കോവിഡ് നിബന്ധനകള്‍ ലംഘിച്ച കാല്‍ ലക്ഷം പേര്‍ക്കെതിരെ നടപടിയെടുത്തു

81 ശതമാനവും ഏഷ്യന്‍ വംശജര്‍

റസാഖ് ഒരുമനയൂര്‍
അബുദാബി: കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യുഎഇ കര്‍ശനമായി നടപ്പാക്കിയ നിബന്ധനകള്‍ ലംഘിച്ച കാല്‍ ലക്ഷത്തോളം പേര്‍ക്കെതിരെ നടപടിയെടുത്തതായി ദേശീയ അടിയന്തിര ദുരന്ത നിവാരണ വിഭാഗം വ്യക്താക്കി. സെപ്തംബ ര്‍ ഒന്നു മുതല്‍ 15 വരെയുള്ള രണ്ടാഴ്ചക്കിടെ 24,894 പേര്‍ക്കെതിരെയാണ് വിവിധ എമിറേറ്റുകളില്‍ നടപടിയെടുത്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കെതിരെ നടപടി സ്വീകരിച്ചത് ദുബൈയിലും ഏറ്റവും കുറവ് റാസല്‍ഖൈമയിലുമാണ്.
യഥാക്രമം അബുദാബി, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ എന്നിങ്ങനെയാണ് നിബന്ധനകള്‍ ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുത്ത മറ്റു എമിറേറ്റുകള്‍. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ കരുതലുകള്‍ സ്വീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ദേശീയ അടിയന്തിര ദുരന്ത നിവാരണ വിഭാഗം വക്താവ് ഡോ. സെയ്ഫ് അല്‍ദാഹിരി വ്യക്തമാക്കി. നിബന്ധനകള്‍ ലംഘിച്ചവരില്‍ 81 ശതമാനവും ഏഷ്യന്‍ വംശജരാണ്. തൊട്ടുപിന്നില്‍ അറബ് വംശജരാണെന്ന് ഇതുസംബന്ധിച്ച കണക്കുകള്‍ പറയുന്നു.
മാസ്‌ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുത്തത്. വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതില്‍ കൂടുതല്‍ പേരെ കയറ്റിയതാണ് നടപ ടിക്ക് കാരണമായി കൂടുതല്‍ കണ്ടെത്തിയ മറ്റൊരുകാര്യം. സെപ്റ്റംബര്‍ 23 വരെയുള്ള ദിവസങ്ങളില്‍ നടന്ന അഞ്ചുലക്ഷം കോവിഡ് പരിശോധനകളില്‍ 6,643 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയതെന്ന് ഡോ. ഉമര്‍ അല്‍ഹമ്മാദി പറഞ്ഞു. ഇതു വരെ റിപ്പോര്‍ട്ട് ചെയ്തതില്‍ 68 ശതമാനവും പുരുഷന്മാരാണ്. 32 ശതമാനം മാത്രമാണ് സ്ത്രീകളില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരില്‍ കൂടുതലും 25 മുതല്‍ 44 വയസ് വരെ പ്രായമുള്ളവരാണ്.
കോവിഡ് 19നെ പ്രതിരോധിക്കാന്‍ ശക്തമായ നിബന്ധനകളുമായാണ് യുഎഇ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇത്തരം കര്‍ശന നിലപാടാണ് രോഗം നിയന്ത്രണ വിധേയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതെന്നതില്‍ സംശയമില്ല. വിവിധ എമിറേറ്റുകളിലായി 90,000 പേര്‍ക്ക് വരെ പരിശോധനകള്‍ നടന്ന ദിവസങ്ങളുണ്ട്.