അബുദാബിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

    ദുബൈ: അബുദാബിയില്‍ രണ്ട് ബസ്സുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ സൈഹ് ശുഐബ് ട്രക്ക് റോഡിലായിരുന്നു അപകടം. ഒരു ബസ്സിലെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചത്. രണ്ട് ബസ്സുകളും സൈഹ് ശുഐബ് റോഡില്‍ അല്‍ഫയാ ഏരിയയിലേക്ക് പോവുകയായിരുന്നു. രാവിലെ കനത്ത മൂടല്‍മഞ്ഞില്‍ നേരിട്ടുള്ള കാഴ്ച കുറവായിരുന്നു. മറ്റൊരു സംഭവത്തില്‍ ഒട്ടക കൂട്ടത്തിലേക്ക് ബസ് ഇടിച്ചു കയറി. നഹേല്‍ ഏരിയിയലുണ്ടായ അപടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇവിടെയും ശക്തമായ മൂടല്‍മഞ്ഞില്‍ ഡ്രൈവര്‍ക്ക് ഒട്ടകകൂട്ടത്തെ കാണാനായില്ല. കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ശക്തമായ മൂടല്‍മഞ്ഞുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. മൂടല്‍ മഞ്ഞുള്ള സമയങ്ങളില്‍ വേഗത പരമാവധി കുറക്കണമെന്നും നിയന്ത്രണമുണ്ടാവണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച രാവിലെ കനത്ത മൂടല്‍മഞ്ഞില്‍ എമിറേറ്റ്‌സ് റോഡില്‍ ഷാര്‍ജ ഭാഗത്ത് 21 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അബുദാബി, ദുബൈ, ഷാര്‍ജ, അജ്്മാന്‍, റാസല്‍ഖൈമ തുടങ്ങിയ എമിറേറ്റുകളില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. പലയിടത്തും 50 മീറ്റര്‍ വരെ മാത്രമാണ് കാഴ്ചയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ വിഭാഗം ചൂണ്ടിക്കാട്ടി. രാവിലെയും രാത്രികാലങ്ങളിലും വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.