ദുബൈ സ്‌പോര്‍ട്‌സ് വേള്‍ഡ് 2 മാസം കൂടി പ്രവര്‍ത്തിക്കും

    34

    ദുബൈ: ദുബൈ സ്‌പോര്‍ട്‌സ് വേള്‍ഡ് രണ്ട് മാസം കൂടി പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് കാല നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സ്‌പോര്‍ട്‌സ് വേള്‍ഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ എയര്‍കണ്ടീഷന്‍ഡ് ഹാളുകളിലാണ് സ്‌പോര്‍ട്‌സ് വേള്‍ഡ് പ്രവര്‍ത്തിക്കുന്നത്. നവംബര്‍ 29 വരെ ആളുകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷത്തില്‍ ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ക്രിക്കറ്റ്, ടേബിള്‍ ടെന്നീസ് തുടങ്ങിയ കായിക വിനോദങ്ങളില്‍ ഇവിടെ ഏര്‍പ്പെടാം. നേരത്തെ കോവിഡ് വ്യാപകമായ ഘട്ടത്തില്‍ ജൂലൈ വരെ എമര്‍ജന്‍സി ഫീല്‍ഡ് ആശുപത്രി ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കോവിഡ് മഹാമാരി കായികവും ശാരീരികവുമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ദൈനംദിന ജീവിതത്തിന്റെ പല വശങ്ങളെയും തടസ്സപ്പെടുത്തിയിട്ടുണ്ടെന്ന് ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സയീദ് ഹരേബ് പറഞ്ഞു. ഈ സമയത്ത് ആളുകള്‍ക്ക് ശാരീരികമായി സജീവമായിരിക്കാന്‍ സുരക്ഷിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സാമൂഹിക അകലം പാലിക്കുന്നതിനുള്ള മതിയായ സൗകര്യമുണ്ടിവിടെ. ആരോഗ്യകരവും സജീവവുമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയെന്ന ദുബൈയിയുടെ കൂട്ടായ കാഴ്ചപ്പാടിനെ ദുബൈ സ്‌പോര്‍ട്‌സ് വേള്‍ഡ് പിന്തുണയ്ക്കുന്നു. നേരത്തെ ഈ കേന്ദ്രം കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പ്രധാന പങ്കുവഹിച്ചു. ഏപ്രില്‍ മാസത്തില്‍ ഇവിടെ 3,000 കിടക്കകളുള്ള ഫീല്‍ഡ് ആശുപത്രിയാക്കി മാറ്റിയിരുന്നു. നിരവധി ആളുകളെ ഇവിടെ അഡ്മിറ്റ് ചെയ്തിരുന്നു. ജൂലൈ മാസത്തിലാണ് ആസ്പത്രി നിര്‍ത്തലാക്കിയത്. ജൂലൈയില്‍ ഈ കേന്ദ്രത്തിലെ അവസാന രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. അതേസമയം, മുന്‍ ഇറ്റലി, ഇന്റര്‍ മിലാന്‍ ഗോള്‍കീപ്പര്‍ വാള്‍ട്ടര്‍ സെംഗ, ബ്രസീലിയന്‍ ഫുട്സല്‍ കളിക്കാരന്‍ ഫാല്‍ക്കാവോ, ഇതിഹാസ ലെബനന്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാരന്‍ ഫാഡി എല്‍ ഖതിബ് എന്നിവരുള്‍പ്പെടെ നിരവധി ഉന്നത കായികതാരങ്ങള്‍ ഈ വര്‍ഷം ദുബായ് സ്പോര്‍ട്സ് വേള്‍ഡ് രംഗത്തെത്തിയിട്ടുണ്ട്.