അറബ് ദൗത്യം 2024- യുഎഇ ഇനി ചന്ദ്രനിലേക്ക്

    18
    യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം

    ദുബൈ: വിജയകരമായ ബഹിരാകാശ ദൗത്യത്തിന് ശേഷം യുഎഇയുടെ അറബ് ദൗത്യം ഇനി ചന്ദ്രനിലേക്ക്. 2024ല്‍ ആദ്യത്തെ അറബ് ദൗത്യം ചന്ദ്രനിലേക്ക് അയക്കാനാണ് യുഎഇ പദ്ധതിയിടുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ശനിയാഴ്ച വെളിപ്പെടുത്തി. യുഎഇയുടെ ബഹിരാകാശ യാത്രയുടെ ഒന്നാം വാര്‍ഷികം രാജ്യം ആഘോഷിക്കുന്ന നിമിഷങ്ങളിലായിരുന്നു ശൈഖ് മുഹമ്മദിന്റെ പ്രഖ്യാപനമുണ്ടായത്. മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തിന്റെ 10 വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായി അടുത്ത ഇമാറാത്തി ബഹിരാകാശ ദൗത്യം ഉടന്‍ വെളിപ്പെടുത്തുമെന്നും പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 25 ന് ബഹിരാകാശത്തേക്ക് പുറപ്പെട്ട ആദ്യത്തെ ഇമാറാത്തി ഹസ്സ അല്‍മന്‍സൂരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എട്ട് ദിവസം ചെലവഴിച്ച് നിരവധി പരീക്ഷണങ്ങള്‍ നടത്തി. അടുത്ത ദശകത്തില്‍ കൂടുതല്‍ ബഹിരാകാശ ദൗത്യങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇന്നലെ ശൈഖ് മുഹമ്മദ് പറഞ്ഞു. മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തിന്റെ അടുത്ത പത്ത് വര്‍ഷത്തേക്കുള്ള പദ്ധതി ഞങ്ങള്‍ അവലോകനം ചെയ്തു. ഇനി പുതിയ ബഹിരാകാശ ദൗത്യങ്ങളുണ്ട് അത് ഉടന്‍ പ്രഖ്യാപിക്കും-ശൈഖ് മുഹമ്മദ് പറഞ്ഞു. പരിശീലനത്തിനും അക്കാദമിക്, വിദ്യാഭ്യാസ പരിപാടികള്‍ക്കുമായി പുതിയ പ്രത്യേക ഉപഗ്രഹങ്ങളും ഒരു ബഹിരാകാശ സിമുലേഷന്‍ കേന്ദ്രവും വികസിപ്പിക്കുന്നതിനുള്ള പരിപാടികള്‍ നിര്‍മ്മിക്കും. 10 വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായി എമിറേറ്റ്‌സ് മൂണ്‍ എക്‌സ്‌പ്ലോറേഷന്‍ പ്രോജക്റ്റിന്റെ തുടക്കവും അതില്‍ ഉള്‍പ്പെടുന്നു. അതില്‍ 2024 ഓടെ ആദ്യത്തെ ദേശീയ അറബ് ദൗത്യം ചന്ദ്രനിലേക്ക് അയയ്ക്കുന്ന പദ്ധതി ഉള്‍പ്പെടും. ദേശീയ കഴിവുകള്‍ ഇതിനായി പരമാവധി ഉപയോഗിക്കും. അത് ആളുള്ളതോ ആളില്ലാത്തതോ ആയ ഒരു ദൗത്യമായിരിക്കുമോ എന്ന് വ്യക്തമല്ല, എന്നിരുന്നാലും, ആര്‍ട്ടെമിസ് പ്രോഗ്രാം ഉപയോഗിച്ച് 2024 ഓടെ ആദ്യത്തെ സ്ത്രീയെയും അടുത്ത പുരുഷനെയും ചന്ദ്രനില്‍ എത്തിക്കാന്‍ യുഎസ് പദ്ധതിയിടുന്നു. ഇമാറാത്തി ബഹിരാകാശ പദ്ധതി സുസ്ഥിരമാണെന്നും മറ്റ് മേഖലകളിലുടനീളം അത് ഗുണകരമായ രീതിയില്‍ ഉപയോഗപ്പെടുത്തുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ഈ മേഖലകളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ തങ്ങളുടെ അനുഭവങ്ങള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി പങ്കിടുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. യുഎഇയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍മന്‍സൂരിയും റിസര്‍വ് ബഹിരാകാശ യാത്രികനുമായ ഡോ.സുല്‍ത്താന്‍ അല്‍നിയാദിയും നാസയുടെ കീഴിലുള്ള ഹ്യൂസ്റ്റണിലെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തില്‍ 30 മാസത്തെ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. അവര്‍ പരിശീലനം പൂര്‍ത്തിയാക്കിയാല്‍ ദീര്‍ഘദൂര ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കെടുക്കാനും ബഹിരാകാശയാത്ര നടത്താനും കഴിയും. ഈ തുടക്കങ്ങള്‍ യുഎഇയുടെ അടുത്ത ബഹിരാകാശ അധ്യായം തുറക്കുന്നതിനുള്ള ഒരുക്കങ്ങളാണ്.