ഉമ്മന്‍ ചാണ്ടിയുടെ സാമാജികത്വത്തിന്റെ സുവര്‍ണ ജൂബിലിയില്‍ പങ്കെടുക്കാനാവാത്ത സങ്കടം മകള്‍ അച്ചു തീര്‍ത്തത് നിര്‍ധനര്‍ക്കുള്ള സൗജന്യ മെഡി.ക്യാമ്പിലൂടെ

21
ഇന്‍കാസ് യുഎഇ കമ്മിറ്റി ഒരുക്കിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത അച്ചു ഉമ്മനൊപ്പം ഇന്‍കാസ് നേതാക്കളായ ടി.എ രവീന്ദ്രന്‍, പുന്നക്കന്‍ മുഹമ്മദലി, ഇ.പി ജോണ്‍സണ്‍, അഡ്വ. വൈ എ റഹീം, നദീര്‍ കാപ്പാട്, നസീര്‍ മുറ്റിച്ചൂര്‍, ഷാജി ഷംസുദ്ദീന്‍, സി.പി ജലീല്‍, അബ്ദുല്‍ മനാഫ്, മജീദ് തുടങ്ങിയവര്‍

ഷാര്‍ജ: കേരള നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കോട്ടയത്തെ പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ സങ്കടം മകള്‍ തീര്‍ത്തത് പിതാവിന്റെ പേരില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത്. ഇന്‍കാസ് യുഎഇ കമ്മിറ്റി ആഭിമുഖ്യത്തില്‍ മകള്‍ അച്ചു ഉമ്മനാണ് ഷാര്‍ജ റോള മാളിലെ അല്‍സഹാ അല്‍ഷിഫാ പോളി ക്‌ളിനിക്കില്‍ ഒരുക്കിയ ക്യാമ്പിന് കേക്ക് മുറിച്ച് തുടക്കം കുറിച്ചത്.
അച്ചുവിന്റെ സഹോദരങ്ങളായ മറിയവും ചാണ്ടിയുമെല്ലാം കോട്ടയത്തെ പൊതുചടങ്ങില്‍ പങ്കെടുത്തപ്പോള്‍ കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ മൂലം അച്ചുവിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ആ സങ്കടമാണ് പിതാവിന്റെ പേരിലുള്ള പുണ്യ പ്രവൃത്തിയിലൂടെ തീര്‍ക്കാനായതെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു.
മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കായിരുന്നു ആരോഗ്യ പരിശോധന നല്‍കിയത്. ദുബൈ, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ എമിറേറ്റുകളില്‍ ഇത്തരത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചെന്ന് ഇന്‍കാസ് യുഎഇ ആക്ടിംഗ് പ്രസിഡണ്ട് ടി.എ രവീന്ദ്രനും ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയും പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ.പി ജോണ്‍സണ്‍, ഷാര്‍ജ ഇന്‍കാസ് പ്രസിഡണ്ട് അഡ്വ. വൈ എ റഹീം, ദുബൈ ഇന്‍കാസ് പ്രസിഡണ്ട് നദീര്‍ കാപ്പാട്, അജ്മാന്‍ ഇന്‍കാസ് പ്രസിഡണ്ട് നസീര്‍ മുറ്റിച്ചൂര്‍, മെഡിക്കല്‍ ക്യാമ്പ് ചീഫ് കോഓര്‍ഡിനേറ്റര്‍ ഷാജി ഷംസുദ്ദീന്‍, സി.പി ജലീല്‍, അബ്ദുല്‍ മനാഫ്, മജീദ് നേതൃത്വം നല്‍കി.