കോവിഡിനെതിരെ 15 മാസം കൂടി പൊരുതേണ്ടി വരും; മുന്നറിയിപ്പുമായി അമേരിക്കന്‍ പകര്‍ച്ചവ്യാധി വിദഗ്ധന്‍

നിഷാദ്

ഫുജൈറ: ലോകത്തെ പ്രതിസന്ധിയിലാക്കിയ കോവിഡ് 19 മഹാമാരി 2021 അവസാനം വരെ നിലനില്‍ക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ആന്തണി ഫൗസി. കോവിഡ് വ്യാപനത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ വിലയിരുത്തലുകളോട് പ്രതികരിക്കവെയാണ് ഫൗസിയുടെ മുന്നറിയിപ്പ്.

ഇംഗ്‌ളീഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫൗസി ഇക്കാര്യം പറഞ്ഞത്. കോവിഡിന് മുമ്പുള്ള സാധാരണ നിലയിലേക്ക് മടങ്ങുന്നതിനെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍, അത് 2021ലേ സാധ്യമാകൂ. ഒരുപക്ഷേ, അത് 2021 അവസാനത്തിലാവാം. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കന്നത് അമേരിക്കയിലാണ്. 66,76,601 കോവിഡ് കേസുകളും 198,128 മരണങ്ങളുമാണ് ഇവിടെ സ്ഥിരീകരിച്ചരിക്കുന്നത്. 39,50,354 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 25,28,119 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളതെന്നും വോള്‍ഡോമീറ്ററിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ചികിത്സയിലുള്ളവരില്‍ 14,366 പേരുടെ നില ഗുരതരമാണ്.

അതേസമയം, തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കോവിഡ് മഹാമാരിയെന്നാണ് യുഎന്‍ വൈറസ് വ്യാപനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിത്.

ന്യൂയോര്‍ക് ഏതാനും ആഴ്ചകള്‍ കൊണ്ട് തന്നെ അമേരിക്കയിലെ കോവിഡ് ഹോട്‌സ്‌പോട്ട് ആയി മാറി. ഒരു ലക്ഷത്തിലധികം കേസുകള്‍, അതായത്, ലോകത്തിലെ തന്നെ പത്തിലൊന്ന് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ന്യൂയോര്‍ക്കില്‍ നിന്ന് മാത്രമാണ്. അസംഖ്യം വിദേശ യാത്രികര്‍ ദിനംപ്രതി എത്തിച്ചേര്‍ന്നിരുന്ന നഗരമാണ് ന്യൂയോര്‍ക്. രോഗവിത്തുകള്‍ പല വഴികളിലൂടെ ഒരേസമയം തന്നെ എത്തിച്ചേര്‍ന്നിരിക്കാന്‍ എല്ലാ സാധ്യതയുമുള്ള നഗരം. മറ്റു മിക്ക അമേരിക്കന്‍ സ്റ്റേറ്റുകളെക്കാളും ജനസാന്ദ്രതയും കൂടുതലാണ് ഇവിടെ. രോഗം പിടിച്ചു കെട്ടുന്നതില്‍ തിരക്കുള്ള ഇവിടത്തെ നഗരങ്ങളും തെരുവുകളില്‍ കഴിയുന്ന ആയിരക്കണക്കിനാളുകളും ഉയര്‍ത്തിയിരുന്ന വെല്ലുവിളികളും ചെറുതായിരുന്നില്ല. പൊതുവില്‍ ജപ്പാനെയോ ഇറ്റലിയടങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങളെയോ താരതമ്യം ചെയ്യുമ്പോള്‍ പ്രായം കുറഞ്ഞ ജനതയാണ് അമേരിക്കയിലുള്ളത്. എന്നാല്‍, ജീവിത ശൈലീ രോഗങ്ങള്‍ താരതമ്യേന കൂടുതലാണ് അമേരിക്കന്‍ ജനതയില്‍. പ്രമേഹവും രക്താതി സമ്മര്‍ദവും ഹൃദയ സംബന്ധമായ രോഗങ്ങളും വലിയ അളവിലുള്ള ഇവിടുത്തെ ജനങ്ങളില്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണവും വര്‍ധിച്ചു വരുന്നതായി കാണുന്നു.

ആഗോള കോവിഡ് ബാധിതരുടെ എണ്ണം 2,80,00,000 പിന്നിട്ടതോടെയാണ് യുഎന്‍ നിരീക്ഷണമെന്നതും ശ്രദ്ധേയമാണ്. കോവിഡ് ബാധ മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 916,000 പിന്നിട്ടിരിക്കുകയാണ്. 70,00,000 സജീവ കേസുകളാണ് ലോകമെമ്പാടും നിലവിലുള്ളത്.

കോവിഡിന് ശേഷമുള്ള കാലം എന്തായിരിക്കുമെന്ന ചര്‍ച്ചകളും ആഗോള തലത്തില്‍ തന്നെ വ്യാപകമായി നടക്കുന്നുണ്ടെന്നും കോവിഡിനു മുമ്പും ശേഷവും ഒരുപോലെയാവില്ലെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്നും ഫൗസി പറഞ്ഞു. ‘അതിരൂക്ഷമായ തൊഴിലില്ലായ്മയും ഭക്ഷ്യ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും ലോകമനുഭവിക്കുമെന്നുറപ്പ്. വിമാനം കയറി വന്ന ഈ രോഗത്തിന്റെ ഏറ്റവും വലിയ കെടുതികള്‍ അനുഭവിക്കാന്‍ പോകുന്നത് സ്വന്തമായി സൈക്കിള്‍ പോലുമില്ലാത്തവരുമായിരിക്കും. ഏറ്റവും പ്രസക്തമായ വിഷയം ഈ മഹാ ദുരന്തത്തില്‍ നിന്നെങ്കിലും മനുഷ്യര്‍ പാഠം പഠിക്കാന്‍ തയാറാകുമോ എന്നതാണ്. ഏറ്റവും ചുരുങ്ങിയ പക്ഷം അതിര്‍ത്തികള്‍ക്കൊന്നും ഒരര്‍ത്ഥവുമില്ല എന്ന് മനസ്സിലാക്കാനും യുദ്ധത്തിനും യുദ്ധഭീഷണിക്കുമായി കോടികള്‍ ചെലവഴിക്കുന്നത് അവസാനിപ്പിക്കാനും പ്രകൃതിക്കും പരിസ്ഥിതിക്കും മറ്റു ജീവജാലങ്ങള്‍ക്കുമെതിരെ നടത്തുന്ന കടന്നാക്രമണങ്ങള്‍ നിയന്ത്രിക്കാനും വംശീയതയുടെയും വര്‍ഗീയതയുടെയും മറ്റും പേരിലുള്ള യുദ്ധങ്ങള്‍ക്കറുതി വരുത്താനുമെങ്കിലും തയാറാകുമോ? അതിന്റെ ഉത്തരങ്ങളിലായിരിക്കും കോവിഡിനെ അതിജീവിച്ചാല്‍ തന്നെ മനുഷ്യ സമൂഹത്തിന്റെ ഭാവി’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഫോട്ടോ: