ടി.പി അഷ്‌റഫിന്റെ വിയോഗം ദുഃഖം പടര്‍ത്തി

ടി.പി അഷ്‌റഫ്‌

ദുബൈ: ദീര്‍ഘകാലം ദുബൈയില്‍ പ്രവാസിയായിരുന്ന ടി.പി അഷ്‌റഫ് അഴിയൂര്‍ നാട്ടില്‍ നിര്യാതനായി.
കഴിഞ്ഞ വര്‍ഷം വരെ ദുബൈയില്‍ വന്നു പോയിരുന്ന അഷ്‌റഫ് കെഎംസിസിയുടെ സജീവ സംഘാടകനായിരുന്നു. വടകര മണ്ഡലം കെഎംസിസിയുടെ ഭാരവാഹിയായും സി.എച്ച് സെന്ററിന്റെ സംഘാടകനായും ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നിന്ന ടി.പി അഷ്‌റഫിന്റെ വിയോഗം ദുബൈയിലെ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. നാട്ടിലെ മത-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലും സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം അഴിയൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റിയംഗവും സമസ്തയുടെയും കുഞ്ഞിപ്പള്ളി മഖ്ദൂമിയ്യ സ്ഥാപനങ്ങളുടെയും സജീവ പ്രവര്‍ത്തകനായിരുന്നു. രണ്ട് ദിവസം മുന്‍പാണ് തലച്ചോറില്‍ രക്ത സ്രാവമുണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചക്ക് മരിച്ചു. ടി.പി അഷ്‌റഫിന്റെ വിയോഗത്തോടെ നല്ലൊരു ജീവകാരുണ്യ പ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് ദുബൈ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍ അനുശോചിച്ചു. മികച്ച സംഘാടകനെയാണ് ടി.പി അഷ്‌റഫിന്റെ മരണത്തോടെ നഷ്ടമായതെന്ന് ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഇസ്മായില്‍ ഏറാമല അനുശോചിച്ചു. ടി.പി അഷ്‌റഫിന്റെ വിയോഗത്തില്‍ ദുബൈ കെഎംസിസി മുന്‍ ജന.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.കെ ഇബ്രാഹിം എന്നിവരും അനുശോചിച്ചു. ദുബൈ വടകര മണ്ഡലം കെഎംസിസി പ്രസിഡണ്ട് ടി.എന്‍ അഷ്‌റഫ്, ജന.സെക്രട്ടറി ഗഫൂര്‍ പാലോളി, ട്രഷറര്‍ റഫീഖ് കുഞ്ഞിപ്പള്ളി എന്നിവരും അനുശോചിച്ചു.