യുഎഇയില്‍ 786 പേര്‍ക്ക് കോവിഡ് -കഴിഞ്ഞ ദിവസം 92,912 പരിശോധനകള്‍

    ദുബൈ: യുഎഇയില്‍ കോവിഡ് വൈറസ് ബാധ കുറഞ്ഞില്ല. ഇന്നലെ 786 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 82.568 ആയി. ഇതില്‍ 72,117 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനകം 92,912 കോവിഡ് ടെസ്റ്റുകളാണ് യുഎഇയില്‍ നടത്തിയത്. ലോകത്ത് തന്നെ ആളോഹരി ശരാശരിയില്‍ ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയത് യുഎഇയിലാണ്. ഇതിനകം 8.4 മില്യന്‍ പരിശോധനകള്‍ നടത്തി. ജൂലൈ അവസാനത്തോടെ യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു. ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ രോഗബാധിതരുടെ എണ്ണം 164 ആയി കുറഞ്ഞിരുന്നു. പിന്നീട് ഓരോ ദിവസവും കൂടി വരുന്ന കാഴ്ചയായിരുന്നു. സെപ്തംബര്‍ 12 ന് ഏറ്റവും വലിയ എണ്ണം റിപ്പോര്‍ട്ട് ചെയ്തു. 1007 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ സാഹചര്യത്തില്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. സാമൂഹ്യ കൂട്ടായ്മകളും വിവാഹസല്‍ക്കാര പരിപാടികളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത നടപടികളുമാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്ന് ആരോഗ്യ വകുപ്പും വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ ആരോഗ്യ സുരക്ഷ പാലിക്കാതെ രാജ്യത്ത് നടന്ന വിവാഹ സല്‍ക്കാരങ്ങള്‍ക്കെതിരെ നിരവധി കേസുകളാണ് ഇതിനകം എടുത്തിട്ടുള്ളത്. വരനടക്കം ബന്ധുക്കളില്‍ നിന്നും പിഴ ഈടാക്കി. മാത്രമല്ല വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കും പിഴ ചുമത്തി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. കോവിഡ് സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാത്ത ബിസിനസ് സ്ഥാപനങ്ങള്‍ക്കെതിരെയും മറ്റും കനത്ത പിഴ ചുമത്തുന്നതിന് പുറമെ പല സ്ഥാപനങ്ങളും അധികൃതര്‍ അടപ്പിച്ചു. ദുബൈ എക്കണോമിയുടെ ഉദ്യോഗസ്ഥര്‍ ഓരോ സ്ഥാപനങ്ങളിലും കയറിയിറങ്ങി പരിശോധിക്കുന്നുണ്ട്. മറ്റു എമിറേറ്റുകളില്‍ നിന്നും അബുദാബിയിലേക്ക് പ്രവേശിക്കാന്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. മാത്രമല്ല മറ്റു രാജ്യങ്ങളില്‍ നിന്നും അബുദാബിയിലേക്ക് പ്രവേശിച്ചാല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. കോവിഡിന് ശേഷം ദുബൈ സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. വിനോദസഞ്ചാരികള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷാസംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. നിയമലംഘനങ്ങള്‍ കണ്ടാല്‍ ദുബൈ കണ്‍സ്യൂമറില്‍ അറിയാക്കാന്‍ നിര്‍ദേശമുണ്ട്-600545555.