അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിത മേഖല- സഞ്ചാരികളേ ഇതിലെ ഇതിലെ…

    8
    യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡെപ്യുട്ടി സുപ്രീം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്്‌യാനും ലൗവ്‌റെ അബുദാബിയുടെ ഉദ്ഘാടന വേളയില്‍ 2017ല്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍

    ദുബൈ: കോവിഡ് വെല്ലുവിളികള്‍ക്ക് ശേഷം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ വരവേല്‍ക്കാനായ അബുദാബി ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ താമസസ്ഥലവും വിനോദസഞ്ചാര കേന്ദ്രവുമായി അബുദാബി വളര്‍ന്നതായി ടൂറിസം വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍മുബാറക് പറഞ്ഞു. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ആറുമാസത്തിനുള്ളില്‍ ആദ്യമായി വിദേശ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നതിന് എമിറേറ്റ് അര്‍ഹത നേടിയെന്ന് അബുദാബി ടൂറിസം മേധാവി പറഞ്ഞു. രാജ്യത്തിന്റെ തലസ്ഥാന നഗരിയെന്ന നിലയിലുള്ള പ്രാധാന്യം നിലനിര്‍ത്താന്‍ പൊതുജനങ്ങളുടെ സുരക്ഷക്കാണ് മുഖ്യ പ്രാധാന്യം നല്‍കിയിരുന്നത്. വിജയകരമായ ടൂറിസം വ്യവസായം സമ്പദ്വ്യവസ്ഥയുടെ മൂലക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരികള്‍ക്ക് അബുദാബിയിലേക്ക് എത്തുന്നതിന് വീണ്ടും വിസ അനുവദിച്ചുകൊണ്ടുള്ള അറിയിപ്പില്‍ അല്‍ മുബാറക് പ്രത്യാശ പ്രകടിപ്പിച്ചു. ഈ നടപടി രാജ്യത്തിന്റെ ടൂറിസം മേഖലയുടെയും സമ്പദ്വ്യവസ്ഥയുടെയും വീണ്ടെടുക്കല്‍ പദ്ധതികളെ പിന്തുണയ്ക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാമ്പത്തിക വികസനത്തിന്റെ മൂലക്കല്ലുകളിലൊന്നാണ് ടൂറിസം. അതിനാലാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സര്‍ക്കാര്‍ നടപ്പാക്കിയ വിജ്ഞാന സമ്പദ്വ്യവസ്ഥ തന്ത്രങ്ങള്‍ക്ക് അനുസൃതമായി അബുദാബി എമിറേറ്റില്‍ ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിച്ചത്. എന്നാല്‍
    കൊറോണ വൈറസിന്റെ വ്യാപനം ലോകമെമ്പാടുമുള്ള ടൂറിസം വ്യവസായത്തെ ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാര മേഖലക്ക് ഊന്നല്‍ കൊടുക്കുന്നതോടൊപ്പം പ്രാദേശിക സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും നിലനിര്‍ത്തേണ്ടിയിരിക്കുന്നു. ഈ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് നൂതനമായ പരിഹാരങ്ങളും തന്ത്രങ്ങളും ഉപയോഗിച്ച് ഈ വെല്ലുവിളികളെ സമീപിക്കേണ്ടതുണ്ട്. അത് അബുദാബി എല്ലായ്‌പ്പോഴും മുന്‍ഗണന നല്‍കുന്ന കാര്യമാണ്. വിവിധ പശ്ചാത്തലങ്ങളില്‍ നിന്നും വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിഭകളുടെ നിരവധി സാംസ്‌കാരിക, പൈതൃക പരിപാടികള്‍ വികസിപ്പിക്കാനും ഈ കാലയളവില്‍ കഴിഞ്ഞു. കൂടാതെ യാത്രാനിയന്ത്രണങ്ങള്‍ക്കിടയിലും നിരവധി വര്‍ച്വല്‍ അനുഭവങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞു. കോവിഡ്-19 നിടയിലും സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളില്‍ പ്രധാന ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നത് പ്രധാനമാണെന്ന് അല്‍ മുബാറക് പറഞ്ഞു. ഈ നവീകരണത്തിലൂടെയും പ്രതിബദ്ധതയിലൂടെയും ആഗോളതലത്തില്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ തിളക്കമാര്‍ന്ന മാതൃക സൃഷ്ടിക്കുന്നതില്‍ യുഎഇ വിജയിച്ചു. ഈ കാലയളവില്‍ ടൂറിസം മേഖലയെ പിന്തുണയ്ക്കുന്നതിനായി നിരവധി സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അബുദാബിയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നായി മാറ്റുന്നതിനായി മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അബുദാബിയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് സാംസ്‌കാരിക, ടൂറിസം വകുപ്പ് അണ്ടര്‍സെക്രട്ടറി സഊദ് അല്‍ ഹൊസാനി പറഞ്ഞു. കര്‍ശന നടപടികളും സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നടപ്പിലാക്കി ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. യുഎഇയില്‍ ടൂറിസം വീണ്ടും തുറക്കുന്നതോടെ സന്ദര്‍ശകരുടെയും താമസക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ അബുദാബിയെ സുരക്ഷിത ലക്ഷ്യസ്ഥാനമായി ഉയര്‍ത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വൈവിധ്യമാര്‍ന്ന പ്രകൃതിദൃശ്യങ്ങളും പരിതസ്ഥിതികളുമുള്ള വൈവിധ്യമാര്‍ന്ന ലക്ഷ്യസ്ഥാനമാണ് അബുദാബി. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതിനായി ഈ കമ്മ്യൂണിറ്റികളിലെ ലക്ഷ്യസ്ഥാനങ്ങള്‍ വികസിപ്പിക്കുന്നതിനായി നിലവില്‍ പ്രവര്‍ത്തിക്കുന്നു. അബുദാബി എമിറേറ്റില്‍ അടുത്ത കാലത്ത് വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിച്ച ലൗവ്‌റെ അബുദാബി അടക്കമുള്ള നിരവധി മ്യൂസിയങ്ങളും മറ്റും ടൂറിസ്റ്റ് ആകര്‍ഷക കേന്ദ്രങ്ങളും കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയായിരുന്നു. ലൗവ്‌റെ അബുദാബി നവംബറില്‍ വീണ്ടും വിനോദസഞ്ചാരികള്‍ക്കായി തുറക്കുകയാണ്. സാദിയാത്ത് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ലൗവ്‌റെ അബുദാബി അറബ് മേഖലയിലെ ഏറ്റവും വലിയ ആര്‍ട്ട് മ്യൂസിയമാണ്. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും കലയും സംസ്‌കാരവും സമന്വയിപ്പിച്ചുകൊണ്ടുള്ള ലോകോത്തര മ്യൂസിയം തുറക്കുന്നത് 2017 നവംബറിലാണ്.

    അബുദാബി ടൂറിസം വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍മുബാറക്