാഹവും സംബന്ധിച്ച് പ്രശസ്ത കവിയും വാഗ്മിയുമായ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണത്തിലൂടെ അവതരിപ്പിച്ചു. പ്രവാസി സമൂഹത്തോട് ശിഹാബ് തങ്ങള്‍ക്കുണ്ടായിരുന്ന സ്‌നേഹബന്ധത്തെ അനുഭവ സമ്പത്തിന്റെ വെളിച്ചത്തില്‍ യുഎഇ കെഎംസിസി ഉപദേശക സമിതി ചെയര്‍മാന്‍ എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍ എന്നിവരും, 1980 ജൂലൈ 30ലെ ഭാഷാ സമര സന്ദേശം ദുബൈ കെഎംസിസി മുന്‍ പ്രസിഡന്റ് പി.കെ അന്‍വര്‍ നഹയും അനുധാവന പ്രഭാഷണങ്ങളില്‍ പ്രതിപാദിച്ചു. ചടങ്ങില്‍ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍ അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി സംസ്ഥാന ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, സംസ്ഥാന ജില്ലാ ഭാരവാഹികളായ കെ.പി.എ സലാം, ആര്‍.ശുക്കൂര്‍, ഒ.ടി സലാം, കരീം കാലടി, ജലീല്‍ കൊണ്ടോട്ടി, മുജീബ് കോട്ടക്കല്‍, ഷക്കീര്‍ പാലത്തിങ്ങല്‍, ഷമീം ചെറിയമുണ്ടം, ബദറുദ്ദീന്‍ തറമ്മല്‍, എ.പി നൗഫല്‍, ഫക്രുദ്ദീന്‍ മാറാക്കര, അബ്ദുല്‍ സലാം പരി, ഷിഹാബ് ഏറനാട്, ഫൈസല്‍ തെന്നല തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. കെ.പി.പി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. മലപ്പുറം ജില്ലാ കെഎംസിസി ജന.സെക്രട്ടറി പി.വി നാസര്‍ സ്വാഗതവും ട്രഷറര്‍ സിദ്ദീഖ് കാലൊടി നന്ദിയും പറഞ്ഞു.