ഷാര്‍ജ വ്യവസായ മേഖല-5ല്‍ നാലു വെയര്‍ ഹൗസുകള്‍ കത്തി നശിച്ചു

ഗഫൂര്‍ ബേക്കല്‍
ഷാര്‍ജ: ഷാര്‍ജ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം. ലക്ഷങ്ങളുടെ നാശ നഷ്ടം. നാലു വെയര്‍ ഹൗസുകള്‍ പൂര്‍ണമായും അഗ്‌നി വിഴുങ്ങി. ഒരു വെയര്‍ ഹൗസിന് ഭാഗിക നാശനഷ്ടം.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഷാര്‍ജ വ്യവസായ മേഖല-5ല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപമാണ് തീപിടിത്തമുണ്ടായ വെയര്‍ ഹൗസുകള്‍. സംഭവ സ്ഥലത്ത് തൊഴിലാളികളും ഇടപാടുകാരുമായി നിരവധി പേര്‍ ഉണ്ടായിരുന്നുവെങ്കിലും തീ പിടുത്ത സൂചന പ്രകടമായ ഉടന്‍ എല്ലാവരും പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.
വാഹനങ്ങളുടെ യൂസ്ഡ് സ്‌പെയര്‍ പാര്‍ട്‌സുകള്‍, എഞ്ചിന്‍ ഓയില്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ശേഖരിച്ച വെയര്‍ ഹൗസുകളിലാണ് തീപിടിത്തമുണ്ടായത്. വാഹനങ്ങളുടെ യന്ത്ര ഭാഗങ്ങളും വെയര്‍ ഹൗസുകളോട് ചേര്‍ന്ന് സൂക്ഷിച്ചിരുന്നു. ഈ ഭാഗങ്ങളില്‍ നിരവധി വാഹനങ്ങളും പാര്‍ക്ക് ചെയ്തിരുന്നു. ഇത് തീ വേഗത്തില്‍ പടര്‍ന്നു പിടിക്കാന്‍ കാരണമായി. നാലു വെയര്‍ ഹൗസുകള്‍ മുഴുവനായും ചാരമായി. വെയര്‍ ഹൗസിനകത്ത് സൂക്ഷിച്ചിരുന്ന വില്‍പന സാധനങ്ങളും എയര്‍ കണ്ടീഷന്‍ പോലുള്ള വസ്തുക്കളും കത്തി നശിച്ചു. പൊടിപടലങ്ങളും പുകയും അസാധാരണമാം വിധം ഉയര്‍ന്നു പൊങ്ങിയതിനാല്‍ ഈ ഭാഗത്ത് ഇരുട്ട് മൂടിയ പ്രതീതി ആയിരുന്നു. പലപ്പോഴും പൊട്ടിത്തെറി ശബ്ദവും കേള്‍ക്കാനിടയായെന്നും സമീപവാസികള്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. ഇത് പരിസരത്തുള്ളവരില്‍ ആശങ്ക പരത്താന്‍ കാരണമായി.
വിവരമറിഞ്ഞ് അപകട സ്ഥലത്തേക്ക് എത്തിയ പൊലീസ്, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഈ ഭാഗങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. തീ കൂടുതല്‍ വെയര്‍ ഹൗസുകളിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു. മണിക്കൂറുകള്‍ നീണ്ട കഠിന പ്രയ്തനങ്ങള്‍ക്കൊടുവിലാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനായത്.