10 ലക്ഷം കവര്‍ന്ന കേസില്‍ പ്രതിക്ക് ഒരു വര്‍ഷം തടവ്

8

ദുബൈ: വ്യാജ ബിസിനസ് ഇടപാടില്‍ ദുബൈയിലെ വ്യാപാരിയില്‍ നിന്ന് 10 ലക്ഷം ദിര്‍ഹം തട്ടിയെടുത്ത കേസില്‍ പ്രതിക്ക് ഒരു വര്‍ഷത്തെ തടവു ശിക്ഷ. എതിര്‍ കക്ഷിയില്‍ നിന്ന് 10 ലക്ഷം ദിര്‍ഹം ഈടാക്കാനും ദുബൈ പ്രാഥമിക കോടതി ഉത്തരവിട്ടു. 38കാരനായ ഇറാനി വ്യാപാരി 40കാരനായ ബഹ്‌റൈനിയുമായാണ് ബിസിനസ് ഇടപാടിലെത്തിയത്. ഇതില്‍ ബഹ്‌റൈനിക്ക് 10 ലക്ഷം ദിര്‍ഹം പണമായി നേരിട്ടും 1.87 മില്യന്‍ ദിര്‍ഹം (511,000 ഡോളര്‍) നേരിട്ടല്ലാതെയും നല്‍കാമെന്ന് ധാരണയുണ്ടായിരുന്നു. ഇക്കൊല്ലം ജൂണില്‍ വ്യാപാരി ദേരയില്‍ തന്റെ സുഹൃത്തിനൊപ്പം പണമടങ്ങിയ ബാഗുമായി ബഹ്‌റൈനിയെ കാണാന്‍ പോയി. ഇതിനിടെ, ഒരു ആഫ്രിക്കക്കാരന്‍ മുന്നിലെത്തുകയും ബഹ്‌റൈനിയുടെ ഓഫീസിലേക്ക് നയിക്കുകയും ചെയ്തു. ഗാര്‍ഡ് എന്ന വ്യാജേന യൂണിഫോമിലായിരുന്നു ആഫ്രിക്കക്കാരന്‍. ബാഗിനകത്ത് പണമുണ്ടെങ്കില്‍ അത് കൈമാറാന്‍ അയാള്‍ ആവശ്യപ്പെട്ടു. കൈമാറുന്നതിനിടെ അവിടേക്ക് പൊടുന്നനെയെത്തിയ മറ്റൊരാള്‍ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് ഓടി രക്ഷപ്പെട്ടു. എന്നാല്‍, പൊലീസില്‍ പരാതി ലഭിച്ച് 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്തു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ദുബൈയിലെ ഒരു ഹോട്ടലില്‍ നിന്ന് പ്രതിയോടൊപ്പം 39 വയസുള്ള മൗറിത്താനിയക്കാരനായ മറ്റൊരാളെയും പിടികൂടി. തുര്‍ക്കിയിലുള്ള മറ്റൊരാളുമായി ചേര്‍ന്നാണ് താനീ ആസൂത്രണം നടത്തിയതെന്ന് പ്രതി കുറ്റസമ്മതം നടത്തി. ബാഗ് തട്ടിയെടുത്ത രണ്ടാമത്തെയാളില്‍ നിന്നും 459,000 ദിര്‍ഹം പൊലീസ് കണ്ടെടുത്തു. ബഹ്‌റൈനിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പണം തട്ടലെന്നും അയാള്‍ പറഞ്ഞു.

ബഹ്‌റൈനിക്കെതിരെ കവര്‍ച്ചാക്കേസ് ഫയല്‍ ചെയ്തു. പണം കൈവശം വെച്ചതിന് മൗറിത്താനിയക്കാരനെതിരെയും കുറ്റം ചുമത്തി. ഇയാളെ മിസ്‌ഡെമനര്‍ കോര്‍ട്ടിലേക്ക് കൈമാറാനും ഉത്തരവില്‍ നിര്‍ദേശിച്ചു.