പെണ്ണൊപ്പിന്റെ പ്രതിഷേധത്തില്‍ ഒപ്പുവെച്ച് പ്രവാസി സ്ത്രീ ശക്തി

അബുദാബി: ഇടതുപക്ഷ സര്‍ക്കാറിന്റെ കൊള്ളരുതായ്മകള്‍ക്കും അഴിമതിക്കുമെതിരെ സംസ്ഥാന യുഡിഎഫ് വനിതാ കമ്മിറ്റി സംഘടിപ്പിച്ച ‘പ്രതിഷേധത്തിന്റെ പെണ്ണൊപ്പുകള്‍’ എന്ന കോവിഡ് കാലത്തെ വേറിട്ട സമര മാര്‍ഗം ശ്രദ്ധേയമായി. ജിസിസി തലത്തിലുള്ള യുഡിഎഫ് വനിതാ വിഭാഗം പ്രതിഷേധത്തിന് യുഎഇ വനിതാ കെഎംസിസി ചെയര്‍പേഴ്‌സണ്‍ വഹീദ ഹാരിസ്, കണ്‍വീനര്‍ നാസിയ ഷബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രൊഫൈല്‍ കാമ്പയിനോടനുബന്ധിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കോവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, സ്വര്‍ണക്കള്ളക്കടത്ത്, പ്രവാസികളോടുള്ള കൊടുംചതി, പ്രളയ ദുരിതാശ്വാസ ഫണ്ടിലെ തിരിമറികള്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ സ്ത്രീകള്‍ക്കുള്ള പ്രതിഷേധം രേഖപ്പെടുത്തി. സ്ത്രീകളുടെ കണ്ണീരിന് വില പറഞ്ഞ് അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് സ്ത്രീ സുരക്ഷ മരീചികയായി മാറിയിരിക്കുകയാണ്. ഭരണ ചക്രം തിരിക്കുന്നവര്‍ കൊടിയുടെ നിറം നോക്കി സ്ത്രീപീഡകര്‍ക്ക് സംരക്ഷണം ഒരുക്കുന്ന കാഴ്ചയാണ് കാണുന്നത്. കോവിഡ് 19 ന്റെ മറവില്‍ സ്വര്‍ണക്കടത്തും അഴിമതിയും സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനവുമൊക്കെ നടക്കുന്നത് കണ്ടില്ലന്ന് നടിക്കാന്‍ ജനാധിപത്യ ബോധമുള്ള ജനതക്കാവില്ലെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി. കുറ്റപത്ര ഒപ്പ് സമാഹരണത്തിന് വിവിധ ജിസിസി രാജ്യങ്ങളില്‍ സഫിയ എ.കെ, ജുമാന കരീം, ഫെബിന റഷീദ്, മെഹര്‍ബ, ജസീല മൂസ്സ, റുഖിയ, നൂറുല്‍ ഹുദ (കാനഡ) എന്നിവര്‍ നേതൃത്വം നല്‍കി.