ദുബൈ പൊലീസിലെ ബോംബ് സ്‌ക്വാഡില്‍ വനിതാ സംഘവും

    9

    ദുബൈ: ദുബൈ പൊലീസിലെ ബോംബ് സ്‌ക്വാഡില്‍ വനിതാ സംഘത്തെ ഉള്‍പ്പെടുത്തിയതായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി ആന്റ് എമര്‍ജന്‍സി ഡെപ്യുട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ റാഷിദ് അല്‍ഫലാസി അറിയിച്ചു. ബോംബുകള്‍ നിര്‍വീര്യമാക്കാനുള്ള പരിശീലനം നേടിയ അഞ്ച് വനിതാ ഓഫീസര്‍മാരാണ് സ്‌ക്വാഡില്‍ അംഗങ്ങളായിട്ടുള്ളത്. സാധാരണ പൊലീസ് സേനയില്‍ പുരുഷന്മാര്‍ മാത്രം കൈയ്യടക്കിവെക്കാറുള്ള മേഖലയിലാണ് വനിതാ സാന്നിധ്യം. ഇത്തരം നിര്‍ണായക ജോലികള്‍ ചെയ്യാന്‍ സ്ത്രീകളും തയ്യാറാണെന്നതിനുള്ള തെളിവാണിത്. ഇവരുടെ പോസ്റ്റിംഗില്‍ ദുബൈ പൊലീസ് അഭിമാനിക്കുന്നതായും അഞ്ച് വനിതകള്‍ക്ക് എട്ട് മാസത്തെ കഠിനമായ പരിശീലനം നല്‍കിയതായും ബ്രിഗേഡിയര്‍ അല്‍ഫലാസി പറഞ്ഞു. ദുബൈ പൊലീസ് കമാന്റര്‍ ഇന്‍ ചീഫ് ലഫ്.ജനറല്‍ അബ്ദുല്ല ഖലീഫ അല്‍മര്‍റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു വനിതാസംഘത്തിന്റെ പോസ്റ്റിംഗ്. ഈ മേഖലയില്‍ ജോലി ചെയ്യാനുള്ള താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുപേരെയും റിക്രൂട്ട് ചെയ്തിട്ടുള്ളത്. കെട്ടിടങ്ങളിലും മറ്റും സ്ഥാപിക്കാറുള്ള ബോംബുകള്‍ നിര്‍വീര്യമാക്കുകയെന്നത് നിസ്സാര കാര്യമല്ല. വളരെ നിര്‍ണായക ഘട്ടത്തില്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ജോലിയാണിത്. ഇവര്‍ക്ക് പ്രാക്ടിക്കല്‍ പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനകാലത്തുള്ള ദേശീയ അണുവിമുക്ത പദ്ധതിയില്‍ ഇവരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.